പുരുഷ ക്രിക്കറ്റിന് ലഭിക്കുന്ന അതേ അംഗീകാരവും ആരാധകപിന്തുണയും വനിതാ ക്രിക്കറ്റിനും ലഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാൻ വനിതാ ടീം ക്യാപ്റ്റൻ ഫാത്തിമ സന. ഓസ്ട്രേലിയയിൽ നടക്കുന്ന വനിതാ ബിഗ് ബാഷ് ലീഗിൽ (WBBL) പെർത്ത് സ്കോർച്ചേഴ്സിനായി കളിക്കുന്നതിനിടെ നൽകിയ അഭിമുഖത്തിലാണ് വനിതാ ക്രിക്കറ്റിൽ സമഗ്രമായ മാറ്റം വേണമെന്ന് താരം വ്യക്തമാക്കിയത്.
പാകിസ്ഥാനിൽ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾക്ക് നിറഞ്ഞ സ്റ്റേഡിയങ്ങളും വലിയ മാധ്യമശ്രദ്ധയും ലഭിക്കുമ്പോൾ വനിതാ മത്സരങ്ങൾക്ക് സമാനമായ പിന്തുണ ലഭിക്കുന്നില്ലെന്ന് ഫാത്തിമ ചൂണ്ടിക്കാട്ടി. വനിതാ താരങ്ങളും കഠിനാധ്വാനം ചെയ്യുന്നവരാണ്. അവർക്ക് ആരാധകരുടെ പിന്തുണയും അംഗീകാരവും ലഭിക്കണം. വനിതാ ക്രിക്കറ്റിനും പുരുഷ ക്രിക്കറ്റിന് തുല്യമായ ആവേശവും സ്വീകാര്യതയും ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വെറും 15 പന്തിൽ അർധസെഞ്ച്വറി നേടി റെക്കോർഡ് സൃഷ്ടിച്ച ഫാത്തിമ, വനിതാ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന രണ്ടാമത്തെ പാകിസ്ഥാൻ താരമാണ്. 2019ൽ നിദ ദാറാണ് ആദ്യമായി ലീഗിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ചത്. ഡബ്ല്യുബിബിഎൽ പോലുള്ള പ്രമുഖ ലീഗുകളിൽ കളിക്കുന്നത് തന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പാകിസ്ഥാൻ താരങ്ങൾക്ക് വിദേശ ലീഗുകളിലേക്ക് അവസരം ലഭിക്കാനും സഹായിക്കുമെന്ന് ഫാത്തിമ പ്രതീക്ഷ പ്രകടിപ്പിച്ചു.
2028ലെ വനിതാ ടി20 ലോകകപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തെ വനിതാ ക്രിക്കറ്റിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും താരം അഭിപ്രായപ്പെട്ടു. സ്വന്തം നാട്ടിൽ ലോകകപ്പ് നടക്കുന്നത് പെൺകുട്ടികൾക്കിടയിൽ ക്രിക്കറ്റിനോടുള്ള താൽപര്യം വർധിപ്പിക്കുമെന്നും വനിതാ കായികരംഗത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കുമെന്നും ഫാത്തിമ സന പറഞ്ഞു.


