...
Home News Kerala ഇവിടെയൊരു അഡ്വക്കേറ്റ് ചന്ദ്രുവുണ്ടായിരുന്നെങ്കിൽ അയാളെ നിങ്ങൾ മാവോയിസ്റ്റാക്കുമായിരുന്നില്ലേ?

ഇവിടെയൊരു അഡ്വക്കേറ്റ് ചന്ദ്രുവുണ്ടായിരുന്നെങ്കിൽ അയാളെ നിങ്ങൾ മാവോയിസ്റ്റാക്കുമായിരുന്നില്ലേ?

എങ്ങനെയാണു മനുഷ്യരേ നിങ്ങൾക്കിങ്ങനെ കണ്ണടച്ചുവെച്ചു, ചെവികൾ മൂടിക്കെട്ടി, ഓർമകളുടെ ഭാരമില്ലാതെ രാഷ്ട്രീയം സംസാരിക്കുന്നു എന്നഭിനയിക്കാൻ കഴിയുന്നത്?

175

. ഹരിമോഹൻ

നമ്മളെക്കൊണ്ട് ഏറ്റവും വൃത്തിയായി ചെയ്യാവുന്ന പണി, നമ്മുടെ അതിർത്തികൾക്കപ്പുറമുള്ള മനുഷ്യാവകാശ ലംഘനങ്ങളിലും അനീതികളിലും രോഷം കൊള്ളുക എന്നതും, ആ നാടുകളിൽ പാർശ്വവത്കൃതർക്കു നീതി ലഭ്യമാകുമ്പോൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് ഐക്യദാർഢ്യം രേഖപ്പെടുത്തുക എന്നതുമാണ്.

ആ പണി, ആ പണി മാത്രം ഇന്നും തുടരാൻ കഴിയുന്ന ഒരു ജനതയാണു നമ്മളെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. അതുകൊണ്ടാണല്ലോ ‘ജയ് ഭീം’ എന്ന സിനിമയിലെ വേട്ടയാടപ്പെട്ട മനുഷ്യരെ നോക്കി കണ്ണുകൾ നനഞ്ഞതും ജാതിയെന്ന യാഥാർഥ്യത്തെക്കുറിച്ചു വാതോരാതെ സംസാരിച്ചതും ആ മനുഷ്യരുടെ നീതിക്കു വേണ്ടി പോരാടിയ അഭിഭാഷകന്റെ (നായക കഥാപാത്രത്തിന്റെ) ചുവന്ന കൊടി പിടിച്ച രാഷ്ട്രീയം കണ്ട് അഭിമാനപുളകിതരായതും.

എങ്ങനെയാണു മനുഷ്യരേ നിങ്ങൾക്കിങ്ങനെ കണ്ണടച്ചുവെച്ചു, ചെവികൾ മൂടിക്കെട്ടി, ഓർമകളുടെ ഭാരമില്ലാതെ രാഷ്ട്രീയം സംസാരിക്കുന്നു എന്നഭിനയിക്കാൻ കഴിയുന്നത്? എങ്ങനെയാണു പോലീസിന്റെ ചവിട്ടേറ്റു ക്രൂരമായി കൊല്ലപ്പെട്ട രാജാക്കണ്ണിൽ മാത്രം നിങ്ങളുടെ മനസ്സ് നിൽക്കുന്നത്? എനിക്കതിനു കഴിയുന്നില്ല. രാജാക്കണ്ണിനെ കാണുമ്പോൾ എനിക്കു മറ്റു ചിലരെ ഓർമ വരുന്നുണ്ട്. വർഷങ്ങൾ പിന്നിലേക്കോ കിലോമീറ്ററുകൾ അപ്പുറത്തേക്കോ പോയി കഷ്ടപ്പെടാതെ തന്നെ എനിക്കു ചില മനുഷ്യരെ ഓർമ വരുന്നുണ്ട്.

