മഹാരാഷ്ട്രയിലെ മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. നഗരത്തിലേക്കുള്ള സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്.
പദ്ധതിക്കായി മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്( BEST) ആണ് ബസ് സർവീസ് ഒരുക്കുന്നത്. നഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകൾ ഒരുക്കുന്നത്. പ്രധാനപ്പെട്ട എഴുപതു റൂട്ടുകളിൽ പത്തെണ്ണം ലേഡീസ് സ്പെഷലായിരിക്കും. ബാക്കിവരുന്ന അറുപതു റൂട്ടുകളിൽ ലേഡീസ് ഫസ്റ്റ് എന്ന രീതിയിലാവും നടപ്പിലാക്കുക. ഇത് പ്രകാരം ആദ്യ ബസ്റ്റോപ്പിൽ സ്ത്രീകൾക്കായിരിക്കും മുൻഗണന.
സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബെസ്റ്റിന്റെ ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു. ഏകദേശം 28 ലക്ഷത്തോളം യാത്രികരാണ് തങ്ങളുടെ സേവനം ദിവസവും ഉപയോഗിക്കുന്നത്. ഇതിൽ തന്നെ പന്ത്രണ്ടു ശതമാനത്തോളം സ്ത്രീ യാത്രികരാണ്. ആദ്യത്തെ ബസ് സ്റ്റോപ്പിൽ സ്ത്രീകൾക്ക് പ്രാമുഖ്യം നൽകുക വഴി ആ റൂട്ടിൽ വനിതാ യാത്രികർ കൂടുമെന്നും സ്വാഭാവികമായി ലേഡീസ് സ്പെഷൽ റൂട്ട് ആവുമെന്നും മറ്റൊരു വക്താവ് അഭിപ്രായപ്പെട്ടു.



