...
Home News National ബിജെപിയുടെ ധൃതരാഷ്ട്രാലിംഗനം; മഹാരാഷ്ട്രയെ കാത്തിരിക്കുന്നത് ശിവസേനയെ ശിവസേന തന്നെ തോല്പിക്കുന്ന അവസ്ഥ

ബിജെപിയുടെ ധൃതരാഷ്ട്രാലിംഗനം; മഹാരാഷ്ട്രയെ കാത്തിരിക്കുന്നത് ശിവസേനയെ ശിവസേന തന്നെ തോല്പിക്കുന്ന അവസ്ഥ

ഏക്നാഥ് ഷിൻഡേയ്ക്ക് മുഖ്യമന്ത്രി പദം നൽകിയിരിക്കുന്നത് ശിവസേനയെ വളർത്താനല്ല. പിളർത്താനും ഇല്ലാതാക്കാനും മാത്രമാണ്. ഇതെല്ലാം ഷിൻഡേയ്ക്കുമറിയാം.

172

| എസ് സുധീപ്

ബിജെപിക്ക്‌ ശിവസേനയോട് ഇത്രമേൽ സ്നേഹമായിരുന്നെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പദം പങ്കു വയ്ക്കാനെങ്കിലും ബിജെപി തയ്യാറാകുമായിരുന്നു. സേതുവിന് എന്നും സേതുവിനോടു മാത്രമായിരുന്നു സ്നേഹമെന്നു കാലത്തിലെ സുമിത്ര പറയുന്നതു പോലെ ബിജെപിക്ക് എന്നും ബിജെപിയോടു മാത്രമാണു സ്നേഹം.

ഏക്നാഥ് ഷിൻഡേയ്ക്ക് മുഖ്യമന്ത്രി പദം നൽകിയിരിക്കുന്നത് ശിവസേനയെ വളർത്താനല്ല. പിളർത്താനും ഇല്ലാതാക്കാനും മാത്രമാണ്. ഇതെല്ലാം ഷിൻഡേയ്ക്കുമറിയാം. എന്നിട്ടുമെന്തിനാണ് ബിജെപിയുടെ/അമിത് ഷായുടെ/ഫഡ്നാവിസിന്റെ ധൃതരാഷ്ട്രാലിംഗനത്തിനു ഷിൻഡേ വഴങ്ങിക്കൊടുത്തിരിക്കു ന്നതെന്നു ചോദിച്ചാൽ… തനിക്കും കൂടെ നിൽക്കുന്നവർക്കും തലമുറകൾ കഴിയാനുള്ളതു മുൻകൂറായി കിട്ടിയാൽ പണത്താലും അധികാരത്താലും നയിക്കപ്പെടുന്ന ആർക്കും പുളിക്കില്ലല്ലോ.

ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും കേന്ദ്ര ഭരണകൂടം ഉപയോഗിക്കാവുന്ന ഇ ഡി അന്വേഷണങ്ങളുടെ വാൾ മുന തങ്ങളുടെ തലയ്ക്കു മുകളിലുമുണ്ടെന്ന അറിവ്. മറുകണ്ടം ചാടിയാൽ രക്ഷ. ഷിൻഡേയുടെ മുഖ്യമന്ത്രി പദത്തിന് വലിയ ആയുസൊന്നുമില്ലെന്ന് ഷിൻഡേയ്ക്കറിയാം. മറുകണ്ടം ചാടിയിട്ട് മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിൽ ശിവസൈനികരോടു പറയാൻ ഒരു ന്യായവും ഷിൻഡേയ്ക്കു ബാക്കിയുണ്ടാവുമായിരുന്നില്ല.

ശിവസേനയ്ക്ക് അഥവാ ഷിൻഡേ സേനയ്ക്ക് വെറും ഉപമുഖ്യമന്ത്രി പദം കിട്ടാനാണോ ശിവസേനയുടെ/താക്കറേയുടെ മുഖ്യമന്ത്രി പദം ബലി നൽകിയതെന്നു ശിവസൈനികർ ചോദിച്ചാൽ ഷിൻഡേയ്ക്കു മറുപടി നൽകാനാവില്ല. ഒരു താൽക്കാലിക മറുപടി മാത്രമാണ് താൽക്കാലിക മുഖ്യമന്ത്രി പദം.

ഈ വർഷം ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞടുപ്പാണ്. അതിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും താക്കറേയുടെ മുഖ്യശത്രു ഷിൻഡേ ആയിരിക്കും, തിരിച്ചും. അതു തന്നെയാണ് ബിജെപിക്കു വേണ്ടതും. ശിവസേനയെ ശിവസേന തന്നെ തോല്പിക്കുന്ന ആ അവസ്ഥ. അപ്പോഴാണ് ബിജെപിക്കു വളരാൻ കഴിയുക.

ബിജെപിയുടെ അടുത്ത ലക്ഷ്യം ശിവസേന ഭരിക്കുന്ന ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ്. 46,000 കോടി രൂപയുടെ വാർഷിക ബജറ്റുള്ള മുംബൈ കോർപ്പറേഷൻ. പിന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവും. അതിനായി ബിജെപി കണ്ടെത്തിയ ബലിയാടാണ് ഷിൻഡെ. അതുവരെ, കേന്ദ്ര സമ്മർദ്ദത്തിനു വഴങ്ങി ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കേണ്ടി വന്ന ദേവേന്ദ്ര ഫഡ്നാവിസ് തന്നെയായിരിക്കും ഫലത്തിൽ മുഖ്യമന്ത്രി. ഫഡ്നാവിസിനു വേണ്ടി വാളെടുത്തവനാണ് ഷിൻഡേ. വാളെടുത്തവരുടെയൊക്കെ ഒടുക്കം വാളാൽത്തന്നെയാണെന്ന് ചരിത്രം പറയുന്നുണ്ട്.

( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.