25 November 2026
Home News National ഇന്ത്യയുമായി പുതിയ ബന്ധത്തിന് ബലൻ ഷാ; ആശ്രിതത്വമല്ല, പരസ്പര ആശ്രയത്വം ലക്ഷ്യമിട്ട് നേപ്പാൾ

ഇന്ത്യയുമായി പുതിയ ബന്ധത്തിന് ബലൻ ഷാ; ആശ്രിതത്വമല്ല, പരസ്പര ആശ്രയത്വം ലക്ഷ്യമിട്ട് നേപ്പാൾ

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ തകർന്ന മേഖലകളുടെ പുനർനിർമാണത്തിനായി 24,000 കോടി നേപ്പാൾ രൂപയുടെ (ഏകദേശം 15,000 കോടി ഇന്ത്യൻ രൂപ) വികസന സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

359

ഇന്ത്യയുമായുള്ള ബന്ധത്തിൽ പുതിയ നയതന്ത്ര സമീപനവുമായി നേപ്പാൾ പ്രധാനമന്ത്രി ബലൻ ഷാ. ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമായി തുടരുന്നതിനുപകരം സാമ്പത്തികവും അടിസ്ഥാനസൗകര്യപരവുമായ മേഖലകളിൽ പരസ്പര ആശ്രയത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബലൻ ഷായുടെ സമീപനം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വികസന സഹകരണം ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളുണ്ടായി.

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ തകർന്ന മേഖലകളുടെ പുനർനിർമാണത്തിനായി 24,000 കോടി നേപ്പാൾ രൂപയുടെ (ഏകദേശം 15,000 കോടി ഇന്ത്യൻ രൂപ) വികസന സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. റെയിൽവേ ബന്ധം ശക്തിപ്പെടുത്തൽ, തുറമുഖ സൗകര്യങ്ങൾ വർധിപ്പിക്കൽ, അതിർത്തി അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിലും ധാരണയായി. വിവിധ മേഖലകളിലെ സഹകരണത്തിനായി എട്ട് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ഇന്ത്യയുമായുള്ള ബന്ധത്തിൽ പ്രായോഗികവും ഫലാധിഷ്ഠിതവുമായ സമീപനമാണ് ബലൻ ഷാ സ്വീകരിക്കുന്നതെന്ന് നേപ്പാൾ ഖബർ കൺസൾട്ടിങ് എഡിറ്റർ കുബേർ ചാലിസെ വിലയിരുത്തി. വികസന സഹായം നേപ്പാളിന്റെ പുനർനിർമാണ ആവശ്യങ്ങളുടെ മൂന്നിലൊന്ന് വരെ പരിഹരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അതിർത്തി തർക്കങ്ങളും 1950ലെ ഇന്ത്യ-നേപ്പാൾ ഉടമ്പടിയുടെ പുനഃപരിശോധനയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ബലൻ ഷാ ചർച്ചകളിൽ ഉന്നയിച്ചെങ്കിലും അവയ്ക്ക് അമിത പ്രാധാന്യം നൽകിയില്ല. തർക്കവിഷയങ്ങൾ മാറ്റിനിർത്തി സാമ്പത്തിക സഹകരണത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്. ഇന്ത്യയുമായുള്ള സൗഹൃദം ഹിമാലയം പോലെ ഉയരമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ അയൽപക്ക നയതന്ത്രത്തിന് സന്ദർശനം പുതിയ അവസരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിൽ ചൈനയ്ക്കുള്ള മികവ് കണക്കിലെടുക്കുമ്പോൾ ഇന്ത്യയും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽ വേഗം പുലർത്തേണ്ടതുണ്ട്.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ പരസ്പരബന്ധത്തിൽ അധിഷ്ഠിതമാണ്. എന്നാൽ ഇന്ത്യയെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം നേപ്പാളിൽ കാലങ്ങളായി അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പുതിയ തുറമുഖ സൗകര്യങ്ങൾ, റെയിൽവേ ബന്ധം, ഗതാഗത-വ്യാപാര സഹകരണം എന്നിവയിലൂടെ ഈ ആശ്രിതത്വം പരസ്പര പ്രയോജനകരമായ ബന്ധമാക്കി മാറ്റാനാണ് ബലൻ ഷാ ശ്രമിക്കുന്നത്.

ബലൻ ഷായുടെ ഇന്ത്യാ സന്ദർശനത്തെ നയതന്ത്ര വിജയമായി മാത്രം കാണാനാവില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന നീക്കമായി വിലയിരുത്തണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. പ്രഖ്യാപനങ്ങൾ എത്ര വേഗത്തിൽ യാഥാർഥ്യമാകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ബന്ധത്തിന്റെ ഭാവി.