...
Home Business വീണ്ടും പാൽവില കൂട്ടി അമുലും മദർ ഡയറിയും; ഒരു വർഷത്തിനിടെ ലിറ്ററിന് വർധിച്ചത് 4 മുതൽ...

വീണ്ടും പാൽവില കൂട്ടി അമുലും മദർ ഡയറിയും; ഒരു വർഷത്തിനിടെ ലിറ്ററിന് വർധിച്ചത് 4 മുതൽ 8 രൂപ വരെ

പാൽ വിതരണത്തിലെ കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മൂന്നോ നാലോ വർഷത്തിലൊരിക്കൽ സംഭവിക്കുന്ന കന്നുകാലികളുടെ ഉൽപാദനക്ഷമതയിലെ സ്വാഭാവിക മാന്ദ്യവും പാൽ ലഭ്യതയെ ബാധിച്ചു.

36

ഉപഭോക്താക്കൾക്ക് വീണ്ടും വിലക്കയറ്റത്തിന്റെ ആഘാതം നൽകി പ്രമുഖ ക്ഷീരോൽപ്പന്ന കമ്പനികളായ അമുലും മദർ ഡയറിയും. 2026–27 സാമ്പത്തിക വർഷത്തിൽ രണ്ടാം തവണയാണ് ഇരുകമ്പനികളും പാൽവില വർധിപ്പിച്ചത്. ഇതോടെ ഈ വർഷം ഇതുവരെ ഒരു ലിറ്റർ പാലിന് 4 മുതൽ 8 രൂപ വരെ അധികം നൽകേണ്ട സാഹചര്യമായി.

2026 മെയ് മാസത്തിൽ ലിറ്ററിന് 2 രൂപ വർധിപ്പിച്ച കമ്പനികൾ നവംബറിൽ വീണ്ടും വില പരിഷ്കരിച്ചു. ഇത്തവണ 2 രൂപ മുതൽ 6 രൂപ വരെയാണ് വർധന. സാധാരണയായി ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് പാൽ ഉൽപാദനം വർധിക്കുകയും വിപണിയിൽ ലഭ്യത മെച്ചപ്പെടുകയും ചെയ്യാറുണ്ട്. ഈ കാലയളവിൽ വില വർധിപ്പിക്കുന്നത് അപൂർവമാണെങ്കിലും ഇത്തവണ വിതരണത്തിലെ പ്രതിസന്ധി ക്ഷീരകമ്പനികളെ വില ഉയർത്താൻ നിർബന്ധിതരാക്കിയെന്നാണ് കെയർഎഡ്ജ് റേറ്റിങ്‌സിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പാൽ വിതരണത്തിലെ കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മൂന്നോ നാലോ വർഷത്തിലൊരിക്കൽ സംഭവിക്കുന്ന കന്നുകാലികളുടെ ഉൽപാദനക്ഷമതയിലെ സ്വാഭാവിക മാന്ദ്യവും പാൽ ലഭ്യതയെ ബാധിച്ചു. ചില ശേഖരണ മേഖലകളിൽ പാലിലെ കൊഴുപ്പിന്റെ അളവ് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. മൃഗങ്ങളുടെ തീറ്റയുടെയും കാലിത്തീറ്റയുടെയും വില ഉയർന്നതോടെ ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവും വർധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ സ്കിംഡ് മിൽക്ക് പൗഡർ (എസ്എംപി) വില ഉയർന്നതും ക്ഷീരമേഖലയെ ബാധിച്ചു. 2026 ഒക്ടോബറോടെ എസ്എംപിയുടെ അന്താരാഷ്ട്ര വില ടണ്ണിന് 3,800 ഡോളർ കടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 36 ശതമാനമാണ് വർധന. ഇതിന്റെ ഭാഗമായി ആഭ്യന്തര വിപണിയിലെ എസ്എംപി, വെണ്ണ ശേഖരങ്ങളും സാധാരണ നിലയേക്കാൾ താഴെയെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പാൽ ഉൽപാദനം 3.6 ശതമാനം വർധിച്ച് 256.8 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തുടരുകയാണ്. രാജ്യത്തെ വിപണിയിലെ മിച്ചപാലിൽ സംഘടിത ക്ഷീരമേഖലയുടെ പങ്ക് നിലവിൽ 30 മുതൽ 35 ശതമാനം വരെയാണ്.

അതേസമയം, 2026–27 മുതൽ 2028–29 വരെയുള്ള കാലയളവിൽ സംഘടിത ക്ഷീരമേഖലയിലെ കമ്പനികൾ ഏകദേശം 15,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ട്. മൂല്യവർധിത ക്ഷീരോൽപ്പന്നങ്ങളുടെ നിർമാണത്തിനായിരിക്കും പ്രധാനമായും നിക്ഷേപം. ഇതിലൂടെ ഇടക്കാലയളവിൽ 40,000 കോടി രൂപയിലധികം അധിക വരുമാനം നേടാനാകുമെന്നാണ് കെയർഎഡ്ജ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.