കൊച്ചി: ‘ദി ജേർണലിസ്റ്റ്’ ഓൺലൈൻ വാർത്താ ചാനൽ ചീഫ് എഡിറ്ററും ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) സംസ്ഥാന മീഡിയ കോർഡിനേറ്ററുമായ യദു നാരായണനെ നോട്ടീസ് നൽകാതെ കസ്റ്റഡിയിലെടുക്കാനുള്ള കണ്ണൂർ പോലീസിന്റെ നീക്കത്തിൽ ഇടപെട്ട് സംഘടന. അതിരാവിലെ കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിൽ മൂന്ന് പോലീസുകാർ യദുവിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതായാണ് ഡിഎംഎയുടെ ആരോപണം. വിവരമറിഞ്ഞ ഉടൻ സംഘടനാ ഭാരവാഹികൾ ഇടപെട്ടതോടെ പോലീസിന്റെ തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഡിഎംഎ സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുമായി സംസാരിച്ചു. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി സമ്മതിച്ച എസ്.പി സംഘടനയോട് ഖേദം പ്രകടിപ്പിച്ചതായും ഡിഎംഎ ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ മാധ്യമരംഗം ഇന്ന് ശക്തമായ സംഘടനാ സംവിധാനമുള്ള മേഖലയാണെന്നും മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമങ്ങൾ ഇനി അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി.
കോടതി നിർദേശങ്ങൾ പോലും പരിഗണിക്കാതെയാണ് പോലീസ് നടപടിയുമായി മുന്നോട്ടുപോയതെന്ന് ഡിഎംഎ ആരോപിച്ചു. സ്റ്റേഷൻ ജാമ്യം ലഭിക്കേണ്ട ഒരു കേസിൽ യദു നാരായണനെ കൊടുംകുറ്റവാളിയോടെന്ന രീതിയിൽ മൂന്ന് മണിക്കൂറോളം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചുവെന്നാണ് സംഘടനയുടെ ആരോപണം. സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇതിനുപുറമെ, നോട്ടീസോ സെർച്ച് വാറണ്ടോ ഇല്ലാതെ ‘ദി ജേർണലിസ്റ്റ്’ ഓഫീസിൽ പോലീസ് പ്രവേശിച്ചതായും ഡിഎംഎ ആരോപിച്ചു. പോലീസ് നടപടിയെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടുവെന്നും സംഘടന വ്യക്തമാക്കി.
സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രത്യേകം നിവേദനങ്ങൾ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ അറിയിച്ചു. ജനറൽ സെക്രട്ടറി പി.ആർ. സോംദേവ്, സംസ്ഥാന ലീഗൽ കോർഡിനേറ്റർ സിബി തോമസ്, ട്രഷറർ എസ്. രോഹിത് തുടങ്ങിയ ഡിഎംഎ ഭാരവാഹികളും പ്രവർത്തകരും സംഭവസ്ഥലത്തെത്തിയിരുന്നു.
മാധ്യമപ്രവർത്തകരുടെ സുരക്ഷയും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.