രാജാക്കണ്ണിനു നീതി വാങ്ങിക്കൊടുക്കാനിറങ്ങിയ അഭിഭാഷകൻ ചന്ദ്രു പിടിച്ച അതേ കൊടി പിടിച്ച് അധികാരത്തിലേറിയ ഒരു ഭരണകൂടത്തിൽ നിന്ന്, അവരുടെ പോലീസിൽ നിന്നു നേരിട്ട അനീതികളെക്കുറിച്ചു പറഞ്ഞില്ലെങ്കിൽ ആ മനുഷ്യരോടു ചെയ്യുന്ന അനീതിയാവും.

2016-ൽ അധികാരമെറ്റെടുത്തു മാസങ്ങൾക്കുള്ളിൽ ആ പണി തുടങ്ങിയിട്ടുണ്ടായിരുന്നു പിണറായി വിജയന്റെ പോലീസ്. 2016 ഒക്ടോബര്‍ 26-നു കൊല്ലത്തെ കുണ്ടറയില്‍ കുഞ്ഞുമോൻ എന്ന ദളിത്‌ യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ഓർമയിലുണ്ടോ? മദ്യപിച്ച് ബൈക്ക് ഓടിച്ചു എന്ന പെറ്റിക്കേസില്‍ പിഴയടക്കാത്തതിനായിരുന്നു ആ മനുഷ്യനെ പൊലീസ് അര്‍ധരാത്രിയില്‍ വീടുവളഞ്ഞു കസ്റ്റഡിയിലെടുത്തത്.

മകനെ കൊണ്ടുപോകരുതെന്നു കാലുപിടിച്ചു കരഞ്ഞ അമ്മയുടെ മുന്നിൽ നിന്നും ബലം പ്രയോഗിച്ചിറക്കിക്കൊണ്ടുപോയ കുഞ്ഞുമോന്റെ മൃതദേഹമാണു പിറ്റേദിവസം ആ അമ്മ കണ്ടത്. അനക്കമില്ലാതെ കിടന്ന മകന്റെ മൃതദേഹത്തിനു മുന്നിൽ പിഴയടയ്ക്കാനുള്ള കാശ് കൈയിൽ ചുരുട്ടിപ്പിടിച്ചു നിൽക്കുന്ന ഒരമ്മയുടെ കാഴ്ച രാജാക്കണ്ണിന്റെ മരണവാർത്ത കെട്ട സെങ്കണിയുടെ കരച്ചിലിനെക്കാൾ എത്രയോ ഭീകരമായിരുന്നിരിക്കും.

തൊട്ടടുത്ത വർഷം ഒരു പെൺകുട്ടിയുമായി വഴിയിൽ സംസാരിച്ചതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത പാവറട്ടിക്കാരൻ വിനായകൻ എന്ന ദളിത്‌ ചെറുപ്പക്കാരനെയും മറന്നിരിക്കും. 2017 ജൂലായിലായിരുന്നു. ക്രൂരമായി മർദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതിന്റെ വിഷമത്തിൽ തിരിച്ചു വീട്ടിലെത്തിയ വിനായകന്‍ ആത്മഹത്യ ചെയ്തിരുന്നു. ബൂട്ട്സിട്ടു കാല്‍വിരലുകള്‍ ഞെരിച്ചതിന്റെ പാടുകളും, നെഞ്ചിലെയും ഇടുപ്പിലെയും ക്ഷതങ്ങളും, നീലിച്ച നഖങ്ങളും, പിന്‍കഴുത്തില്‍ പിടിച്ചു ഞെരിച്ചതിന്റെ പാടുകളുമൊക്കെ രാജാക്കണ്ണിന്റെ മുറിവേറ്റ ശരീരത്തെക്കാൾ ഇന്നും അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

