...
Home Entertainments ഇനി എനിക്ക് സിനിമയാണ് ലോകം; മീര ജാസ്മിൻ പറയുന്നു

ഇനി എനിക്ക് സിനിമയാണ് ലോകം; മീര ജാസ്മിൻ പറയുന്നു

82

മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മീര വീണ്ടും എത്തുന്നത്. തന്റെ തിരിച്ചുവരവ് ആളുകൾ ആഗ്രഹിക്കുന്നുണ്ട് എന്ന് കേൾക്കുന്നതാണ് തന്റെ സന്തോഷമെന്നും അതാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും പറയുകയാണ് മീര ജാസ്മിൻ. യു.എ.ഇ ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് താരം സംസാരിച്ചത്.

‘കുറച്ചുനാൾ ഞാൻ സിനിമയിൽ മാറിനിന്നു. ഇപ്പോൾ ഞാൻ തയ്യാറാണ്. ഇനി സജീവമായിട്ട് തന്നെ സിനിമയിൽ ഉണ്ടാവും. എന്നാൽ സെലക്ടീവായിട്ട് തന്നെ സിനിമകൾ തെരഞ്ഞെടുക്കാനാണ് തീരുമാനം. സത്യൻ അങ്കിളിന്റെ കൂടെ നാല് സിനിമകൾ ചെയ്തു. അഞ്ചാമത്തെ സിനിമയാണ് ഇത്. വളരെ സന്തോഷമുണ്ട്.

സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കിൽ കണ്ടന്റിനാണ് ഇപ്പോൾ ഏറ്റവും പ്രാധാന്യം. എല്ലാ കലാകാരൻമാർക്കും അത് ഗുണം ചെയ്യുന്നുമുണ്ട്. ഏത് ഏജ് ഗ്രൂപ്പിലായാലും ഏത് ജന്റർ ആയാലും നല്ല റോളുകൾ അവർക്ക് ലഭിക്കുന്നു.

മാത്രമല്ല ഇപ്പോൾ ഒരുപാട് ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ ഉണ്ട്. ഇന്ത്യൻ സിനിമയെ പോലും ഇപ്പോൾ റെപ്രസന്റ് ചെയ്യുന്നത് മലയാള സിനിമയാണ്. ബോളിവുഡ് പോലും ഇപ്പോൾ മലയാള സിനിമയെ നോക്കി പഠിക്കുന്നതു. അതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ പ്രേക്ഷകർക്കാണ് അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത്. അവർ ഇന്റലിജന്റാണ്. ആവറേജ് മെറ്റീരിയൽ കൊടുത്ത് അവരെ നമുക്ക് തൃപ്തിപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ളത് കൊടുക്കണം. അവരാണ് ഈ അംഗീകാരത്തിന് അർഹർ,’ മീര ജാസ്മിൻ പറഞ്ഞു.

സംവിധായകൻ ലോഹിതദാസിനെ കുറിച്ചും മീര മനസുതുറന്നു. ലോഹിയങ്കിളിന്റെ നഷ്ടം മലയാള സിനിമയുടെ നഷ്ടം തന്നെയാണെന്നും മമ്മൂട്ടിയെപ്പോലെയും മോഹൻലാലിനെപ്പോലെയുമുള്ള വലിയ താരങ്ങൾക്കും തന്നെപ്പോലുള്ള പല നടിമാർക്കും മികച്ച റോളുകൾ നൽകിയിട്ടുള്ള സംവിധായകനാണ് അദ്ദേഹമെന്നും തനിക്ക് മാത്രമല്ല എല്ലാവർക്കും അദ്ദേഹത്തിന്റെ വിയോഗം നഷ്ടം തന്നെയാണെന്നും മീര പറഞ്ഞു. ലോഹിയങ്കിളിനേയും പത്മരാജൻ അങ്കിളിനേയും പോലുള്ളവർ ഉണ്ടാക്കിയ അടിത്തറയിലാണ് ഇന്ന് മലയാള സിനിമ നിലകൊള്ളുന്നതെന്നും മീര പറഞ്ഞു.

രസതന്ത്രവും അച്ചുവിന്റെ അമ്മയുമായും പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തരുതെന്നും ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണെന്നുമായിരുന്നു മീര പറഞ്ഞത്. ഇതൊരു നല്ല തുടക്കമാകട്ടെയെന്ന് കരുതുന്നു. ഇതിൽ നിന്നും ഇനിയും നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെയെന്നും താരം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.