| അനീഷ് മാത്യു
കൊടിക്കുന്നിൽ സുരേഷ്കേരളത്തിൽ നിന്നുള്ള എം പി ആണ്. ഫാസിസത്തിന്റെ തോൽപിക്കാൻ ആയി കേരള ജനത പ്രതീക്ഷയോടെ ലാസ്റ്റ് ബസിനൊപ്പം തിരഞ്ഞെടുത്തു വിട്ട നേതാവ്. തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡിനു സാമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കുന്നതിനെതിരെ കേന്ദ്രത്തിൽ പോയി മന്ത്രി നിതിൻ ഗഡ്ഗരിയെക്കണ്ടു പരാതി നല്കിയിരിക്കുന്നുണ്ട്- മാത്രമല്ല അത് വളരെ അഭിമാനപൂർവം പരസ്യമായി എഴുതിയിട്ടുമുണ്ട്.
വികസനവിരോധം മാത്രമല്ല സുരേഷിന്റെ പ്രശ്നം – ഇദ്ദേഹം നടപ്പിലാക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ എല്ലാ കാലത്തെയും പോളിസി -നയം ആണ്. കോൺഗ്രസ് ഗ്രീൻ ഫീൽഡ് പാതയെ എതിർക്കുന്നതും ഇടതുപക്ഷം ഇത്തരം പ്രൊജെക്റ്റുകൾ ലോകത്തെവിടെയും ആരംഭിക്കാൻ ശ്രമിക്കുന്നതിനും ഒരു കാരണം ഉണ്ട്. എന്താണ് ഗ്രീൻ ഫീൽഡ് പാത? – നിലവിൽ ഇല്ലാത്ത പൂർണമായും പുതിയ ഒരു റോഡ് ആണ് ഗ്രീൻ ഫീൽഡ് പാത.
റോഡുകൾ വരുമ്പോൾ ആ റോഡിനു ചുറ്റുമായി പുതിയൊരു സമ്പത് വ്യവസ്ഥ ഉണ്ടായി വരും എന്ന് നമുക്ക് അറിയാം, ഭൂസ്വത്ത് പ്രധാന സ്വത്ത് ആയ ഒരു രാജ്യത്തിൽ പ്രധാന റോഡുകളുടെ അടുത്തുള്ള ഭൂമിയുടെ വിലയും അകലെയുള്ള ഗ്രാമങ്ങളിലെ റോഡുകളുടെ വിലയും തമ്മിലുള്ള അന്തരം എത്ര വലുത് ആണ് എന്നാലോചിക്കുക.
നിലവിൽ കേരളത്തിൽ ഉള്ള ഹൈവെകളും പ്രധാന റോഡുകളും പണ്ട് പണ്ടേ ഉള്ള റോഡിനു വീതി കൂട്ടി -അല്ലെങ്കിൽ വളവ് നിവർത്തി ഉണ്ടാക്കപ്പെട്ടത് ആണ് – അതായത് തലമുറ തലമുറയായി ഒരേ വിഭാഗം ജനത ഈ സാമ്പത്തികമായി മെച്ചമുള്ള റോഡിന്റെ വീതി കൂട്ടൽ വഴി കൂടുതൽ സമ്പന്നർ ആകുന്നു. അതോടൊപ്പം ഈ തരം റോഡുകളിൽ നിന്നും ദൂരെ താമസിക്കുന്ന ജനത കൂടുതൽ കൂടുതൽ സമ്പത്ത് കുറഞ്ഞവർ ആകുന്നു.
1750 യിലോ മറ്റോ ദിവാൻ രാജ കേശവദാസ് പണി ആരംഭിച്ച റോഡ് ആണ് എം സി റോഡ്. 250 വര്ഷത്തോളം പഴക്കമുള്ള ഈ റോഢിന് ചേർന്ന് ഉണ്ടായ നഗരങ്ങളും ടൗണുകളിലും ഉള്ളവർ പരമ്പരാഗതമായി ആ റോഡിന്റെ വികസനത്തിന്റെ ഫലങ്ങൾ നേടി. എന്നാൽ റോഡിൽ നിന്നും അകലെയുള്ളവർക്ക് അത്തരം സാമ്പത്തിക മെച്ചങ്ങൾ തുല്യമായി കിട്ടിയും ഇല്ല.
ചുരുക്കത്തിൽ സാമ്പത്തികമായി ഉയർന്ന ജനവിഭാഗത്തെ കൂടുതൽ സമ്പന്നർ ആക്കുകയും പാവപ്പെട്ടവരെ കൂടുതൽ ദരിദ്രർ ആക്കുകയും വികസന പ്രോജെക്റ്റുകൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നുണ്ട്.
അതെ സമയം നിലവിൽ ഇല്ലാത്ത പൂർണമായും പുതിയ ഒരു റോഡ് ആണ് ഗ്രീൻ ഫീൽഡ് പാത- അത്തരം ഒരു പാതയുടെ നിർമ്മാണം പുതിയ ഒരു മിഡിൽ ക്ലാസ്സിനെ – വികസനത്തിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശത്തെ മുഴുവനായും വിപ്ലവകരമായ വികസനത്തിലേക്ക് നയിക്കും – സമൂഹത്തിലെ ക്ളാസ് വിഭജനത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ഇതാണ്.
ചൈനയിൽ പുതിയ നഗരങ്ങൾ ഉണ്ടാക്കിയപ്പോൾ ഇതൊക്കെ ഗോസ്റ്റ് ടൗണുകൾ ആകുമെന്ന് ആഗോള മപ്രകൾ വിളിച്ചുകൂവിയതും ഇത്തരം വർഗ്ഗവിഭജനത്തിൽ മാറ്റങ്ങൾ വരാതിരിക്കാൻ ആണ്. അന്താരാഷ്ട്ര മാപ്രാകൾ അത്തരം പരിപാടികൾക്ക് പരിസ്ഥിതി ദോഷം ആയിരുന്നു കാരണം ആയി പറഞ്ഞത് -സുരേഷും അത് തന്നെ ഇവിടെ ആവർത്തിക്കുന്നു.
വികസനവിരോധം മാത്രമല്ല ഗ്രീൻ ഫീൽഡ് പാതക്കെതിരെ കോൺഗ്രസിനെ നയിക്കുന്നത്. കാലാകാലമായി കേരള ഗവണ്മെന്റിന്റെ പ്രോജക്ടുകളുടെ ഗുണഫലം അനുഭവിക്കാൻ സാധിക്കാത്ത ഒരു ജനത വിഭാഗത്തിന് കൂടി -മലയോരമേഖലയിലെ ജനങ്ങൾക്ക് കൂടി അത്തരം മെച്ചങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുക എന്ന പരിപാടി ആണ്. ഫ്യുഡലിസം ആണ് കോൺഗ്രസിന്റെ നയം – ഫ്യൂഡലിസത്തിന്റെ തകർച്ച കോൺഗ്രസിന് ആലോചിക്കാൻ വയ്യാത്ത കാര്യം ആണ്.
കോൺഗ്രസിന്റെ തകർച്ചക്ക് ഒരു കാരണവും ഫ്യുഡൽ സാമ്പത്തിക വ്യവസ്ഥ തകർന്നു തുടങ്ങിയത് ആണ്. കൊടിക്കുന്നിൽ സുരേഷിന്റെ കുത്തിത്തിരുപ്പ് മാത്രം അല്ല -കോൺഗ്രസിന്റെ ദേശിയ നയം ആണ് അയാൾ നടത്താൻ ശ്രമിക്കുന്നത്.



