സാമ്പത്തിക രംഗത്തെ സഹകരണം ലക്ഷ്യമാക്കി ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ഇന്ന് നടന്ന വെര്‍ച്ച്വല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വ്യാപാരകാര്യ മന്ത്രി ഡാന്‍ ടെഹാനുമാണ് കരാറുകളില്‍ ഒപ്പിട്ടത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി സ്കോട് മോറിസണും യോഗത്തില്‍ സന്നിഹിതരായിരുന്നു. അവസാന ഒരു മാസത്തിനിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള തന്റെ മൂന്നാമത്തെ ആശയവിനിമയമാണിതെന്ന് കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് വ്യാപാര കരാറില്‍ ഒപ്പിട്ടതെന്നും ഇത് തെളിയിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം തന്നെ, പരസ്പരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രണ്ട് സമ്പദ്വ്യവസ്ഥകളിലും നിലനില്‍ക്കുന്ന വലിയ സാധ്യതകള്‍ക്ക് അടിവരയിട്ട മോദി, ഈ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ഈ കരാര്‍ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ചരിത്രപരവും വികസനപരവുമായ നിമിഷമാണിത്. കരാറിന്റെ അടിസ്ഥാനത്തില്‍ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്ക് സംഭാവന നല്‍കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിനോദസഞ്ചാരികള്‍ എന്നിവർക്ക് ഈ കരാർ ഗുണകരമാണ്. അടുത്തുതന്നെ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഓസ്ട്രേലിയയിലെ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി തന്റെ ആശംസകളും അറിയിച്ചു. അതേസമയം, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്ന് ഒപ്പുവെച്ച കരാറെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ പറഞ്ഞു.



