...
Home News National ഗാന്ധിജി ഹിറ്റ്ലര്‍ക്ക് ഒരു കത്തെഴുതുന്നത് ചിന്തിക്കാനാവുമോ; അങ്ങനെ സംഭവിച്ചിട്ടുണ്ട്

ഗാന്ധിജി ഹിറ്റ്ലര്‍ക്ക് ഒരു കത്തെഴുതുന്നത് ചിന്തിക്കാനാവുമോ; അങ്ങനെ സംഭവിച്ചിട്ടുണ്ട്

രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയും ചുറ്റുമുള്ളതിനെ കുറിച്ച് ആശങ്കപ്പെടുന്നവരുമാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികരിച്ചു കൊണ്ട് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് തുറന്ന കത്ത് അയക്കുന്നത്

242

| ബിനുരാജ്

ഗാന്ധിജി ഹിറ്റ്ലര്‍ക്ക് ഒരു കത്തെഴുതുന്നത് ചിന്തിക്കാനാവുമോ? രണ്ടാം ലോകമഹായുദ്ധ കാലത്ത് അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് പോലും ചിന്തിക്കാനാവില്ല താന്‍ ഹിറ്റ്ലര്‍ക്ക് കത്തെഴുതുന്നത്. അത് കൊണ്ടാവാം അത്രമേല്‍ വിനയം നിറഞ്ഞ ഭാഷയായിരുന്നു യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ആ കത്തിന്. താങ്കള്‍ക്ക് കത്തെഴുതാന്‍ എന്നെ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നു. അത് മര്യാദകേട് ആയിരിക്കുമെന്ന് കരുതി ഞാന്‍ എഴുതാതെ ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് ഗാന്ധിജി കത്ത് തുടങ്ങുന്നത് തന്നെ.

പ്രതിഷേധത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി തീര്‍ന്ന ചില തുറന്ന കത്തുകളുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കത്ത് അത്തരത്തില്‍ ഒന്നാണ്. വംശീയതയ്ക്ക് എതിരെ പ്രതികരിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ട മാര്‍ട്ടിന്‍ ലൂഥര്‍ 1963 ഏപ്രില്‍ 16ന് ബര്‍മിംഗ്ഹാം തടവറയില്‍ നിന്നും അയച്ച കത്ത് ഏറെ പ്രസിദ്ധമാണ്. ലോകത്ത് എവിടെയുള്ള അനീതിയും നീതിക്ക് ഭീഷണിയാണെന്ന പ്രസിദ്ധമായ വാചകം ഈ കത്തിലാണ് ഉള്ളത്. അമേരിക്കന്‍ പൗരാവകാശ മുന്നേറ്റത്തിന്റെ പ്രധാന പ്രചാരണായുധമായി ഈ കത്ത് മാറിയിരുന്നു.

J’Accuse…! എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പ്രസിദ്ധമായ തുറന്ന കത്ത് എഴുതിയത് ഫ്രഞ്ച് എഴുത്തുകാരനായ എമിലി സോളയാണ്. ഞാന്‍ കുറ്റപ്പെടുത്തുന്നു എന്നാണ് ഈ തലക്കെട്ടിന്റെ അര്‍ത്ഥം. ആല്‍ഫ്രഡ് ഡ്രെഫ്യൂസ് എന്ന ഫ്രഞ്ച് ജനറലിനെ ചാരവൃത്തി ആരോപിച്ച് നിയമവിരുദ്ധമായി ആജീവനാന്തം തടവിലിട്ടതിന് എതിരെയായിരുന്നു സോളയുടെ കത്ത്.

സമകാലിക ഇന്ത്യയിലും ചില തുറന്ന കത്തുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൂള്‍ കിറ്റ് കേസില്‍ ദിഷ പതാനിയെ അന്യായമായി അറസ്റ്റ് ചെയ്തതിന് എതിരെ പല കുട്ടികളുടെയും അച്ഛനമ്മമാര്‍ ഉള്‍പ്പെട്ട 230 പേര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും സാമ്പത്തിക പ്രതിസന്ധിയും അതിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തണുപ്പന്‍ പ്രതികരണവും ചൂണ്ടിക്കാട്ടി 2021 മെയില്‍ സിവില്‍ സര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥരായ 115 പേര്‍ പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തും ശ്രദ്ധേയമാണ്.

രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയും ചുറ്റുമുള്ളതിനെ കുറിച്ച് ആശങ്കപ്പെടുന്നവരുമാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികരിച്ചു കൊണ്ട് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് തുറന്ന കത്ത് അയക്കുന്നത്.
ഗാന്ധിജിയുടെ കത്ത് കിട്ടിയപ്പോള്‍ തുറന്ന കത്ത് അല്ലേ, അത് വേറെ ആര്‍ക്കെങ്കിലുമാകും എന്ന് പറഞ്ഞ് ഹിറ്റ്ലര്‍ അവഗണിച്ചിട്ടുണ്ടാവും. മോഡിയും അത് തന്നെയാവും ചെയ്തിരിക്കുക എന്ന് ഇതിനോടകം നമുക്ക് ബോധ്യമായതാണ്. ചരിത്രത്തില്‍ കത്ത് കിട്ടുന്നവരല്ല, കത്ത് എഴുതുന്നവരാണ് ശരിയായ രീതിയില്‍ ഓര്‍മ്മിക്കപ്പെടുക.

ഇപ്പോള്‍ കത്തുകള്‍ വലിച്ചു കീറി ചവറ്റു കുട്ടയില്‍ ഇടാാനാവില്ല. കാരണം ഇ-മെയില്‍ വഴിയാണല്ലോ അയക്കുക. ഡിലീറ്റ് ചെയ്യാം, പിന്നീട് ട്രാഷ് എന്ന ചവറ്റു കുട്ട ശൂന്യമാക്കുകയും ചെയ്യാം. പക്ഷേ ജനങ്ങളുടെ മനസില്‍ നിന്നും കത്തിലെ ഉള്ളടക്കം മായ്ച്ചു കളയാനാകുമോ? അങ്ങനെ മായ്ക്കാന്‍ ശ്രമിക്കുന്നവരാവില്ലേ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുക?

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.