ഗൂഗിൾ ന്യൂസ് നൽകുന്ന സേവനങ്ങൾക്ക് റഷ്യ നിയന്ത്രണം ഏർപ്പെടുത്തി. റഷ്യൻ ജനറൽ പ്രോസിക്യൂട്ടർ ഓഫീസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് റഷ്യയിലെ മീഡിയ റെഗുലേറ്റർ ഏജൻസി റോസ്കോംനാഡ്സോറിൻറെ പ്രസ്താവനയിൽ പറയുന്നു.
ഉക്രൈനിൽ നടത്തുന്ന റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള “തെറ്റായ” വാർത്തകൾ ഉൾകൊള്ളിക്കുന്നു എന്ന് ആരോപിച്ചാണ് റഷ്യൻ സർക്കാർ ഏജൻസി ഗൂഗിൾ ന്യൂസിന് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗൂഗിളിൻറെ ന്യൂസ് അഗ്രിഗേറ്ററായ ഗൂഗിൾ ന്യൂസിൽ, ഉക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നടപടിയുമായി ബന്ധപ്പെട്ടുള്ള തെറ്റായ വിവരങ്ങളും അസത്യങ്ങളും അടങ്ങിയ നിരവധി മാധ്യമ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നും, അതിനാലാണ് ഗൂഗിൾ ന്യൂസിന് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് റഷ്യയിലെ മീഡിയ റെഗുലേറ്റർ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നത്.
അതേസമയം റഷ്യയിലെ ഗൂഗിൾ ന്യൂസ് ആപ്പും വെബ്സൈറ്റും ഉപയോഗിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. പക്ഷെ പൂർണ്ണമായ രീതിയിലുള്ള നിരോധനമല്ല ഗൂഗിള്‍ ന്യൂസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.