നിങ്ങൾ മറന്നിരിക്കാൻ സാധ്യതയില്ലാത്ത കാഴ്ച ഒന്നുണ്ടാവും. തൂങ്ങിയാടുന്ന രണ്ടു കുഞ്ഞുങ്ങളെ. വാളയാറിലെ ദളിതരായ ആ രണ്ടു കുഞ്ഞുങ്ങളെ. കേസിലുടനീളം ആ കുഞ്ഞുങ്ങളെക്കുറിച്ചു മോശമായി സംസാരിക്കുകയും കേസിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയും ചെയ്തെന്നു പലവട്ടം തെളിയുകയും ചെയ്ത ഒരുദ്യോഗസ്ഥനെ പ്രമോഷൻ അടക്കം നൽകി എസ്.പിയാക്കിയ ഭരണകൂടവും മേൽപ്പറഞ്ഞ ആ ചുവന്ന കൊടി പിടിക്കുന്നവരുടേതാണ്. ഒടുവിൽ നീതി തേടി ഒരമ്മയ്ക്ക് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നവകാശപ്പെടുന്ന ഒരാൾക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടുന്ന ഗതികേട് വന്നില്ലേ.

ജാതിക്കെതിരായ കമ്മ്യൂണിസ്റ്റ്‌ പോരാട്ടങ്ങളെക്കുറിച്ചു പറയുമ്പോൾ ഏറ്റവുമാദ്യം ഓർമ വരേണ്ടത്, വടയമ്പാടിയിലെ ജാതിമതിലിനെതിരെ സമരം നടത്തിയ ദളിതരെയാണ്. ഒരു പുലർച്ചെ രണ്ടുവണ്ടി പോലീസെത്തി അവരുടെ സമരപ്പന്തൽ പൊളിച്ചുകളഞ്ഞപ്പോഴും കേരളം ഭരിച്ചിരുന്നത് ഈപ്പറഞ്ഞ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ആഭ്യന്തരം കൈകാര്യം ചെയ്തതു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയുമായിരുന്നു.
ഈ പറഞ്ഞതു മുഴുവൻ ദളിതരെക്കുറിച്ചാണ്. ഇനിയുമേറെ പറയാനുണ്ട്. പോലീസ് കസ്റ്റഡിയിൽ തല്ലിക്കൊന്ന അബ്ദുൽ ലത്തീഫ് എന്ന മുസ്‌ലിമിനെക്കുറിച്ച്, കാളിമുത്തു എന്ന അതിഥിത്തൊഴിലാളിയെക്കുറിച്ച്, രാജ്കുമാറിനെക്കുറിച്ച്, വെടിവെച്ചുകൊന്ന അജിതയെയും കുപ്പുസാമിയെയും സി.പി ജലീലിനെയും കുറിച്ച്. അങ്ങനെയെത്രയെത്ര പേരെക്കുറിച്ച്.

ഇങ്ങനെ എത്രയോ വട്ടം നിങ്ങൾ അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ‘ഉയർത്തിപ്പിടിച്ച’ ഒരു ഭരണകൂടത്തെയും അവർക്കു വേണ്ടി പണിയെടുത്ത ഒരു പോലീസ് സംവിധാനത്തെയും കൈയടിച്ചു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇവിടെയൊരു അഡ്വക്കേറ്റ് ചന്ദ്രുവുണ്ടായിരുന്നെങ്കിൽ അയാളെ നിങ്ങൾ മാവോയിസ്റ്റാക്കുമായിരുന്നില്ലേ? വർഗ്ഗശത്രുവാക്കുമായിരുന്നില്ലേ? എല്ലാം മറന്ന്, അയലത്തേക്കു നോക്കി വിലപിക്കാനും രോഷം കൊള്ളാനും കൈയടിക്കാനും പറ്റുക എന്നതാണു നിങ്ങളെ സംബന്ധിച്ച് ഏറ്റവും ഭാഗ്യം. അതു തുടരുക.

‘ജയ് ഭീം’ മുഴക്കി ദളിത്‌ രാഷ്ട്രീയം സംസാരിക്കുന്നതു തുടരുക. അംബേദ്കർ ഇങ്ങനെ നിരന്തരം അപമാനിക്കപ്പെടുകയാണ് എന്ന് എന്നെങ്കിലും മനസിലാകും വരെ അതു തുടരുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.