കെ ജെ ജേക്കബ്
സംഘ് പരിവാറിന്റെ ഏറ്റവും അവസാനത്തെ ലക്ഷ്യങ്ങളാണ് കേരളവും തമിഴ്‌നാടും. ഇന്നുവരെ പച്ചതൊടാൻ ഇക്കൂട്ടരെ ഈ സംസ്‌ഥാനങ്ങൾ അനുവദിച്ചിട്ടില്ല. രണ്ടു സംസ്‌ഥാനത്തും ഇപ്പോൾ മതനിരപേക്ഷതയോടു നൂറു ശതമാനം കൂറുള്ള സർക്കാരുകളാണ് ഭരിക്കുന്നത്.
ഇതിൽ കേരളത്തിൽ നിന്ന് ഉത്തരേന്ത്യൻ സംഘികൾക്ക് എത്തിച്ചുകൊടുത്ത ദൃശ്യങ്ങൾ പോരാഞ്ഞിട്ടാണോ എന്തോ പോപ്പുലർ ഫ്രണ്ട് തമിഴ്‍നാട്ടിൽ ഉറഞ്ഞാടുകയാണ്. കേരളത്തിൽ കെ എസ് ആർ ടി സി ബസുകളെയും പോലീസുകാരെയും ആക്രമിച്ചാണ് ഫാസിസത്തിനെതിരെ പോരാടിയതെങ്കിൽ തമിഴ്‍നാട്ടിൽ ബി ജെ പി-ആറെസ്സെസ്സ് നേതാക്കളുടെയും പ്രവർത്തകരുടെയും അവരുടെ ഓഫീസുകളുടെയും നേർക്കാണ് ആക്രമണം. കോയമ്പത്തൂരിൽനിന്നും സേലത്തുനിന്നും മധുരയിൽനിന്നും കന്യാകുമാരിയിൽനിന്നും കഴിഞ്ഞ നാലുദിവസമായി നടക്കുന്ന അക്രമത്തിന്റെ വാർത്തകൾ വന്നു കഴിഞ്ഞു.
ഇന്നലെ ജില്ലകളിലെ കളക്ടര്മാരുടെയും പോലീസ് മേധാവികളുടെയും യോഗം വിളിച്ചു ചീഫ് സെക്രട്ടറി കർശന നടപടിയ്ക്ക് നിർദ്ദേശം നൽകി. അക്രമം തുടർന്നാൽ നാഷണൽ സെക്യൂരിറ്റി ആക്ടനുസരിച്ച് അക്രമകാരികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മേധാവി ഇന്ന്മു ന്നറിയിപ്പ് നൽകി. അറസ്റ്റ് ചെയ്‌താൽ ഒരു വര്ഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ അനുവാദം നൽകുന്ന കരിനിയമമാണ് എൻ എസ് എ.
സാമൂഹ്യനീതിയെക്കുറിച്ച്, മത നിരപേക്ഷത്തെക്കുറിച്ചു ഒക്കെ നിരന്തരം പറയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്റ്റാലിൻ സർക്കാരിനെക്കൊണ്ട് ഇമ്മാതിരി ഒരു കരിനിയമപ്രയോഗം നടത്തിച്ചിട്ടു ഇരവാദവുമായി വരാനായിരിക്കും ഇവരുടെ ലക്‌ഷ്യം. ഒപ്പം ബിജെപി ഇതര ‘മതേതറ’ സർക്കാരുകൾക്ക് കീഴിൽ ഹിന്ദുക്കൾക്ക് രക്ഷയില്ല എന്നൊരു ഉത്പന്നം ഉത്തരേന്ത്യയിൽ വിൽക്കാൻ സംഘ പരിവാറിനെ സഹായിക്കാനും.
വിരലിലെണ്ണാവുന്ന വ്യവസായികൾക്കു രാജ്യത്തെ തീറെഴുതുക. അതിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ മനുഷ്യരെ പരമാവധി രീതിയിൽ വിഭജിക്കുക. കേന്ദ്ര സർക്കാരിന്റെ ഈ ഭരണരീതിയ്‌ക്കെതിരെ എന്നെകിലും ഉയർന്നുവരാനുള്ള ജനരോഷത്തിൽനിന്നു രക്ഷപ്പെടാൻ വർഗീയ കാർഡിറക്കാൻ ബി ജെ പി യെ സഹായിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ പോപ്പുലർ ഫ്രണ്ടിനുളളൂ എന്ന് വേണം മനസിലാക്കാൻ.
ഇതിന്റെ ക്രൂരമായ മറ്റൊരു ഫലമെന്തെന്നാൽ, ഈ രണ്ടു സംസ്‌ഥാനത്തുമുള്ള മുസ്ലിങ്ങൾ രണ്ടു മതനിരപേക്ഷ സർക്കാരുകളുടെ ഭരണത്തിൽ സംരക്ഷിക്കപ്പെടും. ഈ തോന്ന്യാസത്തിനും ഭീകരതയ്‌ക്കും മുഴുവൻ ഉത്തരം പറയേണ്ടിവരിക ഉത്തരേന്ത്യൻ മുസ്ലിമാണ്; ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ഇപ്പോൾത്തന്നെ വേട്ടയാടപ്പെടുന്ന ഉത്തരേന്ത്യൻ മുസ്ലിം. വസ്ത്രം കൊണ്ട് കലാപകാരികളെ തിരിച്ചറിയാമെന്നു പ്രധാനമന്ത്രിയാൽ അധിക്ഷേപിക്കപ്പെട്ട അതേ സമൂഹം.
കേരളത്തിലെയും തമിഴ്‍നാട്ടിലെയും സർക്കാരുകളുടെ ഉത്തരവാദിത്തം വളരെ വലുതാണ്. ഈ മത-ഭീകര സംഘടനയെ നിയമം കൊണ്ട് നിലയ്ക്ക് നിർത്താൻ മതനിരപേക്ഷ സർക്കാരുകൾക്ക് കഴിയും എന്ന് ഇന്ത്യൻ ജനതയെ ബോധ്യപ്പെടുത്തുക. അത് നടന്നില്ല എങ്കിൽ ആർഎസ് എസ്സിന്റെ ഭരണം ഈ രാജ്യത്തു അടുത്തകാലത്തൊന്നും അവസാനിക്കില്ല. അതുകൊണ്ട് നിയമത്തിന്റെ ഏറ്റവും കടുത്ത പ്രയോഗം കൊണ്ട് ഇവരെ നിലയ്ക്കുനിർത്തുക. മറ്റൊരു വഴിയില്ല.
( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )



