ഇനി മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍. ഇതിനായി നിയമഭേദഗതി നടത്താനുള്ള വോട്ടെടുപ്പിൽ 23 പേർ അനുകൂലിച്ചും 12 പേർ എതിർത്തും വോട്ട് ചെയ്തു. രണ്ട് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അതിർത്തി സംസ്ഥാനമായ തമൗലിപാസിലെ നിയമനിർമ്മാതാക്കൾ സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ വോട്ട് ചെയ്തു. “രാജ്യം മുഴുവൻ നിറങ്ങളാൽ തിളങ്ങുന്നു. എല്ലാ ജനങ്ങളും അന്തസ്സോടെ ജീവിക്കട്ടെ,” വോട്ടെടുപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് ആർതുറോ സാൽദിവർ ട്വീറ്റ് ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തെക്കന്‍ സംസ്ഥാനമായ ഗുറേറോയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കി. 2015-ൽ, സുപ്രീം കോടതി സ്വവർഗ വിവാഹം തടയുന്ന സംസ്ഥാന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു, എന്നാൽ ചില സംസ്ഥാനങ്ങൾ വിധിക്ക് അനുസൃതമായ നിയമങ്ങൾ സ്വീകരിക്കാൻ വർഷങ്ങളെടുത്തു.
പരാഗ്വേ, ബൊളീവിയ, പെറു, വെനസ്വേല, മധ്യ അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കരീബിയൻ പ്രദേശങ്ങളിലും സ്വവർഗ വിവാഹം നിയമവിരുദ്ധമോ അംഗീകരിക്കപ്പെടാത്തതോ ആണെന്ന് ആഗോള എൽജിബിടിക്യു റൈറ്റ്സ് ട്രാക്കർ ഇക്വാൽഡെക്‌സ് പറയുന്നു.



