12 September 2026
Home Entertainments എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

178

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ ഈ മഹോത്സവം വീണ്ടും ആരംഭിക്കുന്നത്. ഏഴ് ദിവസം നീളുന്ന നാടകോത്സവം ആകാശവാണിയുടെ കേരള നിലയങ്ങൾ വഴി മെയ് 18 വരെ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് പുനപ്രക്ഷേപണവും ഉണ്ടായിരിക്കും.

ആദ്യ ദിനമായ തിങ്കളാഴ്ച മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തിയ ജയരാജ് മിത്ര രചിച്ച “ദൈവത്തിന്റെ മനം ആരു കണ്ടു” എന്ന നാടകം പ്രക്ഷേപണം ചെയ്തു. എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖ ശബ്ദനടന്മാരും നാടകത്തിന് ശബ്ദം നൽകി.

നാടകോത്സവത്തിന്റെ തുടർദിനങ്ങളിൽ വിവിധ നിലയങ്ങളിൽ നിന്നുള്ള ശ്രദ്ധേയ നാടകങ്ങൾ പ്രക്ഷേപണം ചെയ്യും. ചൊവ്വാഴ്ച കോഴിക്കോട് നിലയത്തിന്റെ “മടക്കം”, 13ന് തിരുവനന്തപുരം നിലയത്തിന്റെ “ജീവിതോത്സവം”, 14ന് തൃശ്ശൂർ നിലയത്തിന്റെ “സേതുലക്ഷ്മി കാത്തിരുന്ന രഥോത്സവം” എന്നിവ അവതരിപ്പിക്കും.

15ന് കണ്ണൂർ നിലയം അവതരിപ്പിക്കുന്ന “മൗന സാക്ഷി” എന്ന നാടകം പ്രേക്ഷകരിലേക്ക് എത്തും. എച്ച്. വിനോദ് ബാബു രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ നാടകവും ശ്രദ്ധേയമായിരിക്കും. 16ന് കോഴിക്കോട് നിലയത്തിന്റെ കെ.വി. ശരത് ചന്ദ്രൻ രചിച്ച “കാണ്‍ക കടലിനെ കണ്‍തുറക്കാതെ” അവതരിപ്പിക്കും.

17ന് കൊച്ചി നിലയത്തിന്റെ “കടങ്കഥയിലെ വിരുന്നുകാരൻ” എന്ന നാടകത്തിൽ മോഹൻലാൽ അഭിനയിക്കുന്നതായി അറിയിച്ചിട്ടുണ്ട്. 18ന് രാത്രി 9.30 ന് നാടകോത്സവത്തിന്റെ സമാപന അവലോകനവും നടക്കും. റേഡിയോ നാടകങ്ങളുടെ സ്വർണകാലം വീണ്ടും ഓർമ്മിപ്പിക്കുന്ന രീതിയിൽ ആകാശവാണിയുടെ ഈ നാടകോത്സവം ശ്രോതാക്കൾക്ക് ഗൃഹാതുരതയും കലാനുഭവവും ഒരുമിച്ച് സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.