...
Home News Kerala ജെൻഡർ ന്യൂട്രലിലെ നിലവിളി ശബ്ദങ്ങൾ

ജെൻഡർ ന്യൂട്രലിലെ നിലവിളി ശബ്ദങ്ങൾ

സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും തങ്ങൾക്ക് വേണ്ടെന്നും പുരുഷൻ പറയുന്നതാണ് തങ്ങളുടെ സ്വാതന്ത്ര്യം എന്നും കരുതുന്നവരെ എന്ത് ചെയ്യും? ഒന്നും ചെയ്യേണ്ട. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക.

236

| എമ്മെസ് ഷൈജു

ജെൻഡർ ന്യൂട്രൽ എന്ന പദം കേരളത്തിലെ മത, രാഷ്ട്രീയ ധാരകളിലെ പാരമ്പര്യ വാദികളിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. പുതിയ വിവാദങ്ങളടക്കം സൂചിപ്പിക്കുന്നത് അതാണ്. പുരുഷൻ്റെ വസ്ത്രമോ ശൈലിയോ ശീലമോ സ്ത്രീകളും കൂടി സ്വീകരിക്കുന്നതാണ് ജെൻഡർ ന്യൂട്രൽ എന്നാണ് ചിലരെങ്കിലും ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. വലിയ തെറ്റിദ്ധാരണയാണത്. പുരുഷൻ സ്വീകരിച്ച സൗകര്യങ്ങൾ സ്ത്രീക്കും കൂടി സ്വീകരിക്കാൻ അവസരം നൽകുകയാണ് ജെൻഡർ ന്യൂട്രൽ ചെയ്യുന്നത്. അതാണ് നീതി.

ഇന്നത്തെ പുരുഷൻ്റെ വസ്ത്രമായാലും ശീലങ്ങളോ രീതികളോ ആയാലും അതൊക്കെ പുരുഷൻ നടത്തിയ പരിഷ്കരണങ്ങൾ വഴി അവൻ നേടിയെടുത്തതാണ്. അങ്ങനെയൊരവസരം സ്ത്രീകളിൽ മഹാഭൂരിപക്ഷത്തിനും കിട്ടാതെ പോയി.

മതവും രാഷ്ട്രീയവുമൊക്കെ തീർത്ത ആണധികാര ഭാഷ്യത്തിൻ്റെ കെട്ടുപാടുകളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും സ്ത്രീ സമൂഹം പതിയെ സ്വതന്ത്രമായി വരികയാണ്. ലോകം തന്നെ ഒരു വഴിത്തിരിവിലാണ്.

പുരുഷൻ നേരത്തെ സ്വീകരിച്ച സൗകര്യങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ഇന്ന് സ്ത്രീയും സ്വീകരിക്കാൻ മുന്നോട്ട് വരുന്നു. അപ്പോൾ അയ്യോ പൊത്തോ എന്ന് നിലവിളിച്ചിട്ടോ, ഇത് ഞങ്ങളുടെ വസ്ത്രമാണ് തരില്ല എന്ന് നിർബന്ധം പിടിച്ചിട്ടോ കാര്യമില്ല.

ഏകദേശം അര നൂറ്റാണ്ട് മുമ്പത്തെ മലയാളി സ്ത്രീ പുരുഷന്മാരുടെ വസ്ത്രമെന്തായിരുന്നു? അരക്ക് ചുറ്റും പൊതിഞ്ഞ് കെട്ടിയ ഒരു ശീല. അകത്ത് മുറുക്കി കെട്ടിയ അടിവസ്ത്രം. അരക്ക് മുകളിൽ ഉടുക്കുന്നവരും ഉടുക്കാത്തവരും. ഉടുക്കുന്നവർക്ക് തന്നെ തുന്നിയതോ തുന്നാത്തതോ ആയ മറ്റൊരു ശീലകഷ്ണം മാത്രം. ഇത്രേയുണ്ടായിരുന്നുള്ളൂ. അവിടെ നിന്നാണ് കാൽശരായിയും ട്രൗസറും ജീൻസും ടീ ഷർട്ടും ഇൻസേർട്ടുമോക്കെയായി മലയാളി പുരുഷൻ അവൻ്റെ വസ്ത്രത്തെ പരിഷ്കരിച്ചത്.

