...
Home News International യുദ്ധഭൂമിയിലെ നിഴൽപ്പാടുകൾക്കിടയിലൂടെ നടന്നവൾ: ഹെമിംഗ്‌വേയുടെ ഭാര്യയെന്ന വിലാസത്തെ നിരസിച്ച് ചരിത്രം കുറിച്ച മാർത്ത ഗെൽഹോൺ

യുദ്ധഭൂമിയിലെ നിഴൽപ്പാടുകൾക്കിടയിലൂടെ നടന്നവൾ: ഹെമിംഗ്‌വേയുടെ ഭാര്യയെന്ന വിലാസത്തെ നിരസിച്ച് ചരിത്രം കുറിച്ച മാർത്ത ഗെൽഹോൺ

യുദ്ധഭൂമിയിൽ വെച്ചാണ് മാർത്ത പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിംഗ്‌വേയെ കണ്ടുമുട്ടുന്നതും അവർക്കിടയിൽ പ്രണയം മുകുളം തിരിയുന്നതും.

17

1944 ജൂൺ 6-ന്റെ ആ പുലരിയിൽ നോർമണ്ടിയിലെ കടൽത്തീരങ്ങൾ യുദ്ധത്തിന്റെ ചോരമണക്കുന്ന തിരമാലകളാൽ അലയടിക്കുകയായിരുന്നു. സഖ്യകക്ഷികളുടെ ഏറ്റവും വലിയ സൈനിക നീക്കമായ ‘ഡി-ഡേ’ (D-Day) നേരിട്ട് കവർ ചെയ്യാൻ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ തക്കം പാർത്തിരുന്നെങ്കിലും, മുൻനിരയിലേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് സൈന്യം തീർത്തുപറഞ്ഞു. എന്നാൽ, മറ്റാരും കാണാത്ത യുദ്ധത്തിന്റെ നേർക്കാഴ്ചകൾ കാണാൻ ഒരു 35-കാരി ഉറപ്പിച്ചിരുന്നു. മാധ്യമ അനുമതി നിഷേധിക്കപ്പെട്ടപ്പോൾ, ആരും കാണാതെ ഒരു ആംബുലൻസ് ആശുപത്രി കപ്പലിൽ കയറിപ്പറ്റിയ അവൾ അതിലെ ഒരു ശുചിമുറിയിൽ മണിക്കൂറുകളോളം ഒളിച്ചിരുന്നു. കപ്പൽ ഫ്രഞ്ച് തീരത്തടുത്തപ്പോൾ, വെടിയുണ്ടകൾ പാറുന്ന കടൽത്തീരത്തേക്ക് ഇറങ്ങിച്ചെന്ന് പരിക്കേറ്റ സൈനികരെ രക്ഷിക്കാൻ കൈകോർത്ത ആ ധീരയായ മാധ്യമപ്രവർത്തക മാർത്ത ഗെൽഹോൺ ആയിരുന്നു.

യുദ്ധഭൂമിയിൽ സ്വന്തം ജീവൻ പണയം വെച്ചുള്ള മാർത്തയുടെ ഈ യാത്ര പെട്ടെന്നൊരു ദിവസം തുടങ്ങിയതായിരുന്നില്ല. 1908 നവംബർ 8-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിസോറിയിലുള്ള സെന്റ് ലൂയിസിലായിരുന്നു മാർത്ത എലിസ് ഗെൽഹോണിന്റെ ജനനം. ഡോക്ടറായ ജോർജ്ജ് ഗെൽഹോണിന്റെയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ എഡ്ന ഫിഷൽ ഗെൽഹോണിന്റെയും മകളായി വളർന്ന മാർത്തയ്ക്ക് ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ വലിയ താല്പര്യമുണ്ടായിരുന്നു. 1916-ൽ എട്ടാം വയസ്സിൽ അമ്മയോടൊപ്പം സ്ത്രീകളുടെ വോട്ടവകാശ റാലിയിൽ പങ്കെടുത്തത് അവളുടെ ഉള്ളിൽ സ്വാതന്ത്ര്യത്തിന്റെ ആദ്യ വിത്തുകൾ പാകി.

