ആറ് മാസം പിന്നിടുന്ന വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം കേരളത്തെ ഇകഴ്ത്തിക്കാണിക്കുന്ന തരത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ആർഎസ്എസ് നയം നടപ്പാക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. കെ.പി.സി.സി അധ്യക്ഷനായ മന്ത്രിക്കുപോലും മുഖ്യമന്ത്രിയുടെ നിലപാടുകളോട് യോജിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു. എ.ബി.വി.പി, യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ പോലും വി.ഡി. സതീശൻ തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്ന് പറയുന്ന സ്ഥിതിയാണെന്നും പിണറായി പറഞ്ഞു.
കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നയങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘മയിൽപ്പീലി’ സ്കോളർഷിപ്പിലൂടെ വിദ്യാർഥികൾക്കിടയിൽ ഇടപെടാൻ സംഘപരിവാറിന് സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഇത്തരമൊരു അനുമതി എങ്ങനെ ലഭിച്ചുവെന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവർണർ വഴി സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘സരൾ’ ബിൽ കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്നും വ്യവസായ വികസനത്തിന്റെ പേരിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കാനാണ് നീക്കമെന്നും പിണറായി ആരോപിച്ചു.
ധനപ്രതിസന്ധിയെന്ന വ്യാജപ്രതീതി സൃഷ്ടിച്ച് കേരളത്തിന്റെ മണ്ണും കടലും പ്രകൃതിവിഭവങ്ങളും സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമുദ്രനയത്തിലൂടെയും മാരിടൈം ബോർഡ് ഭേദഗതി ബില്ലിലൂടെയും തീരദേശവും കരിമണൽ സമ്പത്തും സ്വകാര്യ താൽപര്യങ്ങൾക്ക് വിട്ടുനൽകാനാണ് നീക്കമെന്നും പിണറായി വിജയൻ ആരോപിച്ചു.


