| എമ്മെസ് ഷൈജു
ജമാഅത്ത് – ആർ എസ് എസ് ചർച്ചയുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഇപ്പൊൾ നടത്തുന്ന നീക്കം തീർത്തും പരിഹാസ്യമായതാണ്. അത് അവരെ കൂടുതൽ നാറ്റിക്കുകയേ ഉള്ളൂ. അവരുടെ വാദങ്ങൾ അവരുടെ പാർട്ടി അണികൾ ഒരു പക്ഷെ വിശ്വസിച്ചേക്കും. അതും ഉള്ളിൽ ഒരു സന്ദേഹത്തോടെയല്ലാതെ സാമാന്യ ബോധമുള്ള ഒരു ജമാഅത്ത്കാരന് വിശ്വസിക്കാൻ കഴിയില്ല.
ഇപ്പോൾ ജമാഅത്ത് നേതൃത്വം ശ്രമിക്കുന്നത് ആർ എസ് എസ് ചർച്ചാ വിവാദത്തെ അവരും സി പി എമ്മും തമ്മിലുള്ള ഒരു വിവാദമാക്കി മാറ്റിയെടുക്കാനാണ്. അങ്ങനെയാകുമ്പോ സി പി എം വിരുദ്ധരായ മറ്റുള്ളവരെയും സാമുദായിക സംഘടനകളെയും തങ്ങൾക്ക് നേരെ തിരിയാതെ നില നിർത്താൻ സാധിക്കും എന്നാകും അവർ കരുതുന്നത്.
മുസ്ലിം സമുദായത്തിനുള്ളിൽ നിന്നും അവർക്ക് നേരെ ഉയരുന്ന ‘ഒറ്റുകാർ’ എന്ന ഗുരുതരമായ ആരോപണത്തിൽ നിന്ന് വിഷയം തിരിച്ച് വിടാൻ ജമാഅത്തിന് മുമ്പിലുള്ള ഏക ടൂളാണ് സി പി എം വിരുദ്ധത. ഈ വിഷയം സി പി എം പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വൈകല്യത്തെയും ഇരട്ടത്താപ്പിനെയും മുൻനിർത്തിയാണെങ്കിൽ അതിനേക്കാൾ രൂക്ഷമായ നിലയിൽ മുസ്ലിം സമുദായത്തിലെ ഏറ്റവും വലിയ കക്ഷിയായ സമസ്ത മുതൽ മുജാഹിദ് വിഭാഗങ്ങൾ വരെ ജമാഅത്തിനെത്തിരെ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്.
മുസ്ലിം സമുദായത്തെ ജമാഅത്ത് നേതൃത്വം വഞ്ചിച്ചു എന്നും സ്വന്തം കാര്യം നോക്കി സംഘപരിവാര ദാസ്യതയിലേക്ക് അവർ നീങ്ങി എന്നുമാണ് ഈ സംഘടനകളുടെ ആരോപണം. തന്ത്രപരമായി ഈ ആരോപണങ്ങളുടെ നേർക്ക് കണ്ണടക്കുകയും സി പി എമ്മിനെതിരേ മാത്രം ജമാഅത്ത് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യൂന്നത് അവരുടെ സൃഗാല തന്ത്രമാണ്.
ജമാഅത്തെ ഇസ്ലാമിയുടെ അപകടകരവും സ്വാർത്ഥവുമായ രാഷ്ട്രീയ നീക്കങ്ങളെ എതിർക്കുന്നവർക്ക് നേരെ അവർ തിരിച്ച് പിടിക്കുന്ന അവരുടെ ലൈറ്റ് മെഷീൻ ഗണിന് അവർ കൊടുത്തിരിക്കുന്ന പേരാണ് ഇസ്ലാമോഫോബിയ.
ലോകത്ത് ഇസ്ലാമോഫോബിയ നിലനിൽക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. നിലനിൽക്കുന്ന ഇസ്ലാമോഫോബിയയേക്കാൽ രൂക്ഷവും അപകടകരവുമായതാണ് ഇസ്ലാമിസ്റ്റുകൾ നിർമിച്ചെടുക്കുന്ന വ്യാജ ഇസ്ലാമോഫോബിയ. നേരത്തെ പറഞ്ഞത് പോലെ സ്വന്തം വീഴ്ചകളും അപകടങ്ങളും മറച്ച് പിടിക്കാനും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനും സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഈ ഇസ്ലാമോഫോബിയയെ ജമാഅത്ത്കാർ ഉപയോഗപ്പെടുത്തുന്നത്.
