...
Home News Kerala പത്മജയുടെ മടക്കയാത്രയ്ക്ക് കോൺഗ്രസിൽ കളമൊരുങ്ങുന്നു; നിലപാട് പറയാതെ മുരളീധരൻ, ബിജെപിയിലും അതൃപ്തി

പത്മജയുടെ മടക്കയാത്രയ്ക്ക് കോൺഗ്രസിൽ കളമൊരുങ്ങുന്നു; നിലപാട് പറയാതെ മുരളീധരൻ, ബിജെപിയിലും അതൃപ്തി

പത്മജയുടെ രാജിയുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിലും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

15

കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കും അവിടെനിന്ന് വീണ്ടും കോൺഗ്രസിലേക്കുമുള്ള പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങുന്നു. ബിജെപി ബന്ധം അവസാനിപ്പിച്ച പത്മജ കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങൾ സജീവമാക്കിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലും വിഷയം ചർച്ചയാകുകയാണ്. പാർട്ടിയിലേക്ക് മടങ്ങിവരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് കത്ത് നൽകാനാണ് പത്മജയുടെ തീരുമാനം. അതേസമയം, സഹോദരി തിരിച്ചെത്തുന്ന കാര്യത്തിൽ വ്യക്തമായ നിലപാട് പറയാതെ കെ. മുരളീധരൻ ഒഴിഞ്ഞുമാറിയതും രാഷ്ട്രീയ ശ്രദ്ധ നേടുന്നു.

പത്മജയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന നിലപാട് കെ. മുരളീധരൻ ആവർത്തിച്ചു. പാർട്ടി തന്നോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ചേർന്നായിരിക്കും തുടർനടപടികൾ തീരുമാനിക്കുകയെന്നും മുരളീധരൻ പറഞ്ഞു.

ബിജെപി വിട്ട് ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന് ഇപ്പോൾ പണി കുറവാണെന്നും ആ ജോലി ഏറ്റെടുക്കാൻ മറ്റു ചിലർ രംഗത്തുണ്ടെന്നും പരിഹാസരൂപേണ മുരളീധരൻ പറഞ്ഞു. ഇതോടെ ആരോഗ്യവകുപ്പിന്റെ മെക്കിട്ട് ആരും കയറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കെ.പി.സി.സി നേതൃത്വത്തെ സമീപിക്കാനാണ് പത്മജയുടെ നീക്കം. കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് പത്മജ നന്ദി അറിയിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമായിരിക്കും പാർട്ടി തിരിച്ചെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇപ്പോൾ ആ തെറ്റ് തിരുത്തുകയാണെന്നും പത്മജ തുറന്നുപറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയവും ആശയങ്ങളും വേണ്ടത്ര മനസിലാക്കാതെ എടുത്തുചാടിയ തീരുമാനമായിരുന്നു ബിജെപി പ്രവേശനമെന്നും അവർ സമ്മതിച്ചു. രാജിക്കാര്യം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെയാണെന്നും ചേട്ടനെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്നും പത്മജ പറഞ്ഞു.

ബിജെപി വിടാനുള്ള തീരുമാനം ഏതെങ്കിലും പദവി ലഭിക്കാത്തതിന്റെ പേരിലല്ലെന്നും പാർട്ടിയിൽനിന്ന് പ്രത്യേക വാഗ്ദാനങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും പത്മജ വ്യക്തമാക്കി. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കോൺഗ്രസിലേക്ക് മടങ്ങുന്നത് ഏതെങ്കിലും സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടല്ലെന്നും അവർ കൂട്ടിച്ചേർത്തു. ആരുമായും തർക്കത്തിനില്ലെന്നും രാഷ്ട്രീയപരമായ തെറ്റിദ്ധാരണകൾ മാറ്റിവെച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും പത്മജയുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നു.

പത്മജയുടെ രാജിയുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിലും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും അതിനാൽ രാജിയെക്കുറിച്ച് മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മജയുടെ രാജി നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാറും പ്രതികരിച്ചു. പത്മജയുമായി നല്ല വ്യക്തിബന്ധമുണ്ടെന്നും അവർ പാർട്ടിക്കെതിരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പത്മജയുടെ രാജി ബിജെപിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അനീഷ് കുമാർ അവകാശപ്പെട്ടു.

പത്മജയുടെ തിരിച്ചുവരവ് കോൺഗ്രസിനുള്ളിൽ എത്രത്തോളം സ്വീകാര്യത നേടുമെന്നതാണ് ഇനി നിർണായകം. സഹോദരനായ കെ. മുരളീധരന്റെ പ്രതികരണവും പാർട്ടിയുടെ ഔദ്യോഗിക തീരുമാനവും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബിജെപി വിട്ടുള്ള പത്മജയുടെ മടക്കം വ്യക്തിപരമായ രാഷ്ട്രീയ തിരുത്തലായി മാത്രം ഒതുങ്ങുമോ, അതോ കോൺഗ്രസിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.