...
Home News Kerala തീരുമാനത്തിന്റെ ന്യായം ആ തീർപ്പെടുത്ത കാലത്തിനോട് കൂട്ടിവായിക്കപ്പെടും

തീരുമാനത്തിന്റെ ന്യായം ആ തീർപ്പെടുത്ത കാലത്തിനോട് കൂട്ടിവായിക്കപ്പെടും

ഒരു പാട്ടയും കൊട്ടിയിട്ടല്ല കൊറോണ കീഴടങ്ങിയത്. മോഡി ഹെലികോപ്റ്ററിൽ വിതറിയ പൂക്കൾ വീണത് കോവിഡിനാൽ ചത്തുമലച്ച മുഖമില്ലാത്തവരുടെ മൃതശരീരങ്ങൾക്കുമേലായിരുന്നു.

245

| എം സുകുമാരൻ ലാൽ

വീടിന്റെ ഉമ്മറപ്പടിയിൽ ഇനിയിന്നത്തെപ്പോൽ ജീവിതമുണ്ടോയെന്ന് ഉറപ്പില്ലാതെയിരുന്ന കോവിഡ് കാലം അത്രയൊന്നും അകലെയല്ലായിരുന്നു. ഏതുനിമിഷവും കൊറോണയെന്ന കൊലയാളിയാൽ മരിക്കുമെന്ന് ഭയന്ന് വീട്ടിൽ ഒളിച്ചവരായിരുന്നു നമ്മൾ. കിട്ടിയ തൂവാലകൊണ്ട് മുഖം കെട്ടിമറഞ്ഞു നടന്ന ഭീതിയുടെ ആദ്യനാൾവഴികൾ.

എത്രപണം കയ്യിലുണ്ടായിട്ടും കൊറോണയെ ജയിക്കാൻ കഴിയാതെ വിറങ്ങലിച്ചുനിന്നവർ. ഏകമാർഗം പ്രതിരോധമായിരുന്നു. പഴുതടച്ച പ്രതിരോധക്കോട്ട കെട്ടിത്തന്നെയാണ് കേരളം അതിജീവിച്ചത്. ഒന്നിനും ഒരു കുറവും ഉണ്ടായില്ല. മതിയായ കിറ്റുകളും എക്യുപ്മെന്സും കിട്ടാതെ ഇന്ത്യയിലെ കോവിഡ് പോരാളികൾ വലഞ്ഞകാലം.

മഹാരാഷ്ട്രയിൽ ഒരു നിയന്ത്രണവുമില്ലാതെ കോവിഡ് രോഗികളെ കൂട്ടത്തോടെ കിട്ടിയ സ്ഥലങ്ങളിൽ ഉപേക്ഷിയ്ക്കുന്നത് നാം കണ്ടു. ഗംഗാനദിയിൽ പൊന്തിയത് വിശുദ്ധ സ്നാനം ചെയ്തവരുടെ ജഡങ്ങളല്ലായിരുന്നു. കരയിലിട്ട് കത്തിയ്ക്കുന്നത് കണ്ടു കണ്ണെരിഞ്ഞു കരഞ്ഞിരുന്നു നമ്മൾ!


കൊറോണയ്ക്കെതിരായ പോരാട്ടത്തിന് അമേരിക്കൻ മിറ്റിഗേഷൻ മെത്തേഡുമായി വന്ന ചെന്നിത്തല ഉസ്മാൻവിളികളുമായി കോമാളിയാകുമ്പോൾ രാവെന്നില്ലാതെ ഒറ്ററിംഗിൽ വിളികൾക്ക് മറുപടി നൽകുകയായിരുന്നു ശൈലജ ടീച്ചറും ആരോഗ്യകേരളവും.

ഒരു പാട്ടയും കൊട്ടിയിട്ടല്ല കൊറോണ കീഴടങ്ങിയത്. മോഡി ഹെലികോപ്റ്ററിൽ വിതറിയ പൂക്കൾ വീണത് കോവിഡിനാൽ ചത്തുമലച്ച മുഖമില്ലാത്തവരുടെ മൃതശരീരങ്ങൾക്കുമേലായിരുന്നു. ചാണകം തേച്ചും തീവെച്ചും പടക്കം പൊട്ടിച്ചും നിങ്ങൾ ഓടിയ്ക്കാൻ ശ്രമിച്ച വൈറസിനെ കേരളം പ്രതിരോധിച്ച കാലത്ത് ദേശീയമാധ്യമങ്ങൾ വാനോളം നല്ലതുമാത്രം പറഞ്ഞപ്പോൾ ഒരു എതിർശബ്ദം പോലുമുയർത്താനാവാതെ മിണ്ടാതിരുന്ന പ്രതിപക്ഷം ഇപ്പോൾ ശൈലജ ടീച്ചർക്കെതിരെയാണ്.

അക്കാലത്തു പി പി ഈ കിറ്റുകളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തിൽ ഒരു പേടിയും വേണ്ടതില്ല. മതിയായ കിറ്റുകൾ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാക്കും. അതെ, ഇന്ന് ശൈലജ ടീച്ചർ പറയുന്നു. അന്ന് മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞു “വില നോക്കേണ്ട. ജനങ്ങളുടെ ജീവനാണ് വലുത് “!

ഒരു അടിയന്തിരഘട്ടത്തിൽ വരും വരായ്കകളെ അവധിക്കിട്ട് തീരുമാനമെടുക്കുന്നയാളാണ് റിയൽ റൂളർ. ഒരു തീരുമാനത്തിന്റെ ന്യായം ആ തീർപ്പെടുത്ത കാലത്തിനോട് കൂട്ടിവായിക്കപ്പെടും. അപ്പോൾ നിങ്ങൾ കൈക്കൊണ്ട ആ യുക്തിപൂർണ്ണമായ തീരുമാനം തങ്കലിപികളിൽ എഴുതപെട്ടില്ലെങ്കിലും മരണത്തിനും ജീവിതത്തിനുമിടയിൽ വിറയാർന്നു ജീവിച്ച നിസ്സഹായരായ പാവം മനുഷ്യരുടെ ഹൃദയലിപികളാൽ വാഴ്ത്തപ്പെടും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.