ഉത്തരകൊറിയ തുടർച്ചയായി നടത്തുന്ന മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെയ്ക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി യുഎൻ രക്ഷാസമിതിക്ക് മുൻപിൽ ജി-7 രാഷ്ട്രങ്ങൾ. അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഈ ആഹ്വാനങ്ങൾ അവഗണിക്കുന്ന വിധം ഉത്തരകൊറിയ പെരുമാറുന്നുവെന്ന് ജി-7 രാഷ്ട്രങ്ങൾ ആരോപിക്കുന്നു
.പ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കുന്ന നിരന്തരമായ മിസൈല്‍ വിക്ഷേപണത്തില്‍ ഉത്തരകൊറിയക്കെതിരെ നടപടികള്‍ വേണമെന്ന് ജി-7 വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് എന്നീ രാജ്യങ്ങളാണ് ആവശ്യവുമായി രംഗത്തെത്തിയത്. നവംബര്‍ 18ന് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-17 വിക്ഷേപണം നടത്തിയത്.
മോൺസ്റ്റർ മിസൈൽഎന്ന ഹ്വാസോങ്-17 ഉത്തരകൊറിയൻ വജ്രായുധം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അവസാന ഒരുമാസത്തിനിടെ ഏകദേശം മുപ്പതിലേറെ മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചുവെന്നാണ് കണക്ക്.
ഹ്വാസോങ്-17 ആയുധ ശേഖരത്തിലെ ഏറ്റവും ശക്തമായതാണെന്ന് ഉത്തര കൊറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ കൊറിയ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അവകാശപ്പെട്ടിരുന്നു.ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ മകളെ ആദ്യമായി പുറം ലോകത്തിന് മുന്നിൽ കാണിച്ചതിന്റെ ചടങ്ങുകളുടെ ഭാഗമായായിരുന്നു ഈ മിസൈല്‍ പരീക്ഷണം.



