കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിന് ‘സാന്ഡിയാർ’ എന്ന് പേരിട്ടു. സംവിധായകൻ എസ്.യു. അരുൺ കുമാറിനൊപ്പം കമൽഹാസൻ ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ്. കമൽഹാസന്റെ ജന്മദിനാഘോഷങ്ങൾക്ക് മുന്നോടിയായി വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്.
2004ൽ പുറത്തിറങ്ങിയ ‘വിരുമാണ്ടി’ എന്ന ചിത്രത്തിന് കമൽഹാസൻ ആദ്യം നിശ്ചയിച്ച പേരായിരുന്നു ‘സാന്ഡിയാർ’. എന്നാൽ അന്ന് ചില സംഘടനകൾ പേരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഏറെ ആലോചനകൾക്കൊടുവിൽ കമൽഹാസൻ പേര് ‘വിരുമാണ്ടി’ എന്നാക്കി മാറ്റുകയായിരുന്നു. 22 വർഷത്തിന് ശേഷം അതേ പേര് പുതിയ ചിത്രത്തിനായി വീണ്ടും തിരഞ്ഞെടുക്കുന്നതോടെ പ്രഖ്യാപനം ശ്രദ്ധേയമായി.
പുറത്തുവിട്ട പോസ്റ്ററിൽ കൈയിൽ റിവോൾവറുമായി കാറിനരികിൽ ഇരിക്കുന്ന തീവ്രമായ ലുക്കിലാണ് കമൽഹാസനെ അവതരിപ്പിച്ചിരിക്കുന്നത്. കാറിന്റെ ഡോറിലെ രക്തപ്പാടുകളും ചിത്രത്തിന്റെ ആക്ഷൻ സ്വഭാവത്തിലേക്ക് സൂചന നൽകുന്നു. ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന പ്രതീതി.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ദേശീയ പുരസ്കാര ജേതാക്കളായ അൻബറിവ് സഹോദരന്മാരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. സുനിൽ കെ.എസ്. ഛായാഗ്രഹണവും സി.എസ്. ബാലചന്ദർ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. അമൃത റാമാണ് വസ്ത്രാലങ്കാരം.
കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ്. ഡിസ്നി സഹനിർമ്മാതാവായും പ്രവർത്തിക്കും.


