| കെ സഹദേവൻ
ഛത്തീസ്ഗഢില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരി പഞ്ചാബിലെത്താന്‍ എത്ര കിലോമീറ്ററുകള്‍ താണ്ടണം? സാധാരണഗതിയില്‍ ഒരു 1500 കിലോമീറ്റര്‍ മതിയാകും. എന്നാല്‍ അദാനിയുടെ കല്‍ക്കരി സ്ഥാപനത്തിന് അത് പോര. ഇന്ത്യയില്‍ നിന്നുല്പാദിപ്പിക്കുന്ന കല്‍ക്കരി ഇറക്കുമതി കല്ക്കരിയായി മാറാന്‍ അദാനിക്ക് റൂട്ട് മാറ്റിയേ മതിയാകൂ.
ഇതാ അദാനി റൂട്ട്.: ഛത്തീസ്ഗഢിലെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരി നേരെ ചെല്ലുന്നത് ഒഡീഷയിലെ തന്റെ തന്നെ ധാം്മ്ര പോര്‍ട്ടില്‍. അവിടെ നിന്ന് പിന്നീട് ശ്രീലങ്കന്‍ തുറമുഖം വഴി മുണ്ഡ്ര (ഗുജറാത്ത്) തുറമുഖത്തെത്തിക്കും. അവിടെ നിന്നും റെയില്‍വേ വഴി പഞ്ചാബിലേക്ക്. ഈ മൂന്നിടങ്ങളിലെയും തുറമുഖ നിയന്ത്രണം അദാനിയുടെ സ്വന്തമായതിനാല്‍ പ്രശ്നങ്ങളൊന്നുമില്ല. ഇതിനൊക്കെ ഒത്താശ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരും.
ഇന്ത്യന്‍ കല്‍ക്കരി മേഖലയെ സമ്പൂര്‍ണ്ണമായി അദാനിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ നരേന്ദ്ര മോദി തയ്യാറാക്കിയിരുന്നു. 2020-21 കാലയളവില്‍ രാജ്യത്തെ താപ നിലയങ്ങള്‍ അടച്ചുപൂട്ടുകയും (പ്രത്യേകിച്ചും പഞ്ചാബ്, ഹരിയാന, രാജസ്ഥാന് തുങ്ങിയ സംസ്ഥാനങ്ങളില്‍) കല്‍ക്കരി ക്ഷാമത്തിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിത്യേനയെന്നോണം നിറഞ്ഞുനില്ക്കുകയും ചെയ്ത കാര്യം ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാകും. (ട്രൂ കോപ്പി വെബ്സീനിന്റെ ലക്കം 47ല്‍ ഇക്കാര്യം വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. കല്‍ക്കരിക്ഷാമം ഒരു നുണക്കഥയാണ്).
300 ബില്യണ്‍ ടണ്‍ കല്‍ക്കരി ശേഖരത്തിന്റെ മുകളില്‍ ഇരുന്നുകൊണ്ടാണ് ഇന്ത്യാ മഹാരാജ്യം കല്‍ക്കരി ക്ഷാമത്തിന്റെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈ കല്‍ക്കരി ക്ഷാമ കഥയുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീഴുന്ന നിരവധി സൂചനകള്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (CIL) മുന്‍ ചെയര്മാന് ആയിരുന്ന അനില്‍ സ്വരൂപ് തന്റെ ഏറ്റവും പുതിയ പുസ്തകമായ Ethical Dilemmas of a Civil Servant-ല്‍ വിശദീകരിക്കുന്നു.
ഇന്ത്യാ ഗവണ്മെന്റിന്റെ കീഴില്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി, കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അനില്‍ സ്വരൂപ് പറയുന്നത് കേള്‍ക്കുക: 2015ല്‍ 40,000 കോടി രൂപ കരുതല്‍ ധനമായുണ്ടായിരുന്ന കോള്‍ ഇന്ത്യാ ലിമിറ്റഡ് ഇന്ന് കേവലം 10,000 കോടിയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. 2016ല്‍ കമ്പനിയുടെ ഈക്വിറ്റി ഷെയറുകള്‍ 400 രൂപയ്ക്ക് കച്ചവടം ചെയ്തിരുന്ന സ്ഥിതിയില്‍ നിന്നും 2021ലെത്തുമ്പോഴേക്കും 200രൂപയിലും താഴെയായി തീര്‍ന്നിരിക്കുന്നു.
2016 മുതല്ക്കുള്ള ഒരു വര്‍ഷക്കാലയളവില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ സിഎംഡി (ചെയര്മാന് കം മാനേജിംഗ് ഡയറക്ടര്‍) സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിഐഎല്ലിന്റെ സബ്സിഡിയറികളായ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഉന്നത പദവികള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അനില്‍ സ്വരൂപ് ആരോപിക്കുന്നുണ്ട്.
ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ തത്വദീക്ഷയില്ലാതെ മറ്റ് മേഖലകളിലേക്ക് നിര്‍ബന്ധമായി നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചതും സിഐഎല്ലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചതും അടക്കം സിഐഎല്ലിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് ബോധപൂര്‍വ്വമുള്ള നിരവധി ഇടപെടലുകള്‍ ഭരണാധികാരികളുടെ ഭാഗത്തുന്നിന് ഉണ്ടായിരുന്നുവെന്നാണ് അനില്‍ സ്വരൂപ് പുസ്തകത്തിലെ Shit Happensഎന്ന അധ്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.