പെൻസിൽവാനിയയിലെ പ്രശസ്തമായ ബ്രൈൻ മൗർ കോളേജിൽ ഉന്നതപഠനത്തിനായി ചേർന്നുവെങ്കിലും, പുസ്തകത്താളുകളേക്കാൾ പുറത്തെ വിശാലമായ ലോകത്തെ നേരിട്ടറിയാനായിരുന്നു മാർത്ത ആഗ്രഹിച്ചത്. കോളേജ് പഠനം ഒന്നാം വർഷത്തിൽ ഉപേക്ഷിച്ച് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞ അവൾ 1930-ൽ യൂറോപ്പിലേക്ക് വണ്ടി കയറി. പാരിസിൽ മാധ്യമപ്രവർത്തനം നടത്തുന്നതിനിടെ സഹപ്രവർത്തകനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നപ്പോൾ ആ സ്ഥാപനം ഉപേക്ഷിച്ച് സ്വതന്ത്ര പത്രപ്രവർത്തകയായി മാറാൻ അവൾ മടിച്ചില്ല. പിന്നീട് ‘വോഗ്’ (Vogue) പോലെയുള്ള പ്രശസ്ത മാസികകൾക്ക് വേണ്ടി എഴുതുകയും യൂറോപ്പിലുടനീളം സഞ്ചരിക്കുകയും ചെയ്തുകൊണ്ട് അവൾ മാധ്യമരംഗത്ത് സ്വന്തമായൊരു ഇടം വെട്ടിത്തുറന്നു.

1930-കളിൽ അമേരിക്ക മഹാമാന്ദ്യത്തിന്റെ (Great Depression) കെടുതികളിൽ ഉലയുമ്പോൾ മാർത്ത മാതൃരാജ്യത്തേക്ക് തിരിച്ചെത്തി. അവളുടെ എഴുത്തിന്റെ ആഴം തിരിച്ചറിഞ്ഞ അമേരിക്കൻ പ്രഥമ വനിതാ എലനോർ റൂസ്‌വെൽറ്റുമായി മാർത്ത അടുത്ത സൗഹൃദം സ്ഥാപിക്കുകയും വൈറ്റ് ഹൗസിൽ താമസിച്ചുകൊണ്ട് അവരുടെ എഴുത്തുകളിൽ സഹായിക്കുകയും ചെയ്തു. തുടർന്ന് ഫെഡറൽ എമർജൻസി റിലീഫ് അഡ്മിനിസ്ട്രേഷനിൽ (FERA) ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായി ജോലി ലഭിച്ച മാർത്ത, രാജ്യമൊട്ടാകെ സഞ്ചരിച്ച് ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച സാധാരണക്കാരായ മനുഷ്യരുടെ ജീവിതം നേരിട്ട് കണ്ടു രേഖപ്പെടുത്തി. പ്രശസ്ത ഫോട്ടോഗ്രാഫർ ഡൊറോത്തിയ ലാംഗിനൊപ്പം നടത്തിയ ഈ നിരീക്ഷണങ്ങൾ 1936-ൽ ‘ദി ട്രബിൾ ഐവ് സീൻ’ (The Trouble I’ve Seen) എന്ന പുസ്തകമായി പുറത്തുവന്നു. അധികാരികളുടെ പ്രസ്താവനകളേക്കാൾ യുദ്ധവും പ്രകൃതിദുരന്തങ്ങളും മൂലം തകർന്നടിയുന്ന സാധാരണക്കാരായ മനുഷ്യരുടെ അനുഭവങ്ങളാണ് വാർത്തയാകേണ്ടതെന്ന തിരിച്ചറിവ് മാർത്തയ്ക്ക് ലഭിച്ചത് ഈ കാലഘട്ടത്തിലാണ്.

