...
Home News National രാഹുൽ ഗാന്ധിയുടെ അത്ര പോലും നെഹ്‌റുവിന് കോൺഗ്രസിൽ സ്വാധീനമില്ലാത്തൊരു കാലം ഉണ്ടായിരുന്നു

രാഹുൽ ഗാന്ധിയുടെ അത്ര പോലും നെഹ്‌റുവിന് കോൺഗ്രസിൽ സ്വാധീനമില്ലാത്തൊരു കാലം ഉണ്ടായിരുന്നു

ആർ എസ് എസ് നെ നിരോധിച്ച കാലത്തും ആർ എസ് എസ് എല്ലായിടത്തും ഉണ്ടായിരുന്നു എന്നതാണ് വസ്തുത.കോൺഗ്രസിന്റെ പകുതിയും ഹിന്ദുത്വമായിരുന്നു. ഗാന്ധിയെ കൊന്നത് കൊണ്ടാണ് കോൺഗ്രസിലെ ഹിന്ദുത്വ ബെൽറ്റിന് ക്ഷീണം സംഭവിച്ചത്.

180

| സയിദ് അബി

നിരോധനം കൊണ്ട് ഒരു സംഘടനയെ ഇല്ലാതാക്കാനാവില്ല എന്നതിന് ആർ എസ് എസ് തെളിവാണ്. രാഹുൽ ഗാന്ധിയുടെ അത്ര പോലും നെഹ്‌റുവിന് കോൺഗ്രസിൽ സ്വാധീനമില്ലാത്തൊരു കാലം ഉണ്ടായിരുന്നു. 1948 ൽ പുരുഷോത്തം ടൺഡൻ ആയിരുന്നു കോൺഗ്രസിന്റെ പ്രസിഡണ്ട്.നെഹ്‌റു അത്ഭുതപ്പെട്ട് പോയ സന്ദർഭമായിരുന്നു അത്. സംഘിനോടും ഹിന്ദുത്വത്തോടും യോജിപ്പുണ്ടായിരുന്ന കോൺഗ്രസുകാരനായിരുന്നു പുരുഷോത്തം.

നെഹ്‌റുവിന് കടുത്ത അമർഷമുണ്ടായിരുന്ന വ്യക്തിത്വം. ആർ എസ് എസ് നെ നിരോധിച്ച കാലത്തും ആർ എസ് എസ് എല്ലായിടത്തും ഉണ്ടായിരുന്നു എന്നതാണ് വസ്തുത.കോൺഗ്രസിന്റെ പകുതിയും ഹിന്ദുത്വമായിരുന്നു. ഗാന്ധിയെ കൊന്നത് കൊണ്ടാണ് കോൺഗ്രസിലെ ഹിന്ദുത്വ ബെൽറ്റിന് ക്ഷീണം സംഭവിച്ചത്.അതുവരെ അകന്ന്‌ നിന്നിരുന്ന പട്ടേൽ പോലും നെഹ്രുവിനോട് ഒരുമിച്ചൊരു വിപത്തിനെ നേരിടാം എന്ന് പറഞ്ഞു. ഉത്തർ പ്രദേശിന്റെ ഗാന്ധി എന്നായിരുന്നു പുരുഷോത്തം വിളിക്കപ്പെട്ടത്. ഈ അടുത്ത കാലത്ത് മോഡിയെ ഒരു ചാനൽ നിരീക്ഷകൻ ആധുനിക ഗാന്ധി എന്ന് വിളിച്ചപ്പോൾ പുരുഷോത്തമിനെ ഓർമ വന്നു. പട്ടേലിന്റെ ഒരുമിച്ചുള്ള പോരാട്ടം കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്നെയാണ് പുരുഷോത്തം ടൺഡലിനെ കൊണ്ട് വന്നത്.

ഇപ്പോൾ നടപ്പിലാക്കിയ നിരോധനത്തിൽ വലിയ വ്യത്യാസമുണ്ട്.ന്യൂനപക്ഷ വർഗീയതയെ ഒരു ഭരണകൂടത്തിന് നേരിടാനാകുമെന്ന വസ്തുത ഊട്ടി ഉറപ്പിക്കുന്നുണ്ട്. നടപടികളിൽ,സാമ്പത്തികമായി ഒറ്റപ്പെടുത്തി നിയമപരമായി കുരുക്കുക എന്നതിലേക്ക് വന്ന ശേഷമാണ് നിരോധനം വന്നത്.അത്കൊണ്ട് പോപ്പുലർ ഫ്രണ്ട് മുമ്പോട്ട് വെച്ച വർഗീയ- തീവ്രവാദ പ്രവർത്തനത്തെ തടയാനാകും.മാത്രമല്ല മറ്റൊരു രൂപത്തിന്റെ പെട്ടെന്നുള്ള സാധ്യതക്ക് പല വിധ തടസങ്ങളുമുണ്ടാകും.

അങ്ങനെ ആണെങ്കിലും ന്യൂനപക്ഷ അരക്ഷിതാവസ്ഥക്ക് ബലം നൽകുന്ന ഭരണകൂടത്തിന്റെ കനമുള്ള ഓരോ നീക്കങ്ങളും തീവ്രവാദ ആശയങ്ങളെ മറ്റൊരു വേഷത്തിൽ നമുക്കിടയിലേക്ക് കൊണ്ട് വരും.അതിനെ തടയാനുള്ള കരുത്ത് വേറെ നമ്മൾ നേടേണ്ടതുണ്ട്. അത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. എന്നാൽ സംഘ് ഭരണകൂടമോ എന്നൊരു ചോദ്യം വരുമ്പോ ചിരി വരും.

ആർ എസ് എസ്നെ ഇത് പോലെ നിരോധിക്കാൻ കഴിയുമോ എന്ന ചോദ്യം മൗഢ്യമാണ്. അഥവാ നിരോധിച്ചാൽ ഭരണകൂടം ഇത്പോലെ നേരിടുമോ? ബിജെപി ഭരണകൂടം പോട്ടെ, നാളെ കോൺഗ്രസ് കേന്ദ്രം ഭരിച്ചാൽ ഒറ്റ വരിയിൽ നിരോധനം എന്നൊരു കുറിപ്പ് ഇറക്കിയാൽ തന്നെ നിയമപരമായും സാമ്പത്തികപരമായും സംഘിനെ തൊടാൻ ആകുമോ? അങ്ങനെ തൊട്ടാൽ ഇന്ത്യൻ ജനത ആരുടെ കൂടെ നിൽക്കും.ജനങ്ങൾ ആത്മാർത്ഥമായി, സത്യസന്ധമായി പെരുമാറാതെ ഒരിടത്തേയും ഭൂരിപക്ഷ വർഗീയത പരാജയപ്പെട്ടിട്ടില്ല.പിൻവാങ്ങിയിട്ടില്ല, കൂടുതൽ ഫാസിസ്റ്റ് സ്വഭാവം കാണിച്ചിട്ടേ ഒള്ളൂ.

ന്യൂനപക്ഷ വർഗീയതക്കെതിരെ നടക്കുന്ന നടപടികൾക്കുള്ള പിന്തുണയുടെ ഒരംശം പിന്തുണ പോലും ഭൂരിപക്ഷവർഗീയതക്കെതിരെ എടുത്താൽ മതേതരത്വസമൂഹത്തിൽ നിന്ന് ലഭിക്കാൻ സാധ്യതയില്ല. ജനങ്ങൾക്ക് ഇടയിൽ നിന്നൊരു പ്രതിരോധം ഉയർന്ന്‌ വരില്ല.

നെഹ്രുവിനും ഗാന്ധിക്കും ചരിത്രത്തിൽ ഒരു പ്രത്യേകതയുണ്ടായിരുന്നു. സംഘിന്റെ വേദിയിൽ പോയി സംഘിനോട് സംഭാഷണം നടത്തുന്ന കാലത്ത് പോലും സംഘിന്റെ കുബുദ്ധിയുള്ള ചോദ്യങ്ങളോട് ഗാന്ധി പ്രതികരിച്ചിട്ടില്ല.വിഭജനം നടന്ന സമയത്ത് ഇന്ത്യയിലും പാകിസ്താനിലും കലാപങ്ങൾ നടക്കുകയാണ്‌. പാകിസ്താനിലെ പഞ്ചാബിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നുണ്ട്, ഗാന്ധിക്ക് അതിവേഗം അങ്ങോട്ടേക്ക് പോകണമെന്നുണ്ട്. Rss ഉത്തരേന്ത്യയിൽ നെഹ്രുവിനും ഗാന്ധിക്കുമെതിരെ പ്രചാരണം നടത്തുന്നുണ്ട്.

ഗാന്ധി ഇന്ത്യയിലെ മുസ്ലിം കോട്ടകൊലകളെ കുറിച്ച് മാത്രം പറയുന്നു എന്നായിരുന്നു ആർ എസ് എസ്ന്റെ കുബുദ്ധി! അതിനെ ഗാന്ധി ഗൗനിച്ചില്ല. കൊൽക്കട്ടയിലായിരുന്നു ഗാന്ധി, പിന്നെ ഹരിയാന, പിന്നെ ഡൽഹി, ഡൽഹിയിലെ മുസ്ലിം ഇരകളുടെ കാര്യത്തിൽ തീരുമാനം ആവാതെ ഞാൻ എങ്ങോട്ടുമില്ല എന്നായിരുന്നു നിലപാട്.എന്റെ കൺമുമ്പിൽ കാണുന്ന ക്രൂരതകളോട് മുഖം തിരിച്ച് ഞാൻ അവിടെ പോയി എന്ത് പറയാനാണ് എന്നായിരുന്നു ഗാന്ധിയുടെ നിലപാട്.

ആർ എസ് എസ് ഉണ്ടായ കാലം മുതലുള്ള ചോദ്യമാണത്! ആ ചോദ്യത്തെ നെഹ്‌റു പുച്ഛിച്ചു, ഗാന്ധി അവഗണിച്ചു, കോൺഗ്രസ് പാർട്ടി പലപ്പോഴും തലോടി. ഇന്നും ആ ചോദ്യം ആർ എസ് എസ് ഒഴിവാക്കിയിട്ടില്ല, ഇപ്പോഴും ചോദിക്കുന്നു.ഇന്ന് നെഹ്രുവിന്റെ രോമത്തിനുണ്ടാകുന്ന ആർജവം പോലും എവിടെയുമില്ല.ഗാന്ധിക്ക് ഉണ്ടായിരുന്ന ഉൾകാഴ്ച എവിടെയുമില്ല.

നിയമം കൊണ്ട്, ഭരണകൂടത്തിന് കൊല്ലാനാകില്ലെങ്കിലും ഒതുക്കാനാകുന്ന ഒന്നാണ് ന്യൂനപക്ഷ വർഗീയത.എന്നാൽ 80% ൽ നിന്ന് വർഗീയത പടർന്നാൽ നെഹ്‌റു പറഞ്ഞ പോലെ രാജ്യത്തിന്റെ പേര് ചേർത്താണ് അത് അറിയപ്പെടുക.ഇന്ന് ഇന്ത്യയുടെ പേരിനൊപ്പം ഭൂരിപക്ഷ വർഗീയതയുടെ എല്ലാ രൂപങ്ങളുമുണ്ട്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.