നമ്മൾ കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ തലച്ചോറ് ഒരു വീഡിയോ ക്യാമറ പോലെ കൃത്യമായി രേഖപ്പെടുത്തുന്നില്ല. മറിച്ച്, ഓരോ തവണയും പഴയ കാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ ലഭ്യമായ വിവരങ്ങളും നിലവിലുള്ള സൂചനകളും ചേർത്ത് മസ്തിഷ്കം ഓർമകളെ പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയിൽ സംഭവിക്കുന്ന പിഴവുകൾ കാരണം യഥാർഥത്തിൽ നടക്കാത്ത കാര്യങ്ങൾ പോലും നമ്മുടെ ഓർമയുടെ ഭാഗമായേക്കാം. മനഃശാസ്ത്രത്തിൽ ഇതിനെ ‘തെറ്റായ ഓർമകൾ’ (False Memories) എന്നാണ് വിളിക്കുന്നത്.
ഇത് മനഃപൂർവം പറയുന്ന നുണയല്ലെന്നും തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനത്തിന്റെ ഭാഗമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനുഭവങ്ങൾ തലച്ചോറ് സൂക്ഷിക്കുകയും പിന്നീട് ഓർത്തെടുക്കുകയും ചെയ്യുമ്പോൾ അവയിലെ വിടവുകൾ നികത്താൻ ഭാവനയും മറ്റുള്ളവരിൽ നിന്നുള്ള വിവരങ്ങളും മുൻ അറിവുകളും ഉപയോഗിക്കുന്നു. ഇതോടെ യഥാർഥത്തിൽ സംഭവിക്കാത്ത കാര്യങ്ങൾ പോലും വ്യക്തമായ ഓർമകളായി അനുഭവപ്പെടാം.
മനഃശാസ്ത്രജ്ഞയായ എലിസബത്ത് ലോഫ്റ്റസിന്റെ ഗവേഷണങ്ങൾ ഈ പ്രതിഭാസത്തെക്കുറിച്ച് നിർണായകമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. 1974ൽ ജോൺ പാമറുമായി ചേർന്ന് നടത്തിയ പരീക്ഷണത്തിൽ വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ ആളുകളെ കാണിച്ച ശേഷം വാഹനങ്ങളുടെ വേഗതയെക്കുറിച്ച് വ്യത്യസ്ത രീതികളിൽ ചോദ്യങ്ങൾ ചോദിച്ചു. കാറുകൾ എത്ര വേഗത്തിലാണ് കൂട്ടിയിടിച്ചതെന്ന് ചോദിച്ചപ്പോൾ ശരാശരി 40.5 മൈൽ വേഗതയാണ് ആളുകൾ കണക്കാക്കിയത്. എന്നാൽ ‘ഹിറ്റ്’, ‘കോൺടാക്ട്’ തുടങ്ങിയ മൃദുവായ പദങ്ങൾ ഉപയോഗിച്ചപ്പോൾ വേഗത കുറഞ്ഞതായാണ് അവർ വിലയിരുത്തിയത്.
കൂടുതൽ ശ്രദ്ധേയമായ കാര്യം, ശക്തമായ പദപ്രയോഗങ്ങൾ കേട്ട ചിലർ വീഡിയോയിൽ ഗ്ലാസ് പൊട്ടുന്നത് കണ്ടതായി ഓർത്തെടുത്തു എന്നതാണ്. എന്നാൽ ദൃശ്യങ്ങളിൽ അത്തരമൊരു സംഭവം ഉണ്ടായിരുന്നില്ല. ചോദ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ പോലും ഒരാളുടെ ഓർമയെ സ്വാധീനിക്കുമെന്നതിന് തെളിവായിരുന്നു ഈ പരീക്ഷണം.
1995ൽ നടത്തിയ മറ്റൊരു പഠനത്തിലും തെറ്റായ ഓർമകളുടെ സ്വാധീനം വ്യക്തമായി. ഗവേഷകർ പങ്കെടുത്തവരുടെ ബാല്യകാലത്തെ നാല് സംഭവങ്ങൾ വിവരിച്ചു. ഇതിൽ മൂന്നെണ്ണം യഥാർഥ സംഭവങ്ങളും മറ്റൊന്ന് ഷോപ്പിങ് മാളിൽ വഴിതെറ്റിപ്പോയതിനെക്കുറിച്ചുള്ള സാങ്കൽപ്പിക സംഭവവുമായിരുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ ഏകദേശം 25 ശതമാനം പേർ പിന്നീട് സാങ്കൽപ്പിക സംഭവവും യഥാർഥത്തിൽ നടന്നതായി ഓർത്തെടുത്തു.
ഭാവന, സംഭവത്തിന് ശേഷം ലഭിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ഓർമകൾ തിരിച്ചെടുക്കുമ്പോഴുണ്ടാകുന്ന പിശകുകൾ എന്നിവയാണ് ഇത്തരം ഓർമവികലതകൾക്ക് പ്രധാന കാരണങ്ങൾ. തലച്ചോറിലെ മീഡിയൽ ടെമ്പറൽ ലോബ്, പ്രീഫ്രോണ്ടൽ കോർട്ടെക്സ് തുടങ്ങിയ ഭാഗങ്ങൾ യഥാർഥവും തെറ്റായതുമായ ഓർമകളുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നതായും ന്യൂറോ ഇമേജിങ് പഠനങ്ങൾ വ്യക്തമാക്കുന്നു.
ദൈനംദിന ജീവിതത്തിന് ആവശ്യമായ രീതിയിൽ നമ്മുടെ ഓർമകൾ പൊതുവെ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഒരു കാര്യം വളരെ വ്യക്തമായി ഓർക്കുന്നു എന്നതുകൊണ്ട് അത് പൂർണമായും ശരിയാണെന്ന് ഉറപ്പിക്കാനാകില്ല. പ്രത്യേകിച്ച് ദൃക്സാക്ഷി മൊഴികളിലും വൈകാരികമായി സ്വാധീനിക്കുന്ന സംഭവങ്ങളിലും തെറ്റായ ഓർമകൾ നിർണായകമായേക്കാം. അതിനാൽ പ്രധാനപ്പെട്ട സംഭവങ്ങളെ വിലയിരുത്തുമ്പോൾ ഓർമകളെ മാത്രം ആശ്രയിക്കാതെ സ്വതന്ത്രമായ തെളിവുകളും മറ്റ് വിവരങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