1936-ൽ സ്പാനിഷ് ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ, യുദ്ധം കവർ ചെയ്യുന്നതിനായി മാർത്ത മാഡ്രിഡിലേക്ക് യാത്ര തിരിച്ചു. ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സൈന്യവും റിപ്പബ്ലിക്കൻ ഭരണകൂടവും തമ്മിൽ നടന്ന കടുപ്പമേറിയ പോരാട്ടത്തിനിടയിൽ, ബോംബുവർഷവും ഭക്ഷ്യക്ഷാമവും ഭീതിയും സഹിച്ചുകൊണ്ട് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥകളാണ് മാർത്ത ‘കോളിയേഴ്‌സ് വീക്ക്‌ലി’ക്ക് (Collier’s Weekly) വേണ്ടി എഴുതിയത്. യുദ്ധതന്ത്രങ്ങളേക്കാൾ അവിടെ ജീവനുംകൊണ്ട് ഓടുന്ന മനുഷ്യരുടെ വേദനകൾ വായനക്കാരിലെത്തിക്കാനായിരുന്നു അവൾ ശ്രമിച്ചത്. ഈ യുദ്ധഭൂമിയിൽ വെച്ചാണ് മാർത്ത പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിംഗ്‌വേയെ കണ്ടുമുട്ടുന്നതും അവർക്കിടയിൽ പ്രണയം മുകുളം തിരിയുന്നതും.

തീക്ഷ്ണമായ പ്രണയത്തിനൊടുവിൽ 1940 നവംബറിൽ മാർത്തയും ഹെമിംഗ്‌വേയും വിവാഹിതരായി, ക്യൂബയിലെ ഫിൻക വിഗിയയിലെ (Finca Vigía) വീട്ടിൽ താമസം തുടങ്ങി. സാഹിത്യലോകത്തെ പ്രശസ്ത ജോഡികളായി ഇരുവരും അറിയപ്പെട്ടെങ്കിലും, മാർത്ത ഒരിക്കലും ഹെമിംഗ്‌വേയുടെ തണലിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചിരുന്നില്ല. തന്റെ മാധ്യമ ജീവിതത്തിന് വലിയ പ്രാധാന്യം നൽകിയ അവൾ ചൈനയിലെത്തി ചൈനീസ് സൈന്യവും ജപ്പാനും തമ്മിലുള്ള പോരാട്ടങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, മാർത്ത നിരന്തരം വാർ സോണുകളിലേക്ക് യാത്ര ചെയ്യുന്നത് ഹെമിംഗ്‌വേയെ അസ്വസ്ഥനാക്കിത്തുടങ്ങി.

രണ്ടാം ലോകമഹായുദ്ധം രൂക്ഷമായപ്പോൾ യൂറോപ്പിലേക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ‘കോളിയേഴ്‌സ്’ മാസികയ്ക്ക് വേണ്ടി ഹെമിംഗ്‌വേയും മാധ്യമപ്രവർത്തകനായി ലണ്ടനിലെത്തിയതോടെ ഇവരുടെ വ്യക്തിപരവും പ്രൊഫഷണലുമായ ബന്ധം വഷളാവുകയും 1945-ൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. ഹെമിംഗ്‌വേയുടെ ‘മൂന്നാമത്തെ ഭാര്യ’ എന്ന വിലാസത്തിൽ അറിയപ്പെടാൻ മാർത്ത ഒട്ടും ആഗ്രഹിച്ചില്ല; അതിനുമുമ്പും ശേഷവും പതിറ്റാണ്ടുകളോളം സ്വന്തം അധ്വാനത്താൽ എഴുതിയ ധീരമായ ചരിത്രം തനിക്കുണ്ടെന്ന് അവൾ ലോകത്തെ ഓർമ്മിപ്പിച്ചു.

