| ശ്രീജ നെയ്യാറ്റിൻകര
ആർ എസ് എസിന്റെ വളരേ കൃത്യമായ ആസൂത്രിത പദ്ധതിയാണ് രാജ്യത്ത് നടക്കുന്നത് . ഒരു വശത്ത് പള്ളി അരമനകളിലും ക്രിസ്ത്യാനികളുടെ വീടുകളിലും ഹിന്ദുത്വ വാദികൾ കയറിയിറങ്ങുന്നു . മറു വശത്ത് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില മുസ്ലീം സംഘടനകളുമായി ആർ എസ് എസ് രഹസ്യ ചർച്ച നടത്തുന്നു. തുടർന്ന് പള്ളി അരമനകളിൽ നിന്ന് ബി ജെ പി അനുകൂല പ്രസ്താവനകൾ ഉയരുന്നു … എന്തിനേറെ ബിഷപ്പുമാർക്ക് വംശീയോന്മൂലന പ്രത്യയ ശാസ്ത്രമായ വിചാരധാരയെ വരെ അനുകൂലിക്കേണ്ടി വരുന്ന ഗതികേടുണ്ടാകുന്നു.
മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകളേയും രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യണമെന്ന് പറയുന്ന അപകടകരമായ പ്രത്യയ ശാസ്ത്രം അന്നത്തെ സാഹചര്യം കൊണ്ടുണ്ടായതാണെന്ന് യാതൊരുളുപ്പുമില്ലാതെ പറഞ്ഞു കൊണ്ട് ആർ എസ് എസിനെ ന്യായീകരിക്കാൻ പാംപ്ലാനി ബിഷപ്പ് മുന്നോട്ട് വരുന്നു . എന്തായിരുന്നു പാംപ്ലാനി പറഞ്ഞ ‘അന്നത്തെ സാഹചര്യം’ എന്ന് ആരെങ്കിലും ബിഷപ്പ് പാംപ്ലാനിയോട് ചോദിച്ചിരുന്നോ …?
ഈ രാജ്യത്തിന്റെ ചരിത്രത്തിൽ എപ്പോഴെങ്കിലും മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകളേയും ഉന്മൂലനം ചെയ്യേണ്ട വിധത്തിൽ ഒരു ഭീഷണിയായി അവർ മാറിയിട്ടുണ്ടായിരുന്നോ ….? ഏത് സാഹചര്യത്തെ കുറിച്ചാണ് പാംപ്ലാനി ബിഷപ്പ് പറയുന്നത് …? എന്നാൽ പാംപ്ലാനി പിന്തുണ നൽകുന്ന ബി ജെ പി കാരണം ക്രിസ്ത്യാനികൾ അഭിമുഖീകരിക്കുന്ന ഇന്നത്തെ സാഹചര്യത്തെ കുറിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൈസ്തവ സംഘടനകൾ അങ്ങ് ഡൽഹി ജന്തർ മന്ദിറിൽ അണി നിരന്നു കൊണ്ട് ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അതിനെക്കുറിച്ച് പാംപ്ലാനി വല്ലതും കേട്ടിരുന്നോ?
പാംപ്ലാനി ബിഷപ്പ് പിന്തുണയ്ക്കുന്ന ഹിന്ദുത്വ ഭീകരർക്കെതിരെ ക്രൈസ്തവർക്ക് തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടായതെന്തിനാണെന്ന് പാംപ്ലാനിക്ക് അറിയാഞ്ഞിട്ടല്ല. തങ്ങൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയിൽ ആയിരത്തിലധികം ആക്രമണങ്ങളാണ് നടന്നതെന്ന് ക്രൈസ്തവ സമൂഹം തെരുവിലിറങ്ങി വിളിച്ച് പറഞ്ഞു. 2014 ൽ 127 ആക്രമണങ്ങൾ രാജ്യത്ത് മൊത്തമായി ക്രിസ്ത്യാനികൾക്കെതിരെ നടന്നപ്പോൾ 2022 ൽ അതായത് കഴിഞ്ഞ വർഷം ഉത്തർ പ്രദേശിൽ മാത്രം 187 ആക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ നടന്നതായി ക്രൈസ്തവ സംഘടനകൾ കണക്കുകൾ നിരത്തി വിളിച്ച് പറഞ്ഞു.
