ഉത്സവ സീസണിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ജിയോ. കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 1,499 രൂപയ്ക്ക് 4ജി ഫീച്ചർ ഫോണിനൊപ്പം ആറ് മാസത്തെ സൗജന്യ റീചാർജ് ആനുകൂല്യമാണ് നൽകുന്നത്. പരിധിയില്ലാത്ത എച്ച്‌ഡി വോയ്‌സ് കോളുകൾക്കൊപ്പം പ്രതിമാസം 14 ജിബി ഡാറ്റയും ഓഫറിന്റെ ഭാഗമായി ലഭിക്കും.
നിലവിൽ 2ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 4ജിയിലേക്ക് മാറാൻ ലക്ഷ്യമിട്ടുള്ളതാണ് ഓഫർ. പരിമിതമായ കാലയളവിലേക്കാണ് പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ജിയോ ഭാരതിന്റെ ഏതൊക്കെ മോഡലുകൾക്ക് ഓഫർ ബാധകമാണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രതിമാസം 199 രൂപയുടെ റീചാർജ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് ആറ് മാസത്തേക്ക് ഏകദേശം 1,200 രൂപ ചെലവാകും. ഈ തുക ഫോൺ വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ജിയോ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് കണക്കാക്കുമ്പോൾ ഫോണിന്റെ ഫലപ്രദമായ വില 299 രൂപയായി വരും.
വിനോദവും യുപിഐ സേവനങ്ങളും
ജിയോ ഭാരത് ഫോണുകളിൽ വിനോദ സേവനങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ജിയോ ടിവിയിലൂടെ 500-ലധികം ചാനലുകൾ ആസ്വദിക്കാനാകും. ക്രിക്കറ്റ് മത്സരങ്ങൾ, സിനിമകൾ, വിവിധ പരിപാടികൾ എന്നിവ ജിയോ ഹോട്ട്‌സ്റ്റാറിലൂടെയും കാണാം. വിവിധ സംഗീത സേവനങ്ങളിലൂടെ ദശലക്ഷക്കണക്കിന് പാട്ടുകളും ആസ്വദിക്കാനാകും.
ജിയോ പേ വഴി യുപിഐ പേയ്‌മെന്റ് നടത്താനുള്ള സൗകര്യവും ഫോണിലുണ്ട്. പേയ്‌മെന്റ് അലർട്ടുകൾക്കും സൗണ്ട്‌ബോക്‌സ് സൗകര്യങ്ങൾക്കും പിന്തുണ ലഭിക്കും.
സുരക്ഷയ്ക്കും പ്രത്യേക ഫീച്ചറുകൾ
കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി സേഫ്റ്റി ഷീൽഡ് ഫീച്ചറും ജിയോ നൽകുന്നുണ്ട്. സുരക്ഷിതമായ കോളിംഗിനൊപ്പം കുടുംബാംഗങ്ങളുടെ ലൊക്കേഷൻ അറിയാനുള്ള സൗകര്യവും ഇതിലുണ്ട്.
ജിയോ ഭാരത് ബി1, ബി2 മോഡലുകളിൽ 2.4 ഇഞ്ച് ഡിസ്‌പ്ലേ, 2,000 എംഎഎച്ച് ബാറ്ററി, 4ജി കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളുണ്ട്. എന്നാൽ പത്താം വാർഷിക ഓഫർ ഈ മോഡലുകൾക്ക് ബാധകമാണോ എന്ന കാര്യത്തിൽ ജിയോ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.


