| സയിദ് അബി
നിരന്തരമായി നടക്കുന്ന പോലീസ് അതിക്രമങ്ങൾക്ക് എതിരെയുള്ള പ്രതികരണങ്ങൾ പോലീസിന്റെ മനോവീര്യത്തെ സാരമായി ബാധിക്കും എന്ന് തന്നെയാണ് കരുതുന്നത്.നീതി നിർവഹണവും ക്രമസമാധാനവും ഭൗത്യമായി കരുതുന്ന ഒരു സേനക്കെതിരെ തുടരെ അവിശ്വാസം സമൂഹത്തിൽ പരക്കുന്നത് കൃത്യതയുള്ള ഭരണകൂടത്തിന് നെഗറ്റീവായ ഇമേജാണ് നൽകുക.
സസ്പെൻഷൻ, സ്ഥലമാറ്റം, ഡിസ്മിസ് ഇതൊക്കെ ദിനേനെ സംഭവിക്കുമ്പോൾ കാര്യമായെന്തോ പ്രശ്നമുണ്ടെന്ന മനോഭാവത്തിന് ബലം വെക്കും. സ്ഥലമാറ്റവും സസ്പെൻഷനും പോസിറ്റീവായി പ്രതിഫലിക്കാൻ സാധ്യതയില്ല. ഇവിടെത്തെ പ്രശ്നം തികച്ചും രാഷ്ട്രീയമാണ് എന്ന കാതലിലേക്ക് ശ്രദ്ധ പൂർണമായി തിരിയാതെ പ്രശ്നത്തിന്റെ ഗൗരവം രേഖപ്പെടുത്തപ്പെടില്ല.
പോലീസിൽ പൊതുപ്രവർത്തകരോ പാർട്ടി നേതാക്കളോ സഖാക്കളോ നേരിട്ടോ അല്ലാതെയോ ഇടപെടാൻ പാടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോലീസ് മനോഹരമായി നടപ്പിലാകുമെന്നുമുള്ള 2016 ലെ എൽഡിഎഫ് നിലപാട് എങ്ങനെയായിരിക്കും നടപ്പിലാക്കിയിട്ടുണ്ടാവുക?
ചീഫ് സെക്രട്ടറി മുതൽ ജില്ലാ പോലീസ് മേധാവി വരെ നീളുന്ന അധികാരകേന്ദ്രങ്ങളിലേക്ക് ഈ തീരുമാനം കൃത്യമായി എത്തിക്കുകയും അതുവഴി സമയമെടുത്തിട്ടാണ് ഈ നയം നടപ്പിൽ വരുത്തിയിരിക്കുന്നത്. ആദ്യ ഘട്ടങ്ങളിലെ പരാതികൾ ഗൗനിക്കേണ്ടതില്ല എന്നും കാലം കഴിയുമ്പോൾ പോലീസ് കൂടുതൽ ജനകീയമായി,രാഷ്ട്രീയ മുക്തമായി ഒരു കിനാശ്ശേരി ഉണ്ടായി വരുമെന്നുമാണ് രാഷ്ട്രീയ നേതൃത്വം കരുതിയത്.പാർട്ടി ഘടകങ്ങളിൽ അതിന് വേണ്ടി പ്രചാരണം നടത്തി. ഇടപെടലുകൾ പരമാവധി കുറച്ച് കൊണ്ട് വന്നു. ചുരുങ്ങിയ കാലം കൊണ്ടൊന്നും നടന്ന കാര്യമല്ല അത്. വർഷങ്ങൾ എടുത്തിട്ടാണ് ഓരോ ഇടത്തും കാര്യങ്ങൾ നയം പോലെ പരുവപ്പെട്ടത്.
താഴെകിടയിലെ പോലീസുകാർക്ക് രാഷ്ട്രീയ ആരോപണങ്ങളുടെ പേരിലുള്ള വെല്ലുവിളി പരമാവധി കുറഞ് വന്നു. ഉന്നതഉദ്യോഗസ്ഥരുടെ സംരക്ഷണം അക്കാര്യങ്ങളിൽ ലഭിച്ചു.ഉദ്യോസ്ഥർക്ക് ഒരൊറ്റ രാഷ്ട്രീയക്കാരനെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയെന്ന അവസ്ഥ വന്നു.അവതരിപ്പിക്കുന്ന ഉന്നതഉദ്യോഗസ്ഥന്റെ മിടുക്ക് പോലെ പരാതികൾ എവിടെയും എത്താതെ ആയി. മുഖ്യമന്ത്രി പാർട്ടിയിൽ നിന്നുള്ള പരിശോധയിൽ നിന്ന് പൂർണമായി മുക്തനായിരുന്നു. ഒരു നേതാവിന്റെ അനിവാര്യമായ ബോധ്യപ്പെടുത്തലൊന്നും പാർട്ടി വേദിയിൽ സംഭവിച്ചില്ല. ആശങ്കകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന ആശ്വാസ വാചകങ്ങൾ വായുവിൽ പാറി നടന്നു.