ക്രിസ്ത്യൻ സമൂഹത്തിന് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിൽ 5 തവണ മാത്രമേ ഡൽഹിയിൽ സമരം ചെയ്യേണ്ടി വന്നിട്ടുള്ളൂവെന്നും എന്നാൽ അന്നൊന്നും ഉന്നയിക്കാത്ത വിഷയങ്ങളുമായാണ് ഇപ്പോൾ വീണ്ടും സമരവുമായി തെരുവിലിറങ്ങേണ്ട അവസ്ഥയുണ്ടായിരിക്കുന്നതെന്നും അതിന് കാരണം വലിയ രീതിയിലുള്ള വിദ്വേഷാക്രമണങ്ങൾ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന് നേരിടേണ്ടി വരുന്നത് കൊണ്ടാണെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞത് പാംപ്ലാനി അറിഞ്ഞോ?
6 ആവശ്യങ്ങളാണ് ക്രൈസ്തവ സംഘടനകൾ പ്രക്ഷോഭത്തിലൂടെ മുന്നോട്ട് വച്ചത്
1 ക്രിസ്ത്യൻ മത നേതാക്കൾക്കും വിശ്വാസികൾക്കും നേരേയുള്ള ശാരീരികവും വാക്കാലുമുള്ള ആക്രമണങ്ങൾ തടയുക .
2 ക്രിസ്ത്യൻ പള്ളികൾ തീവച്ച് നശിപ്പിക്കുന്നത് തടയുക
3 പ്രാർത്ഥനാ ശുശ്രൂഷകൾ തടസപ്പെടുത്തുകയും മതപരമായ ഒത്തു ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ
4 നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനം നടത്തുന്നുവെന്ന തെറ്റായ ആരോപണത്തിനെതിരെ .
5 നിർബന്ധിതമായ രീതിയിൽ ഹിന്ദുമതത്തിലേക്കുള്ള ഘർ വാപ്പസി പരിവർത്തന ചടങ്ങുകൾക്കെതിരെ.
6 ആരാധനാലയങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അനുമതി നിഷേധിക്കലിനെതിരെ .
സമരം മാത്രമല്ല രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും ലോക് സഭ രാജ്യസഭ എം പിമാർക്കും അന്ന് ക്രൈസ്തവ സംഘടനകൾ നിവേദനം നൽകി. വംശഹത്യ പ്രത്യയ ശാസ്ത്രം അഥവാ വിചാരധാര ഉന്മൂലനം ചെയ്യപ്പെടേണ്ടവരിൽ രണ്ടാം പേരുകാരായി അടയാളപ്പെടുത്തിയിരിക്കുന്നവർ.. അവർ ജീവിക്കാൻ വേണ്ടി തെരുവിൽ പൊരുതിയത് ആർക്കെതിരെ എന്നറിയാമോ ബിഷപ്പുമാർക്ക്. നിങ്ങൾ കേരളത്തിൽ ആസനം താങ്ങുന്ന സംഘ പരിവാറിനെതിരെ.
മറ്റൊരു കാര്യം ശ്രദ്ധിച്ചോ….?
ആർ എസ് എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില മുസ്ലീം സംഘടനകളുമായി ആർ എസ് എസ് രഹസ്യ ചർച്ച നടത്തിയിരുന്നു . ആ ചർച്ചയിൽ ഉൾപ്പെട്ട മുസ്ലീം സംഘടനകളേതെങ്കിലും ക്രിസ്ത്യൻ സമൂഹത്തിൽ ആർ എസ് എസ് നടത്തുന്ന ആസൂത്രിത പദ്ധതികൾക്കെതിരെ ഒരു വാക്കെങ്കിലും മിണ്ടിക്കണ്ടോ? പാംപ്ലാനിമാരുടെ വിചാരധാര വെളുപ്പിക്കലിനെതിരെ എതിർത്തൊരക്ഷരം പറഞ്ഞോ? എന്തുകൊണ്ടാകും .. ?
പിൻകുറിപ്പ്:
കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ ആർ എസ് എസുകാരന്റെ കൈപ്പത്തി അറ്റ് പോയതിനെ യുവാവിന്റെ കൈപ്പത്തി അറ്റ് പോയെന്ന് വാർത്ത നൽകി ആർ എസ് എസുകാരന്റെ പൊളിടിക്കൽ ഐഡന്റിറ്റി മറച്ചു വച്ച മാധ്യമങ്ങളുടെ കൂട്ടത്തിൽ മീഡിയ വണ്ണുമുണ്ട്



