ബോളിവുഡിലെ ആക്ഷൻ ഹീറോ, കോമഡി താരമെന്ന നിലയിൽ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന നടൻ സുനിൽ ഷെട്ടി, ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാത്തതിന്റെ രസകരമായ കാരണങ്ങൾ വെളിപ്പെടുത്തിയി. ‘ബോർഡർ’, ‘ധഡ്കാൻ’, ‘ഹേരാ ഫേരി’ തുടങ്ങിയ നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച അദ്ദേഹം, ബോളിവുഡ് നടന്മാരെ മാത്രം ദക്ഷിണേന്ത്യയിൽ വില്ലന്മാരായി കാണിക്കുന്ന പ്രവണതയിൽ അതൃപ്തി പ്രകടിപ്പിച്ചു.
ദക്ഷിണേന്ത്യയിൽ നിന്ന് പലപ്പോഴും ഓഫറുകൾ ലഭിക്കാറുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും നെഗറ്റീവ് വേഷങ്ങളാണെന്ന വസ്തുത തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ ദി ലാലന്റപ്’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഷെട്ടി അടുത്തിടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. “എനിക്ക് ദക്ഷിണേന്ത്യയിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നു. പക്ഷേ അവിടെ ഒരു പ്രവണതയുണ്ട്. ഹിന്ദി നായകന്മാരെ ശക്തരായ വില്ലന്മാരായി കാണിക്കാനും പ്രാദേശിക നായകന്റെ വേഷം കൂടുതൽ ശക്തമായി ഉയർത്താനും സംവിധായകർ ആഗ്രഹിക്കുന്നു. അത് സ്ക്രീനിനും പ്രേക്ഷകർക്കും നല്ലതാണെന്ന് അവർ കരുതുന്നു. പക്ഷേ, എനിക്ക് ആ ആശയം ഒട്ടും ഇഷ്ടമല്ല,” അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ബോളിവുഡ് നടന്മാരെ വില്ലന്മാരായി മാത്രം പരിമിതപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്ന് അദ്ദേഹം പരോക്ഷമായി അഭിപ്രായപ്പെട്ടു.
എന്നാലും , ഈ നിയമത്തിന് ഒരു അപവാദം മാത്രമേയുള്ളൂവെന്ന് സുനിൽ ഷെട്ടി അനുസ്മരിച്ചു, സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിച്ച ‘ദർബാർ’ എന്ന ചിത്രമായിരുന്നു അത്. “രജനി സാറിനൊപ്പം ഞാൻ ഒരു സിനിമ ചെയ്തു. കാരണം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക എന്നത് എന്റെ ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ ആ സിനിമയ്ക്ക് സമ്മതിച്ചു. എന്റെ കരിയറിലെ ഒരു അതുല്യ അനുഭവമായിരുന്നു അത്,” അദ്ദേഹം വിശദീകരിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള വലിയ ഓഫറുകൾ നിരസിച്ചെങ്കിലും, തന്റെ വേരുകളെയും പ്രാദേശിക സിനിമയെയും എപ്പോഴും ബഹുമാനിക്കുന്നുവെന്ന് സുനിൽ ഷെട്ടി പറഞ്ഞു.























