ബഹിരാകാശത്ത് ആണവായുധം വഹിക്കുന്ന ഉപഗ്രഹം വിന്യസിക്കാൻ റഷ്യ ഒരുങ്ങുന്നതായി ജർമ്മൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ‘സ്പുട്നിക്–എസ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായതായാണ് നാറ്റോ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിആർ, ഡബ്ല്യൂഡിആർ, സ്യൂഡ്ഡോയ്ചെ സൈറ്റുങ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്കും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള ഉപഗ്രഹ ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കമെന്നാണ് ആരോപണം. ബഹിരാകാശത്ത് ആണവസ്ഫോടനം ഉണ്ടായാൽ സൈനിക ഉപഗ്രഹങ്ങൾക്കൊപ്പം ആഗോള ആശയവിനിമയ സംവിധാനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
എന്നാൽ ആരോപണങ്ങൾ റഷ്യ തള്ളി. ജർമ്മൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ മാത്രമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. സംഭവത്തിൽ റഷ്യയുടെ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.


