സിപിഐ കേരളാ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടർന്ന് സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.
മുതിർന്ന നേതാവായ കെഇ ഇസ്മയിലാണ് കാനത്തിൻ്റെ പേര് നിർദ്ദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്തുണച്ചു. അതേസമയം, പ്രായപരിധി കഴിഞ്ഞതിനാൽ സി ദിവാകരനും കെഇ ഇസ്മയിലും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായി. വാഴൂർ സോമനും സംസ്ഥാന കൗൺസിലിൽ ഇല്ല.
കാനത്തിന് മുൻപ് എൻ ഇ ബലറാം, പി കെ വാസുദേവൻ നായർ എന്നിവരാണ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം തന്നെ 101 അംഗ സംസ്ഥാന കൗൺസിലിനേയും തെരഞ്ഞെടുത്തു.
നേരത്തെ കോട്ടയം സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രൻ ആദ്യം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.



