| കെ സഹദേവൻ
കാലാവസ്ഥാ ഉച്ചകോടി ഇന്ന് (നവമ്പര്‍ 6) ന് ഈജിപ്തിൽ ആരംഭിക്കുമ്പോൾ ഉച്ചകോടിയിലെ ഇന്ത്യയുടെ നിലപാടുകള്‍ കൂടുതല്‍ സൂക്ഷ്മതയോടെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. പാരീസ് ഉടമ്പടി പ്രകാരം, പുതുക്കിയ ദേശീയ നിര്‍ണ്ണീത സംഭാവന (Updated Nationally Determined Contributions) സംബന്ധിച്ച ആദ്യരേഖ ഇന്ത്യാ ഗവണ്മെന്റ് യുഎന്‍എഫ്സിസിസിക്ക് ഈ വര്‍ഷം സമര്‍പ്പിക്കുകയുണ്ടായി. കരാര്‍പ്രകാരം രണ്ട് വര്‍ഷം മുമ്പ് സമര്പ്പിക്കേണ്ടതായിരുന്നുവെങ്കില് കൂടിയും ഈ വര്‍ഷം ആഗസ്ത് 23ന് മാത്രമാണ് ഔദ്യോഗികമായി ഇത് തയ്യാറാക്കപ്പെടുന്നത്.
ഗവണ്മെന്റ് തയ്യാറാക്കിയ രേഖ മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ ഇവയാണ്:
- കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഒരു താക്കോലായി ‘LIFE-Lifestyle For Environment ഉള്‍പ്പെടെയുള്ള ബഹുജന മുന്നേറ്റങ്ങളിലൂടെ, .പാരമ്പര്യങ്ങളിലും സംരക്ഷണത്തിന്റെയും മിതത്വത്തിന്റെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായതുമായ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി മുന്നോട്ട് വെക്കുകയും കൂടുതല്‍ പ്രചരിപ്പിക്കുകയും ചെയ്യുക. (updated)
- സാമ്പത്തിക വികസനത്തിന്റെ അനുബന്ധതലങ്ങളില് മറ്റുള്ളവര്‍ പിന്തുടരുന്നതിനേക്കാള് കാലാവസ്ഥാ സൗഹൃദവും വൃത്തിയുള്ളതുമായ പാത സ്വീകരിക്കുക.
- 2005ലെ നിലവാരത്തില്‍ നിന്ന് 2030 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത 45 ശതമാനം കുറയ്ക്കുക (updated).
- ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടില്‍ (GFC) സാങ്കേതിക വിദ്യയുടെ കൈമാറ്റം, ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം എന്നിവയുടെ സഹായത്തോടെ 2030-ഓടെ ഫോസിലേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് സഞ്ചിത (cumulative) വൈദ്യുതോര്‍ജ്ജത്തിന്റെ പ്രതിഷ്ഠാപിതശേഷി 50ശതമാനം കൈവരിക്കും (updated).
- 2030ഓടെ അധിക വനത്തിലൂടെയും മരവല്ക്കരണങ്ങളിലൂടെയും 2.5 മുതല്‍ 3 ബില്യണ്‍ ടണ്‍ വരെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കംചെയ്യാനുള്ള അധിക കാര്‍ബണ്‍ സിങ്ക് (Carbon Sink എന്നാൽ അന്തരീക്ഷ കാര്‍ബണ്‍ നീക്കം ചെയ്യാനുള്ള/പിടിച്ചടക്കാനുള്ള സംവിധാനമെന്നാണ് ഉദ്ദേശിക്കുന്നത്- ലേഖകന്‍) സൃഷ്ടിക്കുക.
- ക്ഷതസാധ്യതാ മേഖലകളില്‍, പ്രത്യേകിച്ച് കൃഷി, ജലസ്രോതസ്സുകള്‍, ഹിമാലയന്‍ മേഖല, തീരപ്രദേശങ്ങള്‍, ആരോഗ്യം, ദുരന്തനിവാരണം എന്നിവയില്‍, വികസന പരിപാടികളില്‍ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തോട് കൂടുതല്‍ പൊരുത്തപ്പെടാനുള്ള (adaptation) നടപടികള്‍ സ്വീകരിക്കും.
