ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് ആഗോള ഇ-കൊമേഴ്സ്, ക്ലൗഡ് സേവന ഭീമനായ ആമസോൺ. 2030-ഓടെ രാജ്യത്തെ ഹരിത ഊർജ്ജ പദ്ധതികളിൽ 7 ബില്യൺ ഡോളർ (ഏകദേശം 58,000 കോടി രൂപ) അധികമായി നിക്ഷേപിക്കാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കായി 4 ബില്യൺ ഡോളർ അനുവദിച്ചിട്ടുള്ള ആമസോൺ, പുതിയ പ്രഖ്യാപനത്തോടെ നിക്ഷേപം കൂടുതൽ വിപുലീകരിക്കുകയാണ്.
നിലവിൽ അനുവദിച്ച 4 ബില്യൺ ഡോളറിന്റെ ഭാഗമായി 934 മെഗാവാട്ട് സംയോജിത ശേഷിയുള്ള നാല് പുതിയ കാറ്റാടി, സൗരോർജ്ജ പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു. കർണാടകയിൽ 234 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതിപദ്ധതിയും 200 മെഗാവാട്ടിന്റെ കാറ്റ്-സൗരോർജ്ജ സംയുക്ത പദ്ധതിയുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഏഷ്യയിൽ ആമസോൺ ഏറ്റെടുക്കുന്ന ഏറ്റവും വലിയ കാറ്റാടി വൈദ്യുതി കരാറാണ് 234 മെഗാവാട്ട് പദ്ധതി. മധ്യപ്രദേശിൽ 300 മെഗാവാട്ടിന്റെയും രാജസ്ഥാനിൽ 200 മെഗാവാട്ടിന്റെയും സൗരോർജ്ജ പദ്ധതികളും നടപ്പാക്കും.
നാല് പദ്ധതികളും പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയിൽ ആമസോണിന്റെ കരാർ ചെയ്ത പുനരുപയോഗ വൈദ്യുതി ഉൽപാദന ശേഷി 2 ജിഗാവാട്ട് കവിയും. 35 ലക്ഷത്തിലധികം ഇന്ത്യൻ വീടുകളുടെ വാർഷിക വൈദ്യുതി ആവശ്യത്തിന് തുല്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. നിലവിൽ രാജ്യത്ത് 14 വലിയ കാറ്റാടി, സൗരോർജ്ജ പദ്ധതികളും 43 ഓൺ-സൈറ്റ് സൗരോർജ്ജ യൂണിറ്റുകളും ആമസോണിനുണ്ട്. ആഗോളതലത്തിൽ 40 ജിഗാവാട്ടിലധികം ശേഷിയുള്ള ഏകദേശം 700 പുനരുപയോഗ ഊർജ്ജ പദ്ധതികളാണ് കമ്പനിക്കുള്ളത്.
ആഗോള പാരിസ്ഥിതിക ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ നിക്ഷേപമെന്ന് ആമസോൺ വ്യക്തമാക്കി. 2019-ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 2030-ഓടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുമായി ബന്ധപ്പെട്ട കാർബൺ ഉദ്വമനത്തിന്റെ തീവ്രത 65 ശതമാനം കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കാലാവസ്ഥാ പ്രതിജ്ഞയുടെ ഭാഗമായി 2040-ഓടെ എല്ലാ ബിസിനസ് പ്രവർത്തനങ്ങളിലും നെറ്റ് സീറോ കാർബൺ ഉദ്വമനം കൈവരിക്കാനും ആമസോൺ ലക്ഷ്യമിടുന്നു.
നിക്ഷേപ പ്രഖ്യാപനത്തെ കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖലയിലുള്ള അന്താരാഷ്ട്ര കമ്പനികളുടെ വർധിച്ചുവരുന്ന വിശ്വാസത്തിന്റെ തെളിവാണ് ആമസോണിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപം വൈദ്യുതി ഗ്രിഡിന്റെ നവീകരണത്തിന് സഹായകമാകുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2070-ഓടെ ഇന്ത്യ ലക്ഷ്യമിടുന്ന നെറ്റ് സീറോ കാർബൺ ഉദ്വമനം കൈവരിക്കുന്നതിൽ ഇത്തരം സ്വകാര്യ നിക്ഷേപങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


