...
Home News International ദാവൂദ് ഇബ്രാഹിം ഇപ്പോഴും കറാച്ചിയിൽ സജീവം; 45 കമാൻഡോകളുടെ സുരക്ഷ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എഫ്ബിഐ...

ദാവൂദ് ഇബ്രാഹിം ഇപ്പോഴും കറാച്ചിയിൽ സജീവം; 45 കമാൻഡോകളുടെ സുരക്ഷ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എഫ്ബിഐ ഏജന്റ്

പാകിസ്ഥാനിലെ ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും കൂടിക്കാഴ്ച നടത്തുന്നതിനായി '22 സംസാമ' എന്ന പേരിലുള്ള ശബ്ദപ്രതിരോധ സംവിധാനമുള്ള കെട്ടിടം ഉപയോഗിക്കുന്നുണ്ടെന്നും ഫരീദി പറഞ്ഞു.

41

ഇന്ത്യ തിരയുന്ന അധോലോക നായകനും ആഗോള ഭീകരനുമായ ദാവൂദ് ഇബ്രാഹിം ഇപ്പോഴും പാകിസ്ഥാനിലെ കറാച്ചിയിൽ സജീവമാണെന്ന അവകാശവാദവുമായി മുൻ എഫ്ബിഐ ഏജന്റ്. ദാവൂദിന്റെ ശൃംഖലയിൽ നുഴഞ്ഞുകയറിയതായി അവകാശപ്പെടുന്ന പാകിസ്ഥാൻ വംശജനായ കമ്രാൻ ഫരീദിയാണ് നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ‘ആജ് തക്’ റേഡിയോയ്ക്ക് നൽകിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ദാവൂദിന്റെ താമസം, സുരക്ഷാ ക്രമീകരണങ്ങൾ, വ്യക്തിജീവിതം, അധോലോക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഇയാൾ വിവരങ്ങൾ പങ്കുവെച്ചത്.

കറാച്ചിയിലെ ക്ലിഫ്റ്റൺ മേഖലയിലാണ് ദാവൂദ് ഇപ്പോഴും താമസിക്കുന്നതെന്നും ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിലും ഇയാൾ താമസസ്ഥലം മാറ്റിയിട്ടില്ലെന്നുമാണ് ഫരീദിയുടെ അവകാശവാദം. പാകിസ്ഥാന്റെ പ്രത്യേക സൈനിക വിഭാഗമായ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ (എസ്എസ്ജി) 35 മുതൽ 45 വരെ കമാൻഡോകൾ ഓട്ടോമാറ്റിക് ആയുധങ്ങളുമായി ദാവൂദിന് സുരക്ഷ ഒരുക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും ഇയാൾ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ആസ്ഥാനത്തെത്തി റിപ്പോർട്ട് സമർപ്പിക്കാറുണ്ടെന്നും ഫരീദി ആരോപിച്ചു.

ബോംബ്, റോക്കറ്റ്, സ്നൈപ്പർ ആക്രമണങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് ദാവൂദും ഛോട്ടാ ഷക്കീലും സഞ്ചരിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ. ദുബായിൽനിന്ന് ഇറക്കുമതി ചെയ്തതാണ് ഈ വാഹനങ്ങളെന്നും ഇയാൾ അവകാശപ്പെട്ടു. പാകിസ്ഥാനിൽ ദാവൂദിനെ ഐഎസ്ഐയുടെ അതിഥിയായാണ് പരിഗണിക്കുന്നതെന്നും ലഷ്‌കർ-ഇ-തൊയ്ബ, ഹാഫിസ് സയീദ് എന്നിവരുമായി ഇയാൾക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്നും ഫരീദി ആരോപിച്ചു.

ദാവൂദിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും അഭിമുഖത്തിൽ പരാമർശങ്ങളുണ്ട്. രാത്രി പത്തുമണിക്ക് ശേഷം പുറത്തിറങ്ങുകയും പുലർച്ചെയുള്ള പ്രാർഥനയ്ക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തുകയുമാണ് പതിവെന്നാണ് ഫരീദിയുടെ വെളിപ്പെടുത്തൽ. മതവിശ്വാസിയായി പൊതുവെ പ്രത്യക്ഷപ്പെടുന്ന ദാവൂദ് കൊക്കെയ്ൻ ഉപയോഗിക്കുന്നതായും മുൻപ് മദ്യപിച്ചിരുന്നതായും മുജ്റ നൃത്തപരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിച്ചു.

പാകിസ്ഥാനിലെ ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും കൂടിക്കാഴ്ച നടത്തുന്നതിനായി ’22 സംസാമ’ എന്ന പേരിലുള്ള ശബ്ദപ്രതിരോധ സംവിധാനമുള്ള കെട്ടിടം ഉപയോഗിക്കുന്നുണ്ടെന്നും ഫരീദി പറഞ്ഞു. ദാവൂദിനേക്കാൾ 20 വയസ്സ് പ്രായം കുറഞ്ഞ ആയിഷ എന്ന രണ്ടാമത്തെ ഭാര്യയുണ്ടെന്നും ഇവരെ പലപ്പോഴും കറുത്ത മെഴ്‌സിഡസ് കാറിൽ കാണാറുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു.

2009ൽ റഷ്യൻ മാഫിയാംഗമായി വേഷമിട്ടാണ് ദാവൂദിന്റെ ശൃംഖലയിൽ പ്രവേശിച്ചതെന്നാണ് ഫരീദി പറയുന്നത്. ജാബിർ മോത്തിവാല വഴിയാണ് ഇതിനുള്ള അവസരം ലഭിച്ചത്. ഹവാല ഇടപാടുകളുടെ ശൃംഖല സ്ഥാപിക്കാൻ ഇവരെ സഹായിച്ചെന്നും ഇയാൾ അവകാശപ്പെട്ടു. പിന്നീട് 2018ൽ ലണ്ടനിൽ ജാബിർ മോത്തിവാല അറസ്റ്റിലായതിന് പിന്നിൽ തനിക്ക് പരോക്ഷമായ പങ്കുണ്ടായിരുന്നുവെന്നും ഫരീദി വെളിപ്പെടുത്തി.

ദാവൂദ് വാർധക്യം മൂലം കിടപ്പിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ഇപ്പോഴും മയക്കുമരുന്ന് വ്യാപാരത്തിൽ സജീവമാണെന്നുമാണ് ഫരീദിയുടെ വാദം. എന്നാൽ, അഭിമുഖത്തിൽ ഉന്നയിച്ച ഈ ആരോപണങ്ങളൊന്നും ഔദ്യോഗിക ഏജൻസികൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. 1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദിനെ ഇന്ത്യ തിരയുകയാണ്. ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരരുടെ പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.