...
Home Trending തായ്‌ലൻഡിൽ 2,000 വർഷം പഴക്കമുള്ള സ്വർണ മോതിരങ്ങൾ കണ്ടെത്തി; ബ്രാഹ്മി ലിപി ഇന്ത്യൻ ബന്ധത്തിന് തെളിവെന്ന്...

തായ്‌ലൻഡിൽ 2,000 വർഷം പഴക്കമുള്ള സ്വർണ മോതിരങ്ങൾ കണ്ടെത്തി; ബ്രാഹ്മി ലിപി ഇന്ത്യൻ ബന്ധത്തിന് തെളിവെന്ന് ഗവേഷകർ

തായ്‌ലൻഡിലെ ഫെച്ചബുരി പ്രവിശ്യയിലെ ഡോൺ യായ് തോങ് പുരാവസ്തു കേന്ദ്രത്തിൽ നടത്തിയ ഖനനത്തിനിടെയാണ് മനുഷ്യ അസ്ഥികൂടങ്ങൾക്കരികിൽ നിന്ന് സ്വർണ മോതിരങ്ങൾ കണ്ടെത്തിയത്.

3

തായ്‌ലൻഡിൽ നടന്ന പുരാവസ്തു ഖനനത്തിൽ ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് സ്വർണ മോതിരങ്ങൾ കണ്ടെത്തി. ഇവയിൽ ഒന്നിൽ ഇന്ത്യയുടെ പുരാതന ബ്രാഹ്മി ലിപിയിൽ കൊത്തുപണിയുള്ളത് ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡവും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുണ്ടായിരുന്ന പ്രാചീന വ്യാപാര-സാംസ്കാരിക ബന്ധങ്ങളുടെ പുതിയ തെളിവായാണ് ഈ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്.

തായ്‌ലൻഡിലെ ഫെച്ചബുരി പ്രവിശ്യയിലെ ഡോൺ യായ് തോങ് പുരാവസ്തു കേന്ദ്രത്തിൽ നടത്തിയ ഖനനത്തിനിടെയാണ് മനുഷ്യ അസ്ഥികൂടങ്ങൾക്കരികിൽ നിന്ന് സ്വർണ മോതിരങ്ങൾ കണ്ടെത്തിയത്. തായ്‌ലൻഡിന്റെ ഫൈൻ ആർട്‌സ് വകുപ്പാണ് കണ്ടെത്തൽ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

കണ്ടെത്തിയ മോതിരങ്ങളിൽ ഒന്നിൽ ബ്രാഹ്മി ലിപിയിലുള്ള എഴുത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക പഠനത്തിൽ, “പുസാരഖിതസ” എന്ന വാക്കാണ് മോതിരത്തിൽ കൊത്തിയിരിക്കുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. “പുഷ്യ നക്ഷത്രത്തിന്റെ സംരക്ഷകൻ” എന്നാണ് ഇതിന്റെ അർഥമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും പുരാതന എഴുത്ത് സമ്പ്രദായങ്ങളിലൊന്നായ ബ്രാഹ്മി ലിപിയുടെ സാന്നിധ്യം ഈ മേഖലയിലെ ഇന്ത്യൻ സ്വാധീനത്തിന്റെ സൂചനയായി ഗവേഷകർ കാണുന്നു.

അതേ അസ്ഥികൂടത്തിൽ നിന്നാണ് മറ്റൊരു സ്വർണ മോതിരവും കണ്ടെത്തിയത്. എന്നാൽ അതിൽ എഴുത്തുകളോ അലങ്കാരങ്ങളോ ഉണ്ടായിരുന്നില്ല. മോതിരങ്ങളുടെ രൂപകൽപ്പനയും കണ്ടെത്തിയ സാഹചര്യങ്ങളും കണക്കിലെടുത്ത്, അവ ധരിച്ചിരുന്ന വ്യക്തി വ്യാപാര സമൂഹവുമായി ബന്ധപ്പെട്ടിരുന്നിരിക്കാമെന്നാണ് പുരാവസ്തു വിദഗ്ധരുടെ നിഗമനം.

ബാങ്കോക്കിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഡോൺ യായ് തോങ് പ്രദേശം ഈ വർഷം ആദ്യം നാട്ടുകാർ നെൽവയലിൽ നിന്ന് പുരാതന വെങ്കല കലശങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആരംഭിച്ച ഖനനത്തിൽ ഇതുവരെ എട്ട് മനുഷ്യ അസ്ഥികൂടങ്ങളും നിരവധി പുരാവസ്തു വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 1,500 മുതൽ 2,500 വർഷം വരെ പഴക്കമുള്ള ഇരുമ്പുയുഗകാലത്തെ കേന്ദ്രമായാണ് ഈ പ്രദേശത്തെ ഗവേഷകർ കണക്കാക്കുന്നത്. സ്വർണം, വെങ്കലം എന്നിവകൊണ്ടുള്ള ആഭരണങ്ങൾ, മൺപാത്രങ്ങൾ, ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയും ഖനനത്തിൽ ലഭിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയ വിലപിടിപ്പുള്ള ആഭരണങ്ങൾ, അവിടെ സംസ്കരിക്കപ്പെട്ടവർ സമൂഹത്തിൽ ഉയർന്ന സ്ഥാനമോ പ്രത്യേക സ്വാധീനമോ ഉണ്ടായിരുന്നവരായിരിക്കാമെന്ന സൂചന നൽകുന്നതായി ഗവേഷകർ അഭിപ്രായപ്പെട്ടു. ബ്രാഹ്മി ലിപിയിലുള്ള മോതിരത്തിന്റെ കണ്ടെത്തൽ, ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള പ്രാചീന സമുദ്രവ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാണെന്നും അവർ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.