| അഡ്വ. എം സുകുമാരൻ ലാൽ
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ അഭിമാനം കൊള്ളുന്നവർക്കെങ്ങനെ ഈ കോമൺവെൽത്തിനെ ആഘോഷിക്കാനാകും. ബ്രിട്ടീഷ് സാമ്രാജ്യത്തിന് വിധേയപ്പെടാതെ ജീവിച്ചവർ നടത്തിയ ധീരമായപോരാട്ടത്തിന്റെ ചരിതം ഒരുകാലവും മറക്കില്ല. പക്ഷെ, ആ അടിമജീവിതത്തിന്റെ ശേഷിപ്പുകൾ ഇനിയും നാം ചുമക്കണമെന്ന് ആർക്കാണിത്ര നിർബന്ധം.
ബ്രിട്ടീഷ് ഇമ്പീരിയലിസത്തിന്റെ അഹങ്കാരത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബ്രിട്ടനും അതിന്റെ പതാക വാഹകരായ കോളനി രാജ്യങ്ങളും കൂട്ടരും ഉൾപ്പെടുന്ന ബ്രിട്ടീഷ് കോമൺവെൽത്ത് നേഷൻസ് എന്ന സംഘടിത രൂപം ഉടലെടുത്തു. അതിന്റെ ലക്ഷ്യമത്രേ കഷ്ടം. അംഗരാജ്യങ്ങളിൽ ജനാധിപത്യവും മനുഷ്യാവകാശവും ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം.
ബ്രിട്ടീഷുകാരാൽ ചവിട്ടിയരയ്ക്കപ്പെട്ട ഈ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങൾ. പടിയിറങ്ങിയല്ല, പടിയിറക്കിവിട്ടതാണ് ബ്രിട്ടീഷ് ഭരണത്തെ ഓരോ രാജ്യങ്ങളും. സവിശേഷവും ധീരവുമായ സമരങ്ങളുടെ ചരിത്രം ഇന്ത്യ മുതൽ ബാർബഡോസ് വരെ ഓരോ രാജ്യത്തിനുമുണ്ട്. നാം മറക്കുവാൻ മാത്രം കൊതിയ്ക്കുന്ന ഒരു ബ്രിട്ടീഷ് രാജിന്റെ ഓർമ്മകൾ കോമൺവെൽത്ത് എന്ന പേരിൽ കൊട്ടിഘോഷിക്കുന്നതെന്തിനാണ്.
ഓരോ നാലുവർഷം കൂടുമ്പോഴും പഴയ അടിമജീവികൾ കൂട്ടുകൂടി ആ പഴയകാലം ഇനിയും ഓർത്തുജീവിക്കണമെന്നാകും. കോമൺവെൽത്തിൽ നേടിയ മെഡൽ ഇന്നലെ സ്വാതന്ത്ര്യ സമരപോരാളികൾക്ക് സമർപ്പിക്കുന്ന ഒരു കേൾവിയും കേട്ടു. കഷ്ടം. ബ്രിട്ടീഷുകാർ ഇപ്പോഴും ചിരിക്കുകയാകും. സ്വാതന്ത്ര്യം നേടിയപ്പോഴേ വിടുതൽ വാങ്ങേണ്ടിയിരുന്ന ഒരു സംഘടനയിൽ ഇന്നും ഇങ്ങിനെയൊക്കെ എത്രനാൾ.



