തനിക്കെതിരെ 24 ന്യൂസ് ചാനൽ അധികൃതർ നടത്തുന്നത് മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന വ്യാജപ്രചാരണമാണെന്ന് സ്ഥാപനത്തിൽ നിന്ന് രാജിവെച്ച മാധ്യമപ്രവർത്തക അസിത സഹീർ. പിതാവിന്റെ ചികിത്സയ്ക്കായി ചാനലിൽ നിന്ന് രണ്ടര ലക്ഷം രൂപ വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അസിത വ്യക്തമാക്കി.
24 ന്യൂസ് മാനേജിങ് ഡയറക്ടർ ശ്രീകണ്ഠൻ നായർ കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ നടത്തിയ പരാമർശങ്ങളാണ് അസിതയുടെ പ്രതികരണത്തിന് പിന്നിൽ. പിതാവ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണെന്ന് പറഞ്ഞ് രണ്ടര ലക്ഷം രൂപ വായ്പ വാങ്ങിയ ഒരാൾ ഒരു വാക്കുപോലും പറയാതെ ചാനൽ വിട്ടുപോയെന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ വെളിപ്പെടുത്തൽ. രോഗിയായ പിതാവിനെ ഓർത്താണ് ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ ജീവനക്കാരെക്കുറിച്ചും ഓൺലൈൻ മാധ്യമങ്ങളിലൂടെ വാർത്തകൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു.
എന്നാൽ, താൻ പിതാവിന്റെ ചികിത്സയ്ക്കായോ വ്യക്തിപരമായ ആവശ്യങ്ങൾക്കായോ ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്ന് അസിത വ്യക്തമാക്കി. 65-ാം വയസ്സിലും സ്വന്തം അധ്വാനത്തിലൂടെ ജീവിക്കുന്ന പിതാവിന്റെ മകളാണ് താനെന്നും രണ്ടര ലക്ഷം രൂപയല്ല, രണ്ട് രൂപ പോലും ആരിൽനിന്നും വാങ്ങിയിട്ടില്ലെന്നും അവർ കുറിച്ചു. 24 ന്യൂസിൽ ജോലി ചെയ്ത എട്ട് മാസത്തിനിടെ പിതാവ് അസുഖബാധിതനായി ചികിത്സ തേടിയിട്ടില്ലെന്നും ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അസിത വ്യക്തമാക്കി.
മറ്റാരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് താനാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തി തന്നെ ആക്രമിക്കാനാണ് ശ്രമമെങ്കിൽ നിശബ്ദയായിരിക്കില്ലെന്നും അസിത മുന്നറിയിപ്പ് നൽകി. രണ്ട് മാസത്തെ നോട്ടീസ് കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ചാനൽ അധികൃതർ ആവശ്യപ്പെട്ട 93,204 രൂപ ജനപ്രിയ കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടിലേക്ക് നൽകിയ ശേഷമാണ് താൻ സ്ഥാപനത്തിൽനിന്ന് പിരിഞ്ഞതെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകൾ ഉണ്ടായ സാഹചര്യത്തിൽ, വിഷയത്തിൽ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം ചാനൽ മേധാവി കാണിക്കണമെന്നും അസിത ആവശ്യപ്പെട്ടു.


