| ബിനുരാജ്
കിച്ചൻ ട്രെഷേഴ്സ്, ബ്രാഹ്മിൻസ്, ഈസ്റ്റേൺ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഉൾപ്പടെ ഉള്ളവയുടെ മുളക് പൊടിയിലും മസാല പൊടികളിലും ആരോഗ്യത്തിന് ഹാനികരമായ കീടനാശിനി സാന്നിധ്യം കണ്ടെത്തിയ വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ മുക്കി. മറുനാടൻ മലയാളി എന്ന വെബ് വാർത്താ ചാനൽ മാത്രമാണ് ഈ വാർത്ത പുറത്ത് വിട്ടത്.
ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ് നടന്നത് ജനം ടീ വി, ജനയുഗം എന്നീ മാധ്യമങ്ങൾ മാത്രമാണ് അറിയിച്ചത്. കാരണം ഇവർക്ക് രണ്ടു പേർക്കും ആലുക്കാസ് പരസ്യം കൊടുക്കാറില്ല. മാധ്യമങ്ങൾ ചിലത് മുക്കും ചിലത് പൊക്കും. വായനക്കാർക്ക് താൽപര്യങ്ങൾ ഉള്ളത് പോലെ മാധ്യമങ്ങൾക്കും താൽപര്യങ്ങൾ ഉണ്ട്. അത് പോട്ടെ, അതല്ല വിഷയം.
എങ്ങനെയാണ് മുളക് പൊടിയിലും മറ്റും ഇത്രയും മാരകമായ വിഷം കലർന്നത്? കുറച്ചു കീടനാശിനി കൂടി ഇരിക്കട്ടെ എന്ന് കരുതി ഈ കമ്പനികൾ ചേർക്കുന്നത് ആണോ? നമ്മൾ കഴിക്കുന്ന ചുവന്ന മുളക് വരുന്നത് ആന്ധ്രയിലെ ഗുണ്ടൂർ നിന്നാണ്. ഗുണ്ടൂർ മുളക് ലോകപ്രസിദ്ധവും ആണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കീടനാശിനിയുടെ 25 ശതമാനവും ഉപയോഗിക്കുന്നത് ആന്ധ്രയിൽ ആണ്. ഗുണ്ടൂർ ജില്ലയിൽ ഒരു വിളവെടുപ്പ് കാലത്തു 500 കോടി രൂപയുടെ കീടനാശിനി വിൽക്കപ്പെടുന്നുണ്ടത്രെ. Pesticide companies in guntur എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ.
ഇത് സംബന്ധിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. കീടനാശിനി തളിക്കുന്ന കർഷകരുടെ ഇടയിൽ അർബുദം ഉൾപ്പടെ ഉള്ള രോഗബാധ കൂടുതൽ ആണെന്ന് ഈ പഠനങ്ങളിൽ പറയുന്നു. കീടനാശിനി അംശം കൂടുതൽ ആയതു കൊണ്ട് കുറച്ചു നാൾ മുമ്പ് യൂറോപ്യൻ യൂണിയൻ ഗുണ്ടൂർ മുളകിൻ്റെ ഇറക്കുമതി നിരോധിച്ചിരുന്നു.
അത് കൊണ്ട് ഈ കമ്പനികളുടെ മുളക് പൊടി ഒഴിവാക്കി മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിച്ചാൽ മതി എന്ന് കരുതേണ്ട. ഇതേ മുളക് ആണ് നമുക്ക് വിപണിയിൽ കിട്ടുന്നതും. ഗുണനിലവാരം കുറഞ്ഞ മുളക് മികച്ചത് ആണെന്ന് കാണിക്കാൻ നിറം ചേർക്കുന്ന പരിപാടിയും ഉണ്ട്. കയറ്റുമതിക്ക് പോകുന്ന ഇത്തരം മുളക് സ്പൈസസ് ബോർഡ് പരിശോധനയിൽ കുടുങ്ങും. ഇത്തരം പരിശോധന ആഭ്യന്തര വിപണിയിൽ വേണ്ട എന്നാണോ?