അപ്പുറത്ത് ഏത് കാര്യത്തിലും എന്നത് പോലെ, നയം നടപ്പിലാക്കാൻ ഇച്ഛാശക്തിയോടെ മുഖ്യമന്ത്രി മുമ്പോട്ട് പോയി.അത് പരമാവധി വിജയത്തിലേക്ക് പ്രവേശിക്കുകയാണ്. പൊലീസിലെ കമ്യൂണിസ്റ്റ് ഇടപെടൽ എന്നത് ഇന്ന് വിടി സതീശന്റെ രാഷ്ട്രീയ പ്രസംഗത്തിൽ പോലും ഇടമില്ലാത്ത പ്രസ്താവനയായി.
വലത്പക്ഷത്തിനും ബൂർഷ്വാകൾക്കും ഇടവും സ്വാധീനവും ഉണ്ടായിരുന്ന പോലീസ് വരാന്തകളിൽ കമ്യൂണിസ്റ്റുകൾ തർക്കിച്ച് പൊരുതിയാണ് പലതും നേടി എടുത്തത്. അതിന്റെ കടക്കൽ കത്തി താഴ്ത്തിയാണ് ഒരു പോലീസ് നയം പിണറായി വിജയൻ ആവിഷ്കരിച്ചത്.
ആ നയത്തിന്റെ ബലത്തിൽ പൂർണമായ ഒരു പോലീസ് സേനക്ക് ഇപ്പോൾ നടക്കുന്ന നടപടികൾ ഗുണം ചെയ്യില്ല. കഴിഞ്ഞ 6 കൊല്ലം DGP റാങ്ക് മുതൽ താഴോട്ട് ഉള്ളവർ വിശദീകരിച്ച നയപരിപാടികൾ പ്രകാരമുള്ള വലത് വത്കരണമാണ് പോലീസിൽ നടക്കുന്നത്. അതിന്റെ പ്രതിഫലനമാണ് നമ്മൾ ഇപ്പോൾ കാണുന്നത്, അതെ സമയം പോലീസിനെ ഇങ്ങനെ തിരുത്തി നേരിടാം എന്നത് മൗഢ്യമാണ്. അവർക്ക് ലഭ്യമായ സൗകര്യങ്ങൾ അത്പോലെ നിലനിർത്തി കൊണ്ട് പോലീസിനെ ശിക്ഷിക്കാം എന്ന് കരുതരുത്.
രാഷ്ട്രീയമാണ് പ്രധാനപ്പെട്ട വിഷയം.എല്ലാ സമയത്തും എന്നത് പോലെ പ്രതീക്ഷ അർപ്പിക്കുന്നത് DGP യുടെ ഓർഡറിലല്ല, സിപിഐഎം സ്റ്റേറ്റ് സെക്രട്ടറിയേറ്റിലാണ്. സംസ്ഥാന കമ്മിറ്റിയിലാണ്, ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളോടുള്ള പാർട്ടി പ്രതികരണം എന്താണ് എന്നാണ് അറിയേണ്ടത്. തിരുത്തുകൾ സംഭവിക്കേണ്ടത് രാഷ്ട്രീയ ഇടങ്ങളിൽ നിന്നാണ്. നയമാണ് മാറേണ്ടത്, ഒറ്റമൂലി കൊണ്ട് കാര്യമില്ല.
പാർട്ടി പഴയ വഴിയിൽ തന്നെയാണെങ്കിൽ 2016 ൽ തുടങ്ങിയ പോലീസ് നയത്തിന്റെ പരിപൂർണതയിലേക്ക് എത്തുന്ന സന്ദർഭത്തിൽ നടക്കുന്ന അവിശ്വാസങ്ങൾ പോലീസിന്റെ മനോവീര്യത്തെ ബാധിക്കുക തന്നെ ചെയ്യും.ഭ്രാന്തെടുത്ത രൂപത്തിലേക്ക് അത് മാറും. അത് പോലീസിനും സമൂഹത്തിനും നല്ലതല്ല,
സിപിഐഎമ്മിന് എന്ത് നടന്നാലും കാര്യമായൊരു പ്രശ്നം ഇല്ലാത്തത് കൊണ്ട് സഖാക്കളുടെ വേവലാതികൾ കൂടെ പൊതുബോധം ഏറ്റെടുത്ത് തുടങ്ങും.
ഏത് വലിയ പൊതുബോധവും മറികടക്കാൻ പാർട്ടിയെ പ്രാപ്തമാക്കുന്നത് പാർട്ടി സഖാക്കളാണ്.അവർ കൂടി ഈ പൊതുബോധത്തിൽ നിർബന്ധിതമായി പങ്ക് ചേർന്നാൽ കാര്യങ്ങൾ കൂടുതൽ കഷ്ടത്തിലാകും. സിപിഐഎം സ്റ്റേറ്റ് കമ്മിറ്റിയും സെക്രട്ടറിയേറ്റും അവരുടെ മുൻകാല പാരമ്പര്യത്തിന്റെ ആത്മാവ് ഉൾകൊണ്ട് ബോഡിയുടെ കരുത്ത് കാണിച്ചാൽ അത്രെയും നല്ലത്



