12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള സ്ട്രാറ്റജിക് ബോംബർ വിമാനങ്ങളെ വിയറ്റ്നാമിലെത്തിച്ച് റഷ്യ. നാറ്റോ ‘ബെയർ’ എന്ന് വിശേഷിപ്പിക്കുന്ന രണ്ട് ടി.യു-95 ബോംബർ വിമാനങ്ങളും ഇന്ധനം നിറയ്ക്കുന്നതിനുള്ള രണ്ട് ഐ.എൽ-78 ടാങ്കർ വിമാനങ്ങളുമാണ് മധ്യ വിയറ്റ്നാമിലെ ദാ നാങ് വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. റഷ്യയുടെ ഫാർ ഈസ്റ്റ് മേഖലയിൽനിന്ന് പറന്നെത്തിയ വിമാനങ്ങളുടെ വിന്യാസം പസഫിക് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ചൈനയ്ക്കും തന്ത്രപരമായ സന്ദേശം നൽകുന്നതായാണ് വിലയിരുത്തൽ.
ആണവശേഷിയുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ടി.യു-95 ബോംബറുകൾക്ക് ഐ.എൽ-78 ടാങ്കർ വിമാനങ്ങളുടെ സഹായത്തോടെ പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന സൈനിക താവളമായ ഗുവാം വരെ എത്തിച്ചേരാനാകും. 2014ലാണ് ഇതിനു മുമ്പ് റഷ്യൻ സ്ട്രാറ്റജിക് വിമാനങ്ങൾ വിയറ്റ്നാമിലെത്തിയത്. അന്ന് കാം റാൺ ബേ നാവിക താവളവും ദാ നാങ് വിമാനത്താവളവും ഉപയോഗിക്കാൻ റഷ്യയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ ആശങ്കയെ തുടർന്ന് ഈ നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടയിലും ഇന്തോ-പസഫിക് മേഖലയിൽ സൈനിക സാന്നിധ്യവും സ്വാധീനവും നിലനിർത്താനാണ് മോസ്കോയുടെ ശ്രമമെന്നാണ് വിലയിരുത്തൽ. ദക്ഷിണ ചൈനാ കടലിലെ അതിർത്തി തർക്കങ്ങളും മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സൈനിക സ്വാധീനവും വിയറ്റ്നാമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ റഷ്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനാണ് വിയറ്റ്നാമിന്റെയും നീക്കം.
റഷ്യയും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തമാകുന്ന പശ്ചാത്തലത്തിൽ സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വിയറ്റ്നാമിന്റെ നീക്കമായും ഈ സൈനിക വിന്യാസത്തെ നിരീക്ഷകർ വിലയിരുത്തുന്നു. ഇന്തോ-പസഫിക് മേഖലയിലെ ശക്തിസന്തുലിതാവസ്ഥയിൽ റഷ്യയുടെ സാന്നിധ്യം വീണ്ടും ശ്രദ്ധ നേടുന്നതാണ് പുതിയ നീക്കം.


