...
Home News ആർ എസ് എസാണ് പോപുലർ ഫ്രണ്ടിനേക്കാൾ മുന്നേ നിരോധിക്കപ്പെടേണ്ടത്; അതാണ് നീതി

ആർ എസ് എസാണ് പോപുലർ ഫ്രണ്ടിനേക്കാൾ മുന്നേ നിരോധിക്കപ്പെടേണ്ടത്; അതാണ് നീതി

ആർ എസ് എസ് രാജ്യത്തുയർത്തുന്ന ഭീഷണിയുടെ പ്രത്യക്ഷ ഇരകൾ മുസ്‌ലിംകളാണെങ്കിലും അവരല്ലാത്ത മുഴുവൻ പേരും ആ ആശയത്തിൻ്റെ ഇരകളാണ്.

168

| എമ്മെസ് ഷൈജു

പോപുലർ ഫ്രണ്ട് നമ്മുടെ സാമൂഹ്യ ഘടനയിൽ ഗുരുതരമായ പരിക്കുകളേൽപ്പിച്ച് കൊണ്ടിരുന്ന ഒരു സംഘടനയാണ് എന്ന നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ആ സംഘടനയുടെ പേരോ സംഘടനാ പ്രവർത്തനങ്ങളോ അല്ല പ്രശ്നം. അവർ ഉത്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളാണ് ഇവിടുത്തെ വിഷയം. ആ ആശയങ്ങൾ കടുത്ത പ്രതിലോമപരവും സമൂഹത്തിൻ്റെ പൊതുവായ സ്വാസ്ഥ്യത്തിന് വിഘാതമുണ്ടാക്കുന്നതുമാണ്.

സ്വന്തം ആശയങ്ങളോടോ വീക്ഷണങ്ങളോടോ വിയോജിക്കുന്ന മുസ്ലിംകളോട് പോലും അവർ ഒട്ടും സഹിഷ്ണുത പുലർത്താറില്ല. വേണമെങ്കിൽ അത്തരക്കാർക്ക് സംഘി ചാപ്പ പതിപ്പിക്കാൻ പോലും പോപുലർ ഫ്രണ്ട് പ്രവർത്തകർ തുനിയും. കാരണം അത്രമേൽ അസഹിഷ്ണുതയും അപരവൽക്കരണ ത്വരയുമുള്ള ഒരു ആശയമാണ് അവർ ഉൾക്കൊള്ളുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പോപുലർ ഫ്രണ്ട് എന്ന സംഘടനയെ ഇവിടെ നിരോധിച്ചത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമെന്നോ അവർ നടത്തുന്ന പ്രവർത്തനങ്ങൾ ഇവിടെ ഇല്ലാതാകുമെന്നോ ഞാൻ കരുതുന്നില്ല. അതിന് കുറെ കാരണങ്ങളുണ്ട്.

ഒന്ന്, പോപുലർ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന ആശയം ഉള്ളിൽ പേറുന്നവർ ആ സംഘടനയിൽ മാത്രമല്ല, ഏറിയും കുറഞ്ഞും അത് മറ്റ് പല സംഘടനകളിലേക്കും കൂടി സന്നിവേശിച്ചിട്ടുണ്ട്. അത് മാത്രമല്ല, എല്ലാവരും പറയുന്നത് പോലെ ഒരാശയത്തെയും നിരോധനം കൊണ്ട് നമുക്ക് ഇല്ലാതാക്കാൻ പറ്റില്ല.

പ്രതിലോമകരമായ ആശയങ്ങളെ സാമൂഹിക ബോധം വളർത്തിക്കൊണ്ട് കൊണ്ട് മാത്രമേ എതിർത്ത് തോൽപിക്കാൻ സാധിക്കൂ. ഇപ്പോഴത്തെ നിരോധനത്തിന് ഇറങ്ങിപ്പുറപ്പെട്ടവർ സാമൂഹിക ബോധത്തിൽ പോപുലർ ഫ്രണ്ടിനേക്കാൾ എത്രയോ താഴെ നിൽക്കുന്നവരാണ്.

മറ്റൊന്ന്, മുസ്‌ലിം അപരവൽക്കരണം എന്നത് ഇന്ത്യയിൽ ഒരു യാഥാർത്ഥ്യമാണ് എന്നതാണ്. അതിന് നേതൃത്വം കൊടുക്കുന്നത് ആർ എസ് എസാണ്. അവരെ പ്രതിരോധിക്കാൻ എന്ന പേരിലാണ് ഇത്തരം സംഘടനകൾ ഒക്കെ രൂപപ്പെടുന്നത്. ആർ എസ് എസ് രാജ്യത്തുയർത്തുന്ന ഭീഷണിയുടെ പ്രത്യക്ഷ ഇരകൾ മുസ്‌ലിംകളാണെങ്കിലും അവരല്ലാത്ത മുഴുവൻ പേരും ആ ആശയത്തിൻ്റെ ഇരകളാണ്.

രാജ്യത്തിൻ്റെ ഭരണഘടന പോലും അവരുടെ ഇരയാണ്. അത് കൊണ്ട് തന്നെ മുസ്‌ലിംകൾ മാത്രം ചേർന്ന് നിന്ന് കൊണ്ട് മത പരിപ്രേക്ഷ്യത്തിലുണ്ടാക്കുന്ന ഒരു പ്രതിരോധം നമ്മുടെ സാമൂഹ്യ ഘടനയിൽ ഒട്ടും ഭൂഷണമല്ല. അത്തരം പ്രതിരോധങ്ങൾ ആർ എസ് എസിന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതാണ് ഇപ്പൊൾ സംഭവിക്കുന്നതും.

ആർ എസ് എസാണ് പോപുലർ ഫ്രണ്ടിനേക്കാൾ മുന്നേ നിരോധിക്കപ്പെടേണ്ടത്. അതാണ് നീതി. അല്ലാത്ത പക്ഷം പോപുലർ ഫ്രണ്ട് ഉൾക്കൊള്ളുന്ന ആശയം കൂടുതൽ തീവ്രമാകാനേ ഈ നിരോധനം വഴി വെക്കുകയുളളൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.