...
Home News Kerala കെ റെയിൽ സമരത്തിലെ ബിജെപി – കോൺഗ്രസ്സ് രാഷ്ട്രീയം

കെ റെയിൽ സമരത്തിലെ ബിജെപി – കോൺഗ്രസ്സ് രാഷ്ട്രീയം

കേന്ദ്ര സർക്കാരിന്റെ അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിൽ, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ നട്ടം തിരിയുമ്പോഴും യു ഡി എഫ് കെ റെയിലിനെതിരെ തീവ്രവാദസംഘടനകളെ കൂട്ടുപിടിച്ചു സമരാഭാസം നടത്തുകയാണ്

290

| സി സുരേഷ്

ബിജെപി യും കോൺഗ്രസ്സും ചേർന്ന് നടത്തുന്ന കെ റെയിൽ സമരാഭാസം അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ മാത്രം നീണ്ടുനിൽക്കുന്ന ഒന്നാണ്. ശബരിമല വിഷയം പോലെ കെ റെയിൽ സമരം കത്തിച്ചുനിർത്തി അതിൽനിന്നും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുകയാണ് രണ്ട് പാർട്ടികളുടെയും ലക്ഷ്യം. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സമരം ചെയ്തതും ജയിലിൽ കിടക്കേണ്ടിവന്നത് ബിജെപി സംഘപരിവാർ പ്രവർത്തകർ ആയിരുന്നു.

പക്ഷേ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസ്സും. അടികൊണ്ടത് മുഴുവൻ ബിജെപിയും ഗുണഫലം കിട്ടിയത് കോൺഗ്രസ്സിനും. അതിന്റെ പ്രത്യുപകാരം എന്ന നിലയിലാണ് കഴിഞ്ഞ നാലുവർഷവും പാർലമെന്റിൽ ‘കമാ’ എന്ന രണ്ടക്ഷരം 19 കോൺഗ്രസ്സ് എം പി മാർ ഉരിയാടാതിരുന്നതും, കേരളത്തിൽ ഒറ്റ യു ഡി എഫ് നേതാക്കൾ കേന്ദ്ര സർക്കാരിനെ വിമർശിക്കാത്തിരുന്നതും . ബിജെപി എന്ന പേരുപോലും പറയാൻ അവർ മടി കാണിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിൽ, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ നട്ടം തിരിയുമ്പോഴും യു ഡി എഫ് കെ റെയിലിനെതിരെ തീവ്രവാദസംഘടനകളെ കൂട്ടുപിടിച്ചു സമരാഭാസം നടത്തുകയാണ്. ബോംബും മണ്ണെണ്ണയും കുഞ്ഞുങ്ങളും സമരായുധമാക്കുന്നു. ബിജെപി ഒരുകാലത്തും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് അവർക്ക് നല്ലതുപോലെ അറിയാം. അതിനുള്ള വോട്ട് ഷെയർ അവർക്കില്ല. അപ്പൊ പിന്നേ ഖദർ വേഷമിട്ട ബിജെപി എം പി മാരെ പാർലമെന്റിൽ എത്തിക്കുക, കേന്ദ്ര സർക്കാരിന് തലവേദന ഉണ്ടാക്കാതിരിക്കുക എന്നതുമാത്രമാണ് ബിജെപി യുടെ രാഷ്ട്രീയ ലക്ഷ്യം.

ഇടതുമുന്നണി സ്ഥാനാർഥികൾ ജയിച്ചു ചെന്നാൽ അത് കേന്ദ്ര സർക്കാരിന് നിത്യം തലവേദനയാകും എന്നവർക്ക് നന്നായി അറിയാം. ഇതാണ് കെ റെയിൽ സമരത്തിലെ ബിജെപി കോൺഗ്രസ്സ് രാഷ്ട്രീയം. ഇതിനപ്പുറം ഒന്നുമില്ല. കെ റെയിൽ വരുന്നതുകൊണ്ടുള്ള ഗുണങ്ങൾ അവർക്ക് നല്ലതുപോലെ അറിയാം. കാരണം ഈ പദ്ധതി അവരുടേതായിരുന്നു. പക്ഷേ ശബരിമല വിഷയം പോലെ കെ റെയിൽ വിരുദ്ധ സമരം ക്‌ളച്ചുപിടിക്കില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.