| കെ സഹദേവന്
സാമാന്യ സാമ്പത്തിക മാതൃകകള്‍ക്ക്-പ്രത്യേകിച്ചും നിയോക്ലാസിക്കല്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍-കൂടുതല്‍ ഉത്പാദനം, കൂടുതല്‍ ഉപഭോഗം എന്നിവയെ അടിസ്ഥാനമാക്കി മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ എന്നതാണ് വസ്തുത. എന്നാല്‍ സമ്പദ്വ്യവസ്ഥയിലെ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും രേഖീയ പ്രവാഹം (linear flow) അഥവാ അവയുടെ ഏകദിശയിലേക്കുള്ള ഒഴുക്ക് അനന്തവും ക്രമാതീതവുമായ ഉത്പാദന പ്രക്രിയയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണക്കുകയില്ലെന്ന് കാണാം. ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ സമ്പദ്വ്യവസ്ഥയിലെ ഊര്‍ജ്ജ-ദ്രവ്യ പ്രവാഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഏതുവിധത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂം യഥാര്‍ത്ഥത്തില്‍ നടക്കുന്നത്, പദാര്‍ത്ഥങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്കുള്ള പരിവര്‍ത്തനങ്ങളാണ് എന്നത് സാമാന്യമായി നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ശേഖരണം, നിര്‍മ്മാണം, കടത്ത്, വിനിമയം തുടങ്ങി ഉത്പാദന-ഉപഭോഗ പ്രക്രിയകളിലെ എല്ലാ ഘട്ടങ്ങളിലും പദാര്‍ത്ഥങ്ങളുടെയും വലിയൊരളവില്‍ ഊര്‍ജ്ജത്തിന്റെയും രൂപപരിവര്‍ത്തനം നിരന്തരമായി സംഭവിക്കുന്നു.
ഭൗതിക നിയമങ്ങളേക്കാള്‍ ഗണിത നിയമങ്ങളെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന സാമ്പത്തിക മാതൃകകള്‍ ഈ പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഊര്‍ജ്ജ നഷ്ടത്തെ(dissipation)യോ പാരിസ്ഥിതിക പ്രശ്നങ്ങളെയോ ഗൗരവമായി പരിഗണിക്കുന്നില്ല. എന്നുമാത്രമല്ല, സമ്പദ്വ്യവസ്ഥയില് ധന (money)ത്തിന്റേതെന്ന പോലെ ഊര്‍ജ്ജത്തിന്റെയും പ്രവാഹം ചാക്രികത(circular flow)യെ അടിസ്ഥാനപ്പെടുത്തിയാണെന്ന തെറ്റുദ്ധാരണയും പുലര്‍ത്തിവരുന്നുണ്ട്.
താപഗതിക സിദ്ധാന്തങ്ങളിലെ അടിസ്ഥാന നിയമങ്ങള്‍ സാമ്പത്തിക സിദ്ധാന്തങ്ങളുമായി കൂട്ടിയിണക്കി മനസിലാക്കാന്‍ ശ്രമിക്കുന്നതില്‍ സംഭവിക്കുന്ന പരാജയമാണിതെന്ന് പ്രമുഖ രസതന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രെഡ്റിക് സോഡി വിശദീകരിക്കുന്നു. സോഡിയുടെ വിശദീകരണം ഇങ്ങിനെ: വിഭവ ശോഷണത്തിന്റെയും മലിനീകരണത്തിന്റെയും രൂപത്തില്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കുള്ള കാരണങ്ങളായി നമ്മുടെ മുന്നില്‍ എത്തുന്നത് തീര്‍ച്ചയായും മൂല്യത്തിന്റെ ചാക്രികതയല്ല, മറിച്ച് (ഊര്‍ജ്ജത്തിന്റെയും പദാര്‍ത്ഥങ്ങളുടെയും) രേഖീയ പ്രവാഹ (linear throughput)ങ്ങളാണ്.
സമ്പദ്വ്യവസ്ഥയ്ക്ക് ജൈവവ്യവസ്ഥയുമായുള്ള ബന്ധത്തെ സംബന്ധിച്ച പഠനം ചാക്രിക പ്രവാഹ മാതൃക (circular flow model)യെ അടിസ്ഥാനമാക്കി നടത്തുക എന്നത് അസാദ്ധ്യമാണ്. കാരണം, ചാക്രിക പ്രവാഹമെന്ന ഒറ്റപ്പെട്ട് (isolated) നില്ക്കുന്നതും സ്വയം പുതുക്കുന്നതും അകത്തേക്കും പുറത്തേക്കും ഉള്ള പ്രവാഹത്തെ അനുവദിക്കാത്തതും പുറത്തുനിന്നുള്ള യാതൊന്നുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ഒരു സംഗമബിന്ദു ഇല്ലാത്തതുമാണ്. എങ്കില്‍കൂടിയും സാമ്പത്തിക സിദ്ധാന്തങ്ങളില്‍ കേന്ദ്ര സ്ഥാനത്തു നില്‍ക്കുന്നത് ചാക്രിക പ്രവാഹം മാത്രമാണ്. ഊര്‍ജ്ജത്തിന്റെയും പദാര്‍ത്ഥത്തിന്റെയും രേഖീയ പ്രവാഹത്തെ സംബന്ധിച്ച കാഴ്ചപ്പാട് നിഴല്‍പോലെ അവ്യക്തമായി മാത്രം കാണുന്നവയാണ്” (Soddy, F., 1933).
സാമാന്യ സാമ്പത്തിക മാതൃകകളുടെ പരിമിതികളെ ജൈവഭൗതിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും അവയുടെ അനിവാര്യമായ തകര്‍ച്ചയെ പ്രവചന സ്വഭാവത്തോടെ വിലയിരുത്തുകയും ചെയ്ത ഫ്രെഡ്രറിക് സോഡി അടക്കമുള്ള വലിയൊരു വിഭാഗം ശാസ്ത്രജ്ഞര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്, സമ്പദ്വ്യവസ്ഥ എന്നത് വിശാലമായൊരു ജൈവവ്യവസ്ഥയുടെ ഉപവ്യവസ്ഥ (subsystem) മാത്രമാണ് എന്നാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണങ്ങളിലേക്ക് കടക്കും മുമ്പ് നിയോക്ലാസിക്കല്‍ സമ്പദ്വ്യവസ്ഥയ്ക്ക് ബാധയായി നില്ക്കുന്ന ഭൗതിക നിയമങ്ങളെയും ഊര്‍ജ്ജത്തിന്റെ പ്രവാഹത്തെയും സംബന്ധിച്ച് അടിസ്ഥാനപരമായ ബോദ്ധ്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം.
സമ്പദ്ശാസ്ത്രത്തിന്റെ വിശാല മേഖലകളെ താപഗതിക നിയമങ്ങളുടെ ചുറ്റുവട്ടത്തേക്ക് ചുരുക്കുകയല്ല, മറിച്ച് അവ തമ്മിലുള്ള പരസ്പര ബന്ധത്തെ കൂടുതല്‍ തെളിമയോടെ മനസിലാക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്. ഈയൊരുകാര്യം കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കുന്നതിനായി താപഗതിക നിയമങ്ങളെ (laws of thermodynamics) സംബന്ധിച്ച അടിസ്ഥാന ബോദ്ധ്യങ്ങള്‍ പ്രധാനമാണ്



