| പ്രീജിത് രാജ്
ഏഷ്യാനെറ്റിനെതിരായ പോക്സോ കേസ് ഒരു മാപ്പിൽ തീരുന്ന കാര്യമല്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഹൈക്കോടതിയും ഗൗരവത്തോടെയാണ് ഈ പ്രശ്നത്തെ വീക്ഷിക്കുന്നതെന്ന് അവരുടെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാക്കാം.
ഏഷ്യാനെറ്റ്, പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ ഉപയോഗിച്ച് വാർത്ത ചെയ്തതിലൂടെ യൂണിസെഫിന്റെ നിർദ്ദേശങ്ങളും ലംഘിച്ചിരിക്കയാണ്. ഇത് അതീവ ഗൗരവതരമായ കാര്യമാണ്. കുട്ടികളെ കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നൈതികത നിലനിർത്തുന്നതിനു വേണ്ടി യൂണിസെഫ് “Ethical guidelines for reporting on children” എന്ന പേരിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
അതിലെ മൂന്നാമത്തെ നിർദ്ദേശം ഇങ്ങനെയാണ് :- “No staging: Do not ask children to tell a story or take an action that is not part of their own history” – “സ്റ്റേജിങ്/ അഭിനയിപ്പിക്കൽ നടത്തരുത്. സ്വന്തം ജീവിതത്തിൽ നടന്നിട്ടില്ലാത്ത ഒരു അനുഭവം പറയാനോ ഒരു കാര്യം ചെയ്യാനോ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി കുട്ടികളോട് ആവശ്യപ്പെടരുത്”.
യൂണിസെഫിന്റെ ഈ നിർദ്ദേശം ഏഷ്യാനെറ്റിന് അറിയാഞ്ഞിട്ടല്ല. ഏഷ്യാനെറ്റ് ആ നിർദ്ദേശത്തിന് പുല്ലുവില കൊടുത്താണ് പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ വാർത്തയ്ക്കായി ഉപയോഗിച്ചത്.
രാജ്യത്തെ നിയമവ്യവസ്ഥയെയും യൂണിസെഫ് പോലുള്ള സംവിധാനങ്ങളേയും ഏഷ്യാനെറ്റ് വെല്ലുവിളിക്കുന്നു. നിയമസഭയിൽ ഏഷ്യാനെറ്റിന് വേണ്ടി അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിൽ ഒരു വിഭാഗം ഇപ്പോൾ ഏഷ്യാനെറ്റ് വിഷയത്തിൽ മിണ്ടാതിരിക്കുന്നത് കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയാണ്. കേവലം ആരോപണ – പ്രത്യാരോപണങ്ങളിൽ അവസാനിക്കുന്ന വിഷയമല്ല ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ ചാനൽ അഭിമുഖീകരിക്കുന്നത്. അതൊരു മാപ്പിൽ തീരുന്നതുമല്ല.



