ഇന്നുമുതൽ തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. പുതിയ നിയമത്തിൽ ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിയമം നിഷ്കർഷിക്കുന്നു. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമായി.
മാത്രമല്ല ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ഈ മാസം 19 ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്മെന്റ് ഗേറ്റ് വേകളും ഓൺലൈൻ ചൂതാട്ട, ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുത്. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങൾക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാർത്ഥികളുമടക്കം ഇരുപതിലേറെപ്പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തെപ്പറ്റി ആലോചിച്ചത്.



