2026 ഫിഫ ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ പോരാട്ടം കഴിഞ്ഞതിന് പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് അടിയന്തരമായി അമേരിക്ക വിടാൻ അധികൃതർ നിർദ്ദേശം നൽകി. ലോസ് ആഞ്ജലീസിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ ഈ നീക്കമുണ്ടായത്. ടൂർണമെന്റിനായെത്തിയ ഇറാൻ ടീമിന്റെ ഔദ്യോഗിക ക്യാമ്പ് മെക്‌സിക്കോയിലെ ടിജുവാനയിലാണ്; അവിടേക്ക് എത്രയും വേഗം മടങ്ങാനാണ് ടീമിനോട് അധികൃതർ ആവശ്യപ്പെട്ടത്.
ഇറാൻ പരിശീലകൻ ആമിർ ഖലെനോയി ആണ് ഈ ഞെട്ടിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. കാലിഫോർണിയയിൽ ഒരു രാത്രി കൂടി ചെലവഴിച്ച് വിശ്രമിച്ച ശേഷം പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം മടങ്ങാനായിരുന്നു ടീം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മത്സരശേഷം ഉടൻ തന്നെ വിമാനത്തിൽ കയറാൻ നിർദ്ദേശം ലഭിക്കുകയായിരുന്നു. കളിക്കാർക്ക് അവശ്യമായ വിശ്രമമോ റിക്കവറി സെഷനുകളോ നടത്താൻ പോലും സമയം അനുവദിക്കാത്ത ഈ നടപടി ടീമിനെ ആകെ ഉലച്ചുകളഞ്ഞതായി പരിശീലകൻ വ്യക്തമാക്കി.
ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പരിശീലകൻ രേഖപ്പെടുത്തിയത്. “ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും സമയം തരാതെ എന്തിനാണ് ഞങ്ങളെ തിരികെ അയയ്ക്കുന്നതെന്ന് അറിയില്ല; ഇത് വളരെ വിചിത്രമായി തോന്നുന്നു” എന്ന് ഖലെനോയി പറഞ്ഞു. ലോകകപ്പിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന ടീം തങ്ങളായിരിക്കുമെന്നും മറ്റാരോ എവിടെയോ ഇരുന്നു ആസൂത്രണം ചെയ്യുന്ന തീരുമാനങ്ങളാണ് നടപ്പിലാക്കപ്പെടുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമിയും ഈ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഇപ്പോൾ തന്നെ ലോസ് ആഞ്ജലീസ് വിടേണ്ടി വരുന്നത് ടീമിന് ഒട്ടും ഗുണകരമല്ലെന്നും തങ്ങളെ സംബന്ധിച്ച് ഇതൊരു ദുരന്തത്തിന് തുല്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇത്തരം അപ്രതീക്ഷിത നീക്കങ്ങളിൽ ഫിഫ ഇടപെടണമെന്നും തങ്ങളെ സഹായിക്കേണ്ടതുണ്ടെന്നും തരേമി കൂട്ടിച്ചേർത്തു.
യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മുന്നൂറിലധികം വരുന്ന ഇറാൻ വിരുദ്ധ പ്രക്ഷോഭകർ ഭരണകൂടത്തിനെതിരേ പ്രതിഷേധ സൂചകമായി പതാകകളേന്തി നിലയുറപ്പിച്ചിരുന്നു. മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോഴും, ടീം ആദ്യ ഗോൾ നേടിയപ്പോഴും ഒരുവിഭാഗം കാണികൾ കൂകിവിളിച്ചും വിസിലടിച്ചും പ്രതിഷേധം അറിയിച്ചിരുന്നു.
പെട്ടെന്നുള്ള ഈ യാത്ര ടീമിന്റെ ആസൂത്രിതമായ വിശ്രമവേളകളെയും തയ്യാറെടുപ്പുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. രാഷ്ട്രീയ സംഘർഷങ്ങൾ കായിക മൈതാനത്തെയും ബാധിക്കുന്ന കാഴ്ചയാണ് ലോസ് ആഞ്ജലീസിൽ കണ്ടത്. ആസൂത്രിതമായ നീക്കത്തിലൂടെ ടീമിനെ മാനസികമായി തളർത്താനുള്ള ശ്രമമാണോ ഇതെന്ന് ഇറാൻ ക്യാമ്പ് സംശയിക്കുന്നു.


