2017-ൽ പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ആക്ഷൻ ചിത്രം Jaya Janaki Nayaka യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവെച്ച് നടി Rakul Preet Singh. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ചിത്രത്തിലെ ജാനകി എന്ന കഥാപാത്രം എന്നും തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുമെന്നും പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും രാകുൽ കുറിച്ചു. ‘ജയ ജാനകി നായക’യെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ചിത്രമാക്കി മാറ്റിയ പ്രേക്ഷകരുടെ സ്നേഹം ഈ നേട്ടത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നതായും താരം വ്യക്തമാക്കി.
ചിത്രത്തിന്റെ സംവിധായകനായ ശ്രീനുവിനും മുഴുവൻ അണിയറ പ്രവർത്തകർക്കും രാകുൽ പ്രത്യേകം നന്ദി അറിയിച്ചു. ഈ യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ജയ ജാനകി സംവിധാനം ചെയ്തത് ബോയപതി ശ്രീനുവാണ്. ബെല്ലംകൊണ്ട ശ്രീനിവാസയും രാകുൽ പ്രീത് സിംഗും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ്. 2017 ഓഗസ്റ്റ് 11-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രണയവും കുടുംബബന്ധങ്ങളും ആക്ഷൻ രംഗങ്ങളും സമന്വയിപ്പിച്ച ചിത്രം അന്നും മികച്ച പ്രതികരണമാണ് നേടിയിരുന്നത്.


