| ശ്രീജ നെയ്യാറ്റിൻകര
“എന്റെ ഖബറിന് മുന്നിൽ ആരും കരയരുത്, പ്രാർത്ഥിക്കരുത്, ഖുർ ആൻ വായിക്കരുത്, സന്തോഷത്തോടെ പാട്ട് പാടിയാൽ മതി “… ഭരണകൂടത്തിന്റെ മനുഷ്യ വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഇറാൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച മജീദ് റെസ റഹ്നാവാദ് എന്ന 23 കാരന്റെ അവസാനത്തെ ആഗ്രഹം അതായിരുന്നു.
അഞ്ച് ദിവസത്തിനുള്ളിൽ ഇറാൻ ഭരണകൂടം തൂക്കിലേറ്റിയ രണ്ടാമത്തെ മനുഷ്യൻ. അയാൾ മരണത്തിലേക്ക് നടന്നു നീങ്ങുമ്പോഴും നിർഭയത്വത്തോടെ പറഞ്ഞ വാക്കുകൾ അഥവാ കരുത്തുള്ള രാഷ്ട്രീയ പ്രസ്താവന ഇന്ന് ലോകം ചർച്ച ചെയ്യുകയാണ്.
കുറച്ച് തലമുടി പുറത്ത് കണ്ടതിന്റെ പേരിൽ അഥവാ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മത പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കൊലപെടുത്തുകയും ചെയ്ത മഹ്സ അമിനിക്ക് വേണ്ടി അഥവാ സ്വാതന്ത്ര്യത്തിനും സ്ത്രി അവകാശങ്ങൾക്കും വേണ്ടി ഇറാനിൽ ഉയർന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത പതിനായിരത്തിലധികം മനുഷ്യരെ ജയിലിലടച്ചിരിക്കുകയാണ് ഇറാൻ ഭരണകൂടം. ഇതുവരെ 18 മനുഷ്യരെ വധശിക്ഷയ്ക്ക് വിധിച്ചു കഴിഞ്ഞു. അവരിൽ ഓരോരുത്തരെയായി വധശിക്ഷയ്ക്ക് വിധേയരാക്കിക്കൊണ്ട് സ്വന്തം പൗര സമൂഹത്തോട് പകവീട്ടുന്ന ഒരു ഭരണകൂടത്തെയാണ് ഇറാനിൽ കാണുന്നത്.
ജനകീയ പ്രക്ഷോഭത്തിൽ ഭാഗഭാക്കായതിന്റെ പേരിൽ മനുഷ്യരെ രാജ്യദ്രോഹക്കുറ്റം ചാർത്തി തൂക്കുകയറിലേക്ക് പറഞ്ഞു വിടുന്ന ഭീകര ഭരണകൂടം വധശിക്ഷ നടപ്പാക്കുമ്പോൾ ആ വ്യക്തിയുടെ കുടുംബത്തെ പോലും അതറിയിക്കാതെയാണ് ഈ ഭീകരത നടപ്പാക്കുന്നത്. അപ്പോഴും നിർഭയത്വത്തോടെ മനുഷ്യരിപ്പോഴും സർക്കാരിനെതിരെ തെരുവിൽ ജനകീയ പ്രക്ഷോഭം നടത്തുന്നു. ഒരു വധശിക്ഷയ്ക്കും അവരെ ഭയപ്പെടുത്താനാകില്ല എന്നത് ചെറിയ കാര്യമല്ലല്ലോ. പോരാളിയാണ് മജീദ് റെസ റഹ്നാവാദ്