- വിഭവാശ്യങ്ങളും വിഭവ വിടവും (resource demand & resource gap) കണക്കിലെടുത്ത്, മേല്‍പ്പറഞ്ഞ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ആഭ്യന്തരമായും, വികസിത രാജ്യങ്ങളില്‍ നിന്നും പുതിയതും അധികവുമായ ഫണ്ടുകള്‍ സമാഹരിക്കും.
- ആധുനിക കാലാവസ്ഥാ സാങ്കേതികവിദ്യയുടെ ദ്രുത വ്യാപനത്തിനും, ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, അത്തരം ഭാവി സാങ്കേതികവിദ്യകള്‍ക്കായി സംയുക്ത സഹകരണ ഗവേഷണ-വികസനത്തിനും വേണ്ടിയുള്ള ആഭ്യന്തര ചട്ടക്കൂടും അന്താരാഷ്ട്ര രൂപകല്പനയും നിര്‍മ്മിക്കുക.
മുകളില്‍ സൂചിപ്പിച്ച 8 പോയിന്റുകളാണ് ഇന്ത്യയുടെ പുതുക്കിയ ദേശീയ നിര്‍ണ്ണീത സംഭാവനകള്‍ എന്ന നിലയ്ക്ക് യുഎന്‍എഫ്സിസിസിക്ക് മുമ്പാകെ വെച്ചിരിക്കുന്നത്. നാല് പേജുകള്‍ മാത്രമുള്ള ഈ ഔദ്യോഗിക രേഖയിലൂടെ കടന്നുപോയാല്‍ ഒരു കാര്യം വളരെ പെട്ടെന്ന് തന്നെ വ്യക്തമാകും. ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളില്‍ പലതും ഔദ്യോഗിക രേഖകളില്‍ നിന്ന് അപ്രത്യക്ഷമായതായി കാണാം.
മേല്‍സൂചിപ്പിച്ച പോയിന്റുകളില്‍ തന്നെയും അവ എങ്ങിനെ പ്രായോഗികതലത്തില്‍ നടപ്പിലാക്കും എന്നത് സംബന്ധിച്ച യാതൊരു ധാരണയും ഗവണ്മെന്റിനോ നയരൂപീകരണ വിദഗ്ധര്ക്കോ ഉള്ളതായി മനസ്സിലാക്കാന്‍ കഴിയില്ല.
ഉദാഹരണത്തിന്, ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെ കാര്‍ബണ്‍ ഉത്സര്‍ജ്ജനം 2030 ആകുമ്പോഴേക്കും 45% ആയി കുറയ്ക്കും(2005ലെ നിലയിലേക്ക്) എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം ഒരു ലക്ഷ്യം കൈവരിക്കുന്നത് സംബന്ധിച്ച എന്തെങ്കിലും മാനദണ്ഡങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടാക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തില്‍ മേഖലാധിഷ്ഠിതമായ ലക്ഷ്യങ്ങളോ, സാമ്പത്തിക നീക്കിയിരിപ്പുകളോ ഒന്നും തന്നെ ഗവണ്മെന്റ് നടത്തിയിട്ടില്ലെന്ന് അറിയേണ്ടതുണ്ട്.
പ്രധാനമന്ത്രി വലിയ വായില്‍ വിളിച്ചുപറയുന്ന LIFE പദ്ധതിയെന്നത് ഒരു ആശയത്തിനപ്പുറം എന്തെങ്കിലും അളവുപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തമായവയല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. കാര്‍ബണ്‍ സിങ്കിനുള്ള കൂടുതല്‍ ഹരിതമേഖല സൃഷ്ടിക്കുമെന്ന് എന്‍ഡിസി രേഖയില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും കാര്‍ബണ്‍ കുറയ്ക്കല്‍ സംബന്ധിച്ച അടിസ്ഥാനമെന്തെന്ന് (baseline) വ്യക്തമാക്കുന്നില്ലെന്ന് കാണാം. രാജ്യത്തിന്റെ നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ ഭൂവിനിയോഗ രീതി പരിശോധിക്കുമ്പോള്‍ നേര്‍വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക.
(തുടരും)