നോർമണ്ടി തീരത്തെ ഡി-ഡേ വിജയത്തിന് ശേഷവും മാർത്ത യുദ്ധഭൂമിയിൽ തുടരുകയും യൂറോപ്പിലുടനീളം സഖ്യകക്ഷികളുടെ മുന്നേറ്റം കവർ ചെയ്യുകയും ചെയ്തു. 1945 ഏപ്രിലിൽ ജർമ്മനിയിലെ ദാഹാവു (Dachau) കോൺസെൻട്രേഷൻ ക്യാമ്പ് സഖ്യസേന മോചിപ്പിച്ചപ്പോൾ അവിടെയെത്തിയ മാർത്ത കണ്ടത് മനുഷ്യകുലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതകളായിരുന്നു. പട്ടിണിയും പീഡനങ്ങളും മൂലം അസ്ഥികൂടങ്ങളായി മാറിയ തടവുകാരെയും നാസികളുടെ ഹീനകൃത്യങ്ങളെയും കുറിച്ചുള്ള മാർത്തയുടെ റിപ്പോർട്ടുകൾ ലോക മനസ്സാക്ഷിയെ നടുക്കി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ മാർത്തയുടെ പത്രപ്രവർത്തനം അവസാനിച്ചില്ല. തുടർന്നുള്ള ദശകങ്ങളിൽ വിയറ്റ്‌നാം യുദ്ധം, അറബ്-ഇസ്രായേൽ യുദ്ധം, 1967-ലെ ആറുദിന യുദ്ധം, സെൻട്രൽ അമേരിക്കയിലെ പോരാട്ടങ്ങൾ, 1989-ൽ അമേരിക്ക പനാമയിൽ നടത്തിയ അധിനിവേശം തുടങ്ങി ലോകത്തിലെ എല്ലാ വലിയ സംഘർഷഭൂമികളിലും മാർത്ത തത്സമയം എത്തിച്ചേർന്നു. എൺപതാം വയസ്സിലും യുദ്ധക്കളങ്ങളിൽ നേരിട്ടെത്തി യാഥാർത്ഥ്യങ്ങൾ ലോകത്തോട് വിളിച്ചുപറയാൻ അവൾ കാണിച്ച ആർജ്ജവം സമാനതകളില്ലാത്തതായിരുന്നു.

സൈനിക മേധാവികളുടെ പ്രസംഗങ്ങൾക്കും രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങൾക്കുമപ്പുറം യുദ്ധങ്ങളിൽ എല്ലാം നഷ്ടപ്പെടുന്ന അഭയാർത്ഥികളുടെയും സാധുമനുഷ്യരുടെയും ശബ്ദമായി മാർത്ത മാറി. തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘ദി ഫേസ് ഓഫ് വാർ’ (The Face of War), ‘എ സ്ട്രിക്കൻ ഫീൽഡ്’ (A Stricken Field – 1940) തുടങ്ങി നിരവധി വിഖ്യാത പുസ്തകങ്ങളും നോവലുകളും ട്രാവലോഗുകളും അവൾ രചിച്ചു. മാപ്പുകളിലും കണക്കുകളിലും ഒതുങ്ങുന്നതിനേക്കാൾ യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം സാധാരണക്കാരായ മനുഷ്യരുടെ അനുഭവങ്ങളിലാണെന്ന് അവൾ തന്റെ രചനകളിലൂടെ ഉറപ്പിച്ചു.

1954-ൽ പ്രശസ്ത മാസിക എഡിറ്ററായ ടി. എസ്. മാത്യൂസിനെ മാർത്ത വിവാഹം കഴിച്ചെങ്കിലും 1963-ൽ ആ ബന്ധവും വേർപിരിഞ്ഞു. പിന്നീട് ലണ്ടനിൽ സ്ഥിരതാമസമാക്കിയ അവളുടെ അവസാന നാളുകൾ അർബുദ രോഗവും കാഴ്ചശക്തി ക്ഷയിച്ചതും മൂലം പ്രയാസകരമായിരുന്നു. ഒടുവിൽ, 1998 ഫെബ്രുവരി 15-ന് 89-ാം വയസ്സിൽ ലണ്ടനിലെ വസതിയിൽ വെച്ച് മാർത്ത ആത്മഹത്യയിലൂടെ തന്റെ ഐതിഹാസിക ജീവിതത്തിന് തിരശ്ശീലയിട്ടു.

മാർത്ത ഗെൽഹോണിന്റെ സ്മരണാർത്ഥം 1999-ൽ ‘മാർത്ത ഗെൽഹോൺ പ്രൈസ് ഫോർ ജേർണലിസം’ നിലവിൽ വന്നു. ഭരണകൂടങ്ങളുടെയും അധികാര കേന്ദ്രങ്ങളുടെയും വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടുന്ന ധീരരായ മാധ്യമപ്രവർത്തകർക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്. ലോകസമാധാനത്തിനും സ്ത്രീ മാധ്യമപ്രവർത്തകർക്കും മാർത്ത നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.