...
Home News National നിക്ഷേപ രഹസ്യങ്ങൾ ആന്ധ്രയ്ക്ക് കൈമാറിയെന്ന് ആരോപണം; 15 ഉദ്യോഗസ്ഥരെ നീക്കി വിജയ് സർക്കാർ

നിക്ഷേപ രഹസ്യങ്ങൾ ആന്ധ്രയ്ക്ക് കൈമാറിയെന്ന് ആരോപണം; 15 ഉദ്യോഗസ്ഥരെ നീക്കി വിജയ് സർക്കാർ

നീക്കം ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ മൂന്നുപേർ നിലവിൽ ആന്ധ്രാപ്രദേശ് സർക്കാരിൽ പ്രധാന പദവികൾ വഹിക്കുന്നുണ്ടെന്ന വിവരവും ആരോപണങ്ങൾക്ക് ബലം പകരുന്നതായി വിലയിരുത്തപ്പെടുന്നു.

12

തമിഴ്‌നാട് സർക്കാരിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ആന്ധ്രാപ്രദേശിന് കൈമാറിയെന്ന ആരോപണത്തിൽ 15 മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് നീക്കി വിജയ് സർക്കാർ. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ‘ഗൈഡൻസ് തമിഴ്‌നാട്ടിൽ’ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ആഭ്യന്തര അന്വേഷണത്തിന് പിന്നാലെയാണ് ഇവരെ നീക്കിയതെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ച പ്രമുഖ കമ്പനികളുമായുള്ള സർക്കാർ ചർച്ചകൾ, കരാറുകൾ, ഇളവുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥർ ആന്ധ്രാപ്രദേശ് സർക്കാരിന് കൈമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. നീക്കം ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും 2016–2021 കാലയളവിൽ എഐഎഡിഎംകെ ഭരണകാലത്ത് നിയമിതരായവരാണ്. മുൻ ഡിഎംകെ സർക്കാരും ഭരണപരമായ തുടർച്ചയുടെ ഭാഗമായി ഇവരുടെ സേവനം ഉപയോഗിച്ചിരുന്നു.

നീക്കം ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ മൂന്നുപേർ നിലവിൽ ആന്ധ്രാപ്രദേശ് സർക്കാരിൽ പ്രധാന പദവികൾ വഹിക്കുന്നുണ്ടെന്ന വിവരവും ആരോപണങ്ങൾക്ക് ബലം പകരുന്നതായി വിലയിരുത്തപ്പെടുന്നു. തമിഴ്‌നാട്ടിലേക്ക് വരേണ്ടിയിരുന്ന ചില വൻകിട നിക്ഷേപ പദ്ധതികൾ ആന്ധ്രാപ്രദേശിലേക്ക് വഴിമാറാൻ വിവരച്ചോർച്ച കാരണമായിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്ന കാര്യത്തിൽ സർക്കാർ ഔദ്യോഗിക തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

സംഭവം തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. വിജയ് സർക്കാരിന്റെ നടപടിയെ ഡിഎംകെ ശക്തമായി വിമർശിച്ചു. മുൻ വ്യവസായ മന്ത്രി ടി.ആർ.ബി. രാജ സർക്കാരിന്റെ തീരുമാനത്തെ പക്വതയില്ലാത്തതെന്ന് വിശേഷിപ്പിച്ചു. പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത സ്ഥാപനങ്ങളെ സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിലനിർത്തിയാണ് മുൻ സർക്കാർ വ്യാവസായിക വളർച്ച ഉറപ്പാക്കിയതെന്നും നിലവിലെ ഭരണകൂടം സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാൻ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ആരോപണങ്ങൾ ആന്ധ്രാപ്രദേശ് ടിഡിപി സംസ്ഥാന പ്രസിഡന്റ് പല്ല ശ്രീനിവാസ റാവു നിഷേധിച്ചു. വ്യവസായ സൗഹൃദ നയങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ആന്ധ്രാപ്രദേശ് നിക്ഷേപം ആകർഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങൾ നേടുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രഹസ്യവിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യം ആന്ധ്രയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാവസായിക മത്സരം ആരോഗ്യകരമായ നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ് സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ യാഥാർഥ്യവും അതിന്റെ തെളിവുകളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സംഭവവികാസം തമിഴ്‌നാടും ആന്ധ്രാപ്രദേശും തമ്മിലുള്ള വ്യാവസായിക ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നതും നിർണായകമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.