വലിയ വിപ്ലവങ്ങൾ നടത്തിയാണ് സ്ത്രീ ഇന്ന് കാണുന്ന വസ്ത്ര മാറ്റങ്ങൾ പോലും നേടിയെടുത്തത്. മുന്നോട്ട് പോകാൻ കഴിയാത്ത വലിയ പിടിച്ച് കെട്ടലുകൾ അവൾക്ക് മുന്നിൽ എപ്പോഴുമുണ്ടായിരുന്നു. പണ്ടൊക്കെ ഞങ്ങളുടെ നാട്ടിൽ ചുരിദാറിട്ട സ്ത്രീകളെ അവജ്ഞയോടെ പരിഹസിക്കുന്നത് ചെറുപ്പ കാലത്ത് പലവട്ടം കേട്ടിട്ടുണ്ട്. സൈക്കിൾ ചവിട്ടുന്ന ഒന്നോ രണ്ടോ പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരും കഠിനമായി പരിഹസിക്കപ്പെട്ടിട്ടുണ്ട്.

ഇന്ന് ചുരിദാർ മാത്രമല്ല, ജീൻസും ടോപ്പും വരെ നാട്ടിൽ സാർവത്രികമാണ്. സൈക്കിളും സ്കൂട്ടറും ബൈക്കും ഒടിക്കുന്ന പെൺകുട്ടികൾ സർവ സാധാരണം. ആർക്കും അതിലൊന്നും ഒരസ്വഭാവികതയും ഇന്ന് തോന്നാത്തത് ആളുകളുടെ സാമൂഹിക ബോധം വികസിച്ചത് കൊണ്ടാണ്. ആളുകളുടെ അവജ്ഞയെയും പരിഹാസങ്ങളേയും അവഗണിച്ച് സ്വന്തം ഇഷ്ടങ്ങളും സൗകര്യങ്ങളും സ്വീകരിക്കാൻ ഒരു പറ്റം പെൺകുട്ടികൾ തൻ്റേടം കാണിച്ചത് കൊണ്ടാണ്.

അല്ലെങ്കിൽ ഇന്നും അവർ അങ്ങനെ തന്നെ തുടർന്നേനെ. ഇന്നത്തെ വിവാദങ്ങളിലും അത്രേയുള്ളൂ. കൂടുതൽ സൗകര്യമുള്ള വസ്ത്രം പുരുഷൻ മുമ്പേ സ്വീകരിച്ച് പോയി എന്ന് കരുതി അത് പോലെയുള്ള വസ്ത്രങ്ങൾ സ്ത്രീകൾക്ക് പാടില്ല എന്ന വാദങ്ങൾക്ക് വലിയ ആയുസുണ്ടാകില്ല. ആ നിലവിളി ശബ്ദം അവസാനിപ്പിക്കേണ്ടി വരും.

ഇനി മറ്റൊരു കാര്യം കൂടി. സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും തങ്ങൾക്ക് വേണ്ടെന്നും പുരുഷൻ പറയുന്നതാണ് തങ്ങളുടെ സ്വാതന്ത്ര്യം എന്നും കരുതുന്നവരെ എന്ത് ചെയ്യും? ഒന്നും ചെയ്യേണ്ട. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. അടിമത്തം നിയമം മൂലം നിരോധിച്ചപ്പോൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ട എന്ന് പ്രഖ്യാപിച്ച് കൂട്ടിൽ തന്നെ ഇരുന്നവരുടെ തലമുറ ഇന്നും അടിമകളായി തുടരുന്നില്ലല്ലോ? അത്രേയുള്ളൂ..

കൂട്ടത്തിൽ രണ്ട് വരി കൂടി:
“കാലത്തിൻ്റെ കുളമ്പടി ശബ്ദം കേട്ടുടൻ കണ്ണ് തുറക്കാത്തവരേ..
കാലം കരിയാൽ നിങ്ങടെ കവിളിൽ
കുലദ്രോഹി എന്നെഴുതിടും”

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.