ഇപ്പോഴത്തെ വിവാദങ്ങളുടെ കാതൽ പൊതുസമൂഹത്തെയോ മുസ്ലിം സമുദായത്തെയോ അറിയിക്കാതെ ജമാഅത്ത് നേതൃത്വം രഹസ്യമായി ആർ എസ് എസുമായി നടത്തിയ ചർച്ചയാണ്. ജമാഅത്തിൻ്റെയോ വെൽഫെയർ പാർട്ടിയുടെയോ ഒരു വരണ്ട ശാഖാ പരിപാടി പോലും അലുക്കും തൊങ്കലും പിടിപ്പിച്ച് പൊലിപ്പിച്ച് വാർത്തയാക്കുന്ന ജമാഅത്ത് മാധ്യമങ്ങൾക്ക് ഈയൊരു ചർച്ചയെ ഇങ്ങനെയൊരു വിവാദം രൂക്ഷമാകുന്നത് വരെ എന്ത് കൊണ്ട് മൂടി വെക്കേണ്ടി വന്നുവെന്ന ചോദ്യത്തിൽ എല്ലാമുണ്ട്.
നിങ്ങൾ ആർ എസ് എസുമായോ മറ്റാരുമായോ ചർച്ച നടത്തിക്കൊള്ളൂ. അത് നിങ്ങളുടെ ആഭ്യന്തര കാര്യം. 2024ലും ബി ജെ പി തന്നെ വീണ്ടും അധികാരത്തിൽ വരുമോ എന്ന് ആശങ്കയുള്ള പലരും സംഘപരിവാരിനോടുള്ള അവരുടെ ബന്ധങ്ങളിൽ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന് പിറകിൽ അവരുടേതായ പല ന്യായങ്ങളും കാണും. ജമാഅത്ത് പോലെയുള്ള ഒരു മതസംഘടനക്ക് ആർ എസ് എസുമായി സഹകരിക്കാൻ എളുപ്പം സാധിച്ചേക്കാം.
പക്ഷേ മതേതര ബോധവും ജനാധിപത്യ ബോധവും ഉള്ളിൽ സൂക്ഷിക്കുന്ന ആർക്കും ആർ എസ് എസുമായി ഒരു കൊണ്ട് കൊടുക്കലും സാധ്യമാകില്ല. അത് സാധ്യമാകാത്തത് കൊണ്ടാണ് ഗാന്ധി വെടിയേറ്റ് മരിച്ചത്. അവിടെ നിന്ന് തുടങ്ങി ആ ശൃംഖലയിൽ ഇങ്ങേയറ്റത്തതുള്ള പൻസാരെയും കൾബുർഗിയും ഗൗരി ലങ്കേഷുമടക്കമുള്ള അനേകം ജനാധിപത്യ വിശ്വാസികൾക്ക് ജീവൻ വെടിയേണ്ടി വന്നത്.
അതേ ജനാധിപത്യ ബോധവും മതേതര ബോധവും ഉള്ളിൽ നിലനിൽക്കുന്നത് കൊണ്ടാണ് പലരും തടവിൽ കഴിയുന്നത്. അവരെ സംഘപരിവാറിൻ്റെ എതിർ സ്ഥാനത്ത് നിർത്തുന്ന ആ ബോധത്തിലാണ് ഇന്ത്യൻ ജനതക്ക് പ്രതീക്ഷയുള്ളത്. അല്ലാതെ തലയിൽ മുണ്ടിട്ട് ആര് എസിൻ്റെ അജണ്ടകൾക്ക് വഴങ്ങി ചർച്ചക്ക് പോകുകയും അതിന് കാളമൂത്രം എഴുതി ന്യായീകരിക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റ് സ്വാർത്ഥമതികളിലല്ല.
വിയോജിപ്പുകളുള്ളവർക്ക് മേൽ പ്രയോഗിക്കാൻ നിങ്ങളുടെ കൈയ്യിൽ ആകെയുള്ള ആയുധം വ്യാജ ഇസ്ലാമോ ഫോബിയയുടെ മെഷീൻ ഗണ്ണാണല്ലോ. അതെടുത്ത് വെടി വെച്ചാൽ സമുദായം ഒന്നടങ്കം നിങ്ങൾക്ക് പിന്നിൽ വന്ന് പിന്തുണ തരും എന്ന പരിപ്പ് തത്കാലം വാങ്ങി വെച്ചേക്കൂ.. ആ പരിപ്പ് ഇവിടെ വേവാൻ പോണില്ല.



