...
Home News Kerala വാക്സിൻ കുത്തിവെയ്ക്കാത്ത അധ്യാപകരെ പിരിച്ചുവിടണമെന്ന് പറയുന്നത് തീവ്രവാദമാണ്

വാക്സിൻ കുത്തിവെയ്ക്കാത്ത അധ്യാപകരെ പിരിച്ചുവിടണമെന്ന് പറയുന്നത് തീവ്രവാദമാണ്

87

ഡോ. പ്രേംകുമാർ

മതപരമായ കാരണത്താൽ വാക്സിനെടുക്കാത്ത അധ്യാപകരെ പിരിച്ചുവിടണമെന്ന തീവ്രവാദത്തിനോട് യോജിക്കാനാവില്ല. ഉള്ളതോ ഇല്ലാത്തതോ ആയ വിശ്വാസത്തിന്റെ പേരിൽ, ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായ എക്സ്ക്യൂസുകളും പരിഗണനകളും ഇക്കണ്ട കാലം മുഴുവൻ നൽകിക്കൊണ്ടിരിക്കുകയാണ് നമ്മൾ.

സകലമതങ്ങൾക്കും ആൾദൈവങ്ങൾക്കുമിത് കിട്ടുന്നുണ്ട്. അതേറ്റവും കൂടുതലുള്ളത് വിദ്യാഭ്യാസ മേഖലയിലാണ് താനും. ഇങ്ങനെയൊക്കെ നാട്ട് നടപ്പുള്ളൊരു നാട്ടിൽ പെട്ടന്നൊരുനാൾ കുത്തിവെയ്ക്കാത്ത അധ്യാപകരെ പിരിച്ചുവിടണമെന്ന് പറയുന്നത് തീവ്രവാദമാണ്. അവർ തൽക്കാലം വീട്ടിലിരിക്കട്ടെ. കുത്തിവെപ്പെടുത്ത് പനിയൊക്കെ മാറീട്ട് പണിക്ക് വരട്ടെ. അതുവരേക്കും കഴിഞ്ഞ മാസത്തെ ശമ്പളം ബാങ്കിലിട്ടതിൽ നിന്നെടുത്തുണ്ണട്ടെ.

വാക്സിനെടുക്കാത്തവർ എങ്ങനെയാവും പരിണാമസിദ്ധാന്തം പഠിപ്പിക്കുക എന്ന് മാത്രമാലോചിച്ച് ആശങ്കപ്പെടേണ്ട. എന്റെ വിശ്വാസത്തിനെതിരാണ് ശാസ്ത്രമെന്ന് ഈ ജാതി സാധനങ്ങൾ തെളിച്ചു പറയും; അപ്പോൾ കുട്ടികൾക്ക് തിരിയും. ഇതല്ലാത്ത സൈസുകളാണ് അപകടകാരികൾ. ശാസ്ത്രവും സ്വാതന്ത്യവും പുരോഗമനവുമൊക്കെ മേനി നടിക്കുകയും കിട്ടുന്ന ചാൻസിലെല്ലാം സകല പിന്തിരിപ്പത്തരങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാതൃകാദ്ധ്യാപകർ.

അവരെ തിരിച്ചറിയുക അത്രയെളുപ്പമാവില്ല കുട്ടികൾക്ക്. പെണ്ണുങ്ങൾ നേർത്ത സെറ്റ് മുണ്ടും വേഷ്ടിയുമുടുത്താൽ മാത്രം ദർശിക്കാനാവുന്ന കേരളീയ പാരമ്പര്യത്തിന്റെ സൗന്ദര്യത്തെപ്പറ്റി നാളെ
കീറാനുള്ള പ്രസംഗം മനഃപ്പാഠമാക്കുകയായിരിക്കുമവരിപ്പോൾ. സത്യത്തിൽ വല്യ കഷ്ടാണ് പഴയ കാലത്തെ ഗുരുക്കളെ കേൾക്കുന്ന പുതിയ കാലത്തെ കുട്ട്യോൾടെ കാര്